Kerala
ജിഷയെ കൊന്നത് അനാറുല്‍ ഇസ്ലാമാണെന്ന് അമീര്‍ കോടതിയില്‍
കൊച്ചി: ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും അനാറുല്‍ ഇസ്ലാമാണെന്നും പ്രതി അമീറുല്‍ ഇസ്ലാം. ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് അമീര്‍ കോടതിയില്‍ ഇക്കാര്യമറിയിച്ചത്. എന്നാല്‍ ഇപ്പോള്‍ ജാമ്യാപേക്ഷ മാത്രമാണ് പരിഗണിക്കുന്നതെന്ന് പറഞ്ഞ കോടതി അമീറിന്റെ മൊഴി രേഖപ്പെടുത്താന്‍ തയ്യാറായില്ല. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ജിഷയെ കൊലപ്പെടുത്തിയത് അനാറുല്‍ ഇസ്ലാമാണെന്ന് അമീറിന്റെ സഹോദരന്‍ ബദറുല്‍ നേരത്തെ പറഞ്ഞിരുന്നു.
അമീറുല്‍ ഇസ്ലാമിന് അനാറുല്‍ ഇസ്ലാമെന്ന സുഹൃത്ത് ഇല്ലെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. അതേസമയം അനാറുല്‍ ഇസ്ലാമിന്റെ പരോക്ഷമായ പ്രേരണമൂലമാണ് കൊലപാതകം എന്നായിരുന്നു നേരത്തെ അന്വേഷണ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് അനൗദ്യോഗികമായി പറഞ്ഞിരുന്നത്.
കേസില്‍ അന്വേഷ സംഘം സമര്‍പ്പിച്ച കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ പരിശോധന കോടതി പൂര്‍ത്തിയാക്കിയിരുന്നു. 195 സാക്ഷികളുടെ പട്ടികയും 125 രേഖകളും ആയുധമടക്കം 75 തൊണ്ടി സാധനങ്ങളും കോടതി പരിശോധിച്ചു.