Connect with us

Gulf

സുഗമമായ ഹജ്ജ്: ഹാജിമാര്‍ ഇന്ന് മിനയോട് വിടപറയും

Published

|

Last Updated

മിനാ: സുഗമവും സൗകര്യപ്രദവുമായി ഹജ്ജ് നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തോടെയും ആത്മസംതൃപ്തിയോടെയും അല്ലാഹുവിന്റെ അതിഥികള്‍ വ്യാഴാഴ്ച മിനാ താഴ്‌വരയോട് വിട പറയുന്നതോടെ ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് പരിസമാപ്തി കുറിക്കും. ഇതുവരെയുള്ള കര്‍മ്മങ്ങള്‍ സമാധാനത്തോടെ നിര്‍വ്വഹിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് ഹാജിമാര്‍.

ചൊവ്വാഴ്ചയും ബുധനാഴ്ചയും ഹാജിമാര്‍ക്ക് നിര്‍വ്വഹിക്കാനുണ്ടായിരുന്നത് മൂന്ന് ജംറകളിലെ കല്ലേറു കര്‍മ്മമായിരുന്നു. ജംറത്തുല്‍ ഊലാ, ജംറത്തുല്‍ വുസ്ഥാ, ജംറത്തുല്‍ അഖബാ എന്നീ ജംറകളില്‍ ഏഴു കല്ലുകള്‍ വീതമാണ് ഹാജിമാര്‍ എറിഞ്ഞത്. മധ്യാഹ്നം മുതലാണ് കല്ലേറിന്റെ സമയം. കല്ലെറിയല്‍ കഴിഞ്ഞ് തമ്പുകളില്‍ തിരിച്ചെത്തി നിസ്‌കരിച്ചും, ഖുര്‍ആന്‍ പാരായണം ചെയ്തും പ്രാര്‍ഥിച്ചും കഴിഞ്ഞു കൂടി.

ഓരോ രാജ്യങ്ങളില്‍ നിന്നുള്ള ഹാജിമാര്‍ക്ക് കല്ലേറു നിര്‍വ്വഹിക്കുന്നതിന് പ്രത്യേക സമയം അനുവദിച്ചിരുന്നു. എങ്കിലും മിനായില്‍ നല്ല ചൂട് അനുഭവപ്പെടുന്നതിനാല്‍ വൈകുന്നേരവും രാത്രിയുമാണ് അധികപേരും ജംറകളിലെത്തിയത്.

ആഭ്യന്തര തീര്‍ത്ഥാടകരടക്കം വലിയൊരു വിഭാഗം ബുധനാഴ്ച ഏറു പൂര്‍ത്തിയാക്കി അസ്തമയത്തിനു മുമ്പ് മിനായോടു വിട പറഞ്ഞു. വിദേശങ്ങളില്‍ നിന്നെത്തിയ തീര്‍ഥാടകര്‍ ഭൂരിപക്ഷവും മിനായില്‍ തന്നെയുണ്ട്. അവര്‍ വ്യാഴാഴ്ച കല്ലേറു കര്‍മം നിര്‍വ്വഹിച്ചയുടന്‍ മക്കയിലെ താമസ സ്ഥലങ്ങളിലേക്കു മടങ്ങും.

ജിസിസി രാജ്യങ്ങളില്‍ നിന്നെത്തിയ ഹാജിമാര്‍ ഇന്ന് മുതല്‍ സ്വരാജ്യങ്ങളിലേക്ക് മടക്കമാരംഭിച്ചു. സ്വകാര്യ ഗ്രൂപ്പുകളിലെത്തിയ ഹാജിമാര്‍ വരും ദിവസങ്ങളില്‍ മടങ്ങാന്‍ തുടങ്ങും. അതേസമയം, ഹജ്ജ് കമ്മറ്റി വഴി ഇന്ത്യയില്‍ നിന്നെത്തിയ തീര്‍ഥാടകരുടെ മടക്കം ഈ മാസം 17 മുതലാരംഭിക്കും.
മടങ്ങുന്നതിന് മുമ്പ് അവസാനമായി കഅബാലയത്തിലെത്തി “വിടവാങ്ങല്‍ ത്വവാഫ് ” നിര്‍വ്വഹിക്കും. ” ത്വവാഫുല്‍ വദാഇ” ന്റെ തിരക്കാണ് ഇപ്പോള്‍ മത്വാഫിലും പരിസരങ്ങളിലും അനുഭവപ്പെടുന്നത്.

Latest