Articles
വിദൂരത്തല്ല, വെടിയൊച്ചകള്‍ നിലക്കുന്ന സിറിയ
അഞ്ചര വര്‍ഷമായി തുടരുന്ന അതിരൂക്ഷമായ സിറിയന്‍ യുദ്ധത്തിന് വിരാമമിട്ടുകൊണ്ട് ഈ മാസം 15ന് അമേരിക്കയും റഷ്യയും വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പിട്ടിരിക്കുകയാണ്. ജനീവയില്‍ 13 മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചക്കൊടുവിലാണ് അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവും സമാധാന ഉടമ്പടിയില്‍ ഒപ്പുവെച്ചത്. വിമത കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തുന്നതില്‍ നിന്ന് സിറിയന്‍ ഭരണാധികാരി ബശാര്‍ അല്‍അസദിനെ പിന്തിരിപ്പിക്കാമെന്ന് റഷ്യയും അസദ് ഭരണകൂടത്തിനെതിരെയുള്ള യുദ്ധത്തില്‍ നിന്ന് വിമതരെ പിന്തിരിപ്പിക്കാമെന്ന് അമേരിക്കയും ധാരണയായതോടുകൂടിയാണ് കരാറിന് അന്തിമരൂപം നല്‍കിയത്.
സിറിയന്‍ ഭരണകൂടത്തിനെതിരായി പ്രധാനമായും കലാപം നയിക്കുന്ന ഫത്തഹ്അല്‍ശാമിനെ പിന്തിരിപ്പിക്കാമെന്ന ഉറപ്പ് അമേരിക്ക നല്‍കി. ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരതക്കെതിരെ യോജിച്ച പോരാട്ടങ്ങള്‍ നടത്താനും കരാറില്‍ ധാരണയുണ്ട്. കഴിഞ്ഞ ഈദ് ദിനമായ തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് കരാര്‍ പ്രാബല്യത്തില്‍ വന്നത്. അതിനെ തുടര്‍ന്ന് സിറിയയില്‍ വെടിയൊച്ച നിലച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ടുചെയ്യുന്നു. ഒരാഴ്ചത്തേക്കാണ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പുവെച്ചതെങ്കിലും ഇരു വിഭാഗങ്ങളും അത് നീട്ടാനുള്ള സാധ്യത ഉണ്ടെന്നാണ് വ്യക്തമാകുന്നത്. കുറേ വര്‍ഷങ്ങള്‍ക്കുശേഷം വെടിയൊച്ചകളും സംഘര്‍ഷങ്ങളുമില്ലാതെ സിറിയന്‍ ജനത ഈദാഘോഷിച്ചുവെന്നത് ഏറെ ആശ്വാസകരമായിട്ടുള്ളകാര്യം തന്നെ. ഈയൊരു സാഹചര്യം സൃഷ്ടിക്കുന്നതില്‍ റഷ്യക്കും സിറിയന്‍ സര്‍ക്കാറിനുമുള്ള പങ്ക് വളരെ പ്രധാനമാണ്. ഒരര്‍ഥത്തില്‍ അവരുടെ ഇടപെടലിന്റെ വിജയം കൂടിയാണ് ഈ വെടിനിര്‍ത്തല്‍ കരാര്‍.
അസദ് ഭരണകൂടത്തെ അട്ടിമറിക്കാന്‍ ഫ്രീസിറിയന്‍ ആര്‍മി രൂപപ്പെടുത്തിയതും അതിനായി അല്‍ഖാഇദയുടെ സിറിയന്‍ ഘടകമായ ജബ്ഹത്തുന്നുസ്‌റയുടെ സഹായം തേടിയതും അമേരിക്കയായിരുന്നല്ലോ. വിമത പോരാളികള്‍ക്ക് പരിശീലനം നല്‍കിയത് തുര്‍ക്കിയിലെ നാറ്റോ സൈനിക കേന്ദ്രങ്ങളിലുമായിരുന്നു. ഐക്യരാഷ്ട്ര സഭയുടെ ഇടപെടലും ജനഹിത പരിശോധനയും അസദ് സര്‍ക്കാറിന് അനുകൂലമായതോടെയാണ് ഫ്രീ സിറിയന്‍സേന ഇസിലുമായി ചേര്‍ന്ന് സിറിയയിലും ഇറാഖിലുമെല്ലാം രക്തപങ്കിലമായ കലാപം അഴിച്ചുവിട്ടത്. എണ്ണപ്രധാനമായ ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തി നഗരങ്ങള്‍ അവര്‍ കൈയടക്കിയതും അങ്ങനെയായിരുന്നു. അമേരിക്കയുടെയും നാറ്റോയുടെയും പിന്‍ബലത്തോടെ വളര്‍ന്നുവന്ന വിമതരാണ് ഇസിലിന്റെ സൈനിക അടിത്തറയായി മാറിയതെന്ന് വ്യക്തം. പതിനായിരക്കണക്കിന് നിരപരാധികളെ ബോംബ് സ്‌ഫോടനങ്ങളിലൂടെയും യുദ്ധാക്രമണങ്ങളിലൂടെയും വധിക്കുകയും ദശലക്ഷക്കണക്കിന് ആളുകളെ അഭയാര്‍ഥികളാക്കി അയല്‍ രാജ്യങ്ങളിലേക്ക് ഓടിക്കുകയുമാണ് ഇസില്‍ ചെയ്ത “മഹത്തായ” സംഭാവന.
അമേരിക്കന്‍ ഭരണകൂടം അടിച്ചേല്‍പ്പിച്ച നവലിബറല്‍ നയങ്ങളുടെയും അധിനിവേശ തന്ത്രങ്ങളുടെയും അനിവാര്യ ഫലമെന്നോണമാണ് ഇത്തരം ജനാധിപത്യവിരുദ്ധ വിധ്വംസക സംഘങ്ങള്‍ വളര്‍ന്നുവന്നത്. അതായത് അമേരിക്കന്‍ നയങ്ങളില്‍ അന്തര്‍ലീനമായ വൈരുധ്യങ്ങളുടെ വിഷമവൃത്തമാണ് ഇസ്‌ലാമിക് സ്റ്റേറ്റ് പോലുള്ള വിധ്വംസക ശക്തികളുടെ അഴിഞ്ഞാട്ടത്തിലൂടെ ലോകം ദര്‍ശിക്കുന്നത്. നിരവധി പഠനങ്ങള്‍ അനാവരണം ചെയ്തതുപോലെ അമേരിക്കയുള്‍പ്പെടെയുള്ള ചില രാജ്യങ്ങളുടെ ധനസഹായത്തോടെയാണ് മധ്യപൂര്‍വദേശത്തെ തീവ്രവാദശക്തികള്‍ എല്ലാം വളര്‍ന്നുവന്നിട്ടുള്ളത്. ഇസ്‌ലാമിക് സ്റ്റേറ്റും അതിന്റെ നേതാവായ അബൂബക്കര്‍ ബാഗ്ദാദിയും എണ്ണപ്രധാനമായ ഭൂപ്രദേശങ്ങള്‍ കൈയടക്കിയതോടെയാണ് ഇവര്‍ക്കെതിരെ ഒബാമ രംഗത്തുവരുന്നതെന്ന് പ്രത്യേകം ശ്രദ്ധിക്കണം. തങ്ങള്‍തന്നെ തുറന്നുവിട്ട ഭൂതം തങ്ങള്‍ക്കെതിരായി തിരിയുന്നുവെന്ന ഭയത്തില്‍ നിന്നാണ് സാമ്രാജ്യത്വ ശക്തികള്‍ ഇസില്‍ ഭീകരതയെക്കുറിച്ച് സംസാരിക്കാനും അതിനെതിരായി പോരാടാന്‍ എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന് ആഹ്വാനം ചെയ്യാനും തുടങ്ങിയത്.
സിറിയയില്‍ റഷ്യന്‍ സൈനിക ഇടപെടല്‍ ആരംഭിച്ച ഘട്ടത്തില്‍ തന്നെ റഷ്യന്‍ പ്രസിഡന്റ് പുടിന്‍ വിമതരുമായി സമാധാന ഉടമ്പടിയുണ്ടാക്കാന്‍ അമേരിക്ക മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ഒപ്പുവെച്ച കരാര്‍ നേരത്തെതന്നെ പുടിന്‍ മുന്നോട്ടുവെച്ച സമാധാനത്തിനുള്ള പദ്ധതിയാണ്. ഇസ്‌ലാമിക് സ്റ്റേറ്റിനെ നിലക്കുനിര്‍ത്താന്‍ സിറിയന്‍ സര്‍ക്കാറിനെ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ലോക ശക്തികള്‍ ഒന്നിച്ച് നില്‍ക്കുകയും ചെയ്യണമെന്നതായിരുന്നു പുടിന്റെ നിര്‍ദേശം. അതാണിപ്പോള്‍ അംഗീകരിക്കപ്പെട്ടിരിക്കുന്നത്. ഒരുവര്‍ഷം മുമ്പ് യു എന്‍ സഭയില്‍ പുടിന്‍ ഈയൊരു നിര്‍ദേശം മുന്നോട്ടുവെച്ചപ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ള വികസിത മുതലാളിത്ത രാജ്യങ്ങള്‍ അതിനനുകൂലമായ നിലപാട് സ്വീകരിക്കാന്‍ മടിച്ചുനില്‍ക്കുകയായിരുന്നു. അമേരിക്ക ഇസിലിനേക്കാള്‍ അസദ് സര്‍ക്കാരിനെതിരായ യുദ്ധത്തിലാണ് താല്‍പര്യം കാണിച്ചത്. അമേരിക്കയുടെ ഈ സമീപനം ഇസിലിനെ സഹായിക്കലാണെന്ന് റഷ്യയും ചൈനയുമെല്ലാം പരസ്യമായി തന്നെ തുറന്നടിച്ചു.
ബശാര്‍ അല്‍സദിനെപോലുള്ള ഭരണാധികാരികളെ നിലനിര്‍ത്തിയും അവര്‍ക്ക് ശക്തിനല്‍കിയും മാത്രമേ ഇസില്‍ ഭീകരവാദത്തെ പ്രതിരോധിക്കാനാകൂ. ഇന്ന് പശ്ചിമേഷ്യയിലും മധ്യപൂര്‍വദേശത്തും ഇസിലിനെ പോലുള്ള ഭീകരവാദപ്രസ്ഥാനങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടിയത് കേണല്‍ ഗദ്ദാഫിയെപോലുള്ള ഈ മേഖലയിലെ ശക്തരായ ഭരണാധികാരികളെ അമേരിക്കയുടെ താല്‍പര്യാര്‍ഥം ഇല്ലാതാക്കിയതാണെന്ന കാര്യം ആഗോള സമൂഹം തിരിച്ചറിയുന്നു. ഇറാനിലെയും ഈജിപ്തിലെയും ഇറാഖിലെയുംഅഫ്ഗാനിസ്ഥാനിലെയും ഭരണാധികാരികളെ അട്ടിമറിച്ച് രാഷ്ട്രങ്ങളുടെ സ്വതന്ത്ര പരമാധികാരത്തെ ചോദ്യം ചെയ്ത അമേരിക്കന്‍ നയങ്ങളാണ് ഈ മേഖലയില്‍ അരാജകത്വവും അവ്യവസ്ഥയും സൃഷ്ടിക്കുന്നതിന് ഏക കാരണം. ഇസിലിനും അമേരിക്കന്‍ പിന്തുണയുള്ള വിമതര്‍ക്കുമെതിരെ ഒരേ സമയം യുദ്ധം ചെയ്യുന്ന പുടിന്‍ തന്ത്രം സിറിയയില്‍ പ്രയോഗത്തില്‍ വന്നതോടെയാണ് ഒരു ഒത്തുതീര്‍പ്പ് ധാരണയിലേക്ക്, സമാധാന ഉടമ്പടിയിലേക്ക് അമേരിക്ക ഒപ്പുവെക്കാന്‍ തയ്യാറായത്.
റഷ്യന്‍ വ്യോമസേന ഇസില്‍ കേന്ദ്രങ്ങളെയും വിമത കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടതോടെ അസദ് ഭരണകൂടത്തിന് സ്വാധീനം വര്‍ധിപ്പിക്കാനും ഇസില്‍ സ്വാധീനത്തിലുള്ള സിറിയയിലെ ഏറ്റവും വലിയ നഗരമായ അലപ്പൊ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ നിയന്ത്രണത്തിലാക്കാനും കഴിഞ്ഞു. വിമതരെയും ഇസിലിനെയും ഒരേപോലെ ലക്ഷ്യംവെച്ച് അസദ് സര്‍ക്കാര്‍ നീങ്ങിയതോടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ഒപ്പിടാന്‍ അമേരിക്ക നിര്‍ബന്ധിതമായതെന്നുവേണം കരുതാന്‍. തീര്‍ച്ചയായും ഈയൊരു സാഹചര്യം സിറിയന്‍ മേഖലയില്‍ സമാധാന പുനഃസ്ഥാപനത്തിനുള്ള സാഹചര്യം ഒരുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സിറിയന്‍ സര്‍ക്കാറും വിമത കലാപകാരികളും കരാറിനെ സ്വാഗതം ചെയ്തിട്ടുണ്ട്.
സിറിയന്‍ സംഭവങ്ങളെ നിരീക്ഷിക്കുന്ന പല മാധ്യമങ്ങളും ചൂണ്ടിക്കാട്ടുന്നത് ശാശ്വത സമാധാനത്തിലേക്കുള്ള ചുവടുവെപ്പുതന്നെയാണ് ഈ കരാറെങ്കിലും അത് യാഥാര്‍ഥ്യമാകണമെങ്കില്‍ അമേരിക്കയും റഷ്യയും ഇരുവിഭാഗത്തില്‍ നിന്നും ഈ ഉറപ്പ് പാലിക്കാന്‍ അത്മാര്‍ഥമായ ശ്രമങ്ങള്‍ നടത്തണമെന്നാണ്. വിമതകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് സിറിയന്‍ ഭരണകൂടവും റഷ്യയും ഉറപ്പ് വരുത്തണം. ഇസിലിനും വിമതര്‍ക്കും അമേരിക്ക നല്‍കുന്ന രഹസ്യവും പരസ്യവുമായ എല്ലാ സഹായങ്ങളും അവസാനിപ്പിക്കുകയും വേണം. ഇസിലിനെതിരായ പോരാട്ടം എല്ലാവരുടെയും യോജിച്ച അജന്‍ഡയാകണം. വിമത കലാപകാരികള്‍ ഒരേകീകൃത സംഘടനയല്ലെന്ന കാര്യം പ്രതേ്യകം പരിഗണിക്കേണ്ടതുണ്ട്.
ആഗോള തലത്തിലുള്ള നിക്ഷിപ്ത താല്‍പര്യങ്ങളുടെ കൈകളില്‍ കളിക്കുന്ന തീവ്രവാദികളാണ് ഈ വിമത സംഘടനകളെല്ലാം. അല്‍ഖാഇദയുമായി ബന്ധം പുലര്‍ത്തുന്ന സംഘടനയാണ് ഫത്തഹ്അല്‍ശാം. അതേപോലെ മറ്റ് രണ്ട് സംഘടനകളും. ഈ സംഘടനകളുടെയെല്ലാം മുഖ്യശത്രു സിറിയന്‍ ഭരണകൂടം തന്നെയാണ്. അതുകൊണ്ടുതന്നെ ഇസിലിനെതിരായ യോജിച്ച പോരാട്ടത്തേക്കാള്‍ സിറിയന്‍ ഭരണകൂടത്തെയാണ് ഇവരെല്ലാം ലക്ഷ്യമായെടുക്കുന്നത്. അമേരിക്ക വിമതരെ സഹായിക്കുന്ന നിലപാട് സംശയരഹിതമായി അവസാനിപ്പിക്കണം. അതുപോലെ വിമത സംഘടനകള്‍ക്കെതിരായി തുറന്നപോരാട്ടത്തിന് സന്നദ്ധമാകുകയും വേണം. അല്ലാതെ ഈ മേഖലയില്‍ സമാധാനം ഉറപ്പുവരുത്താനാകില്ല. കരാറിലൂടെ തത്വത്തില്‍ ഇതെല്ലാം സമ്മതിച്ചിട്ടുണ്ടെങ്കിലും ഇതെത്രത്തോളം പ്രായോഗികമാകും എന്നതുതന്നെയാണ് ആശങ്ക ഉയര്‍ത്തുന്നത്. വിമതപക്ഷം അക്രമങ്ങള്‍ അവസാനിപ്പിക്കുന്നില്ലെങ്കില്‍ സിറിയന്‍ സര്‍ക്കാര്‍ അവര്‍ക്കെതിരായ ബോംബിംഗും ഉപേക്ഷിക്കുമെന്ന് കരുതാനാകില്ല. പുടിന്‍ മുന്നോട്ടുവെച്ച പദ്ധതി അംഗീകരിക്കേണ്ടിവന്ന സാഹചര്യം അമേരിക്കക്ക് ജാള്യതയായിട്ടുണ്ട്. അത് മറച്ചുവെക്കാന്‍ ഇസിലിനെതിരായ ആത്മാര്‍ഥമായ ശ്രമങ്ങള്‍ അമേരിക്കയുടെ ഭാഗത്തുനിന്നും ഉണ്ടാകുമോ എന്ന ആശങ്ക സിറിയന്‍ പ്രശ്‌നത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന പല വിദഗ്ധരും പങ്കുവെക്കുന്നുണ്ട്.