Connect with us

Kerala

കെ ബാബു വിഷയം രാഷ്ട്രീയകാര്യ സമിതി വിലയിരുത്തുമെന്ന് സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം: കെ ബാബുവിനെതിരായ വിജിലന്‍സ് കേസുകളുടെ എല്ലാ വശങ്ങളും കോണ്‍ഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി വിലയിരുത്തുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി വ്യക്തമായ നിലപാട് സ്വീകരിക്കുമെന്നും സുധീരന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മദ്യനയം ഗുണം ചെയ്തില്ലെന്ന് പറയുന്നത് അത് അട്ടിമറിക്കാന്‍ ശ്രമിച്ചവരാണെന്ന് അദ്ദേഹം ആരോപിച്ചു. നയം അട്ടിമറിക്കാന്‍ വേണ്ടിയാണ് ഇപ്പോള്‍ നടക്കുന്ന പ്രചാരവേലകള്‍. മദ്യനയത്തില്‍ മാറ്റം വരുത്താന്‍ ജനങ്ങളുടെ ഹിതപരിശോധന നടത്തുക മാത്രമാണ് പോംവഴിയെന്നും തട്ടിക്കൂട്ടി എന്തെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ വിഷയത്തിലും സൗമവധക്കേസില്‍ സര്‍ക്കാറിന് വീഴ്ച പറ്റിയെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. തെരുവുനായ വിഷയത്തിന്റെ ഗൗരവം കോടതിയെ ബോധ്യപ്പെടുത്താന്‍ സത്യവാങ്മൂലം ഭേദഗതി ചെയ്യണം. സൗമവധക്കേസില്‍ പരമാവധി ശിക്ഷ ഗോവിന്ദച്ചാമിക്ക് വാങ്ങിക്കൊടുക്കാന്‍ വിഷയം വീണ്ടും സുപ്രീംകോടതിയില്‍ സ്‌പെഷ്യല്‍ പ്രെയറായി അവതരിപ്പിക്കണമെന്നും സുധീരന്‍ പറഞ്ഞു.