Connect with us

International

കശ്മീരികളുടെ പോരാട്ടത്തെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍

Published

|

Last Updated

ന്യൂയോര്‍ക്ക്: കശ്മീര്‍ ജനതയുടെ സ്വയംനിര്‍ണയാവകാശത്തെ അംഗീകരിക്കുന്നുവെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ്. യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കശ്മീരില്‍ ഇന്ത്യ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്ന് നവാസ് ഷരീഫ് ആരോപിച്ചു. കശ്മീരിലെ ജനങ്ങള്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നു. നിഷ്‌കളങ്കരായ കശ്മീരികളെ ഇന്ത്യ കൊന്നൊടുക്കുകയാണ്. ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളുടെ തെളിവുകള്‍ യുഎന്‍ സെക്രട്ടറി ജനറലിന് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു.

വിദേശശക്തികള്‍ പിന്തുണക്കുകയും വളര്‍ത്തുകയും ചെയ്ത ഭീകരവാദത്തിന്റെ പ്രധാന ഇരയാണ് പാക്കിസ്ഥാനെന്ന് നവാസ് ഷരീഫ് പറഞ്ഞു. ഭീകരവാദം ഒരു ആഗോളപ്രശ്‌നമാണ്. ഇതിനെ ചെറുക്കാന്‍ കൂട്ടായ ശ്രമം ആവശ്യമാണ്.

ഇന്ത്യയുമായി സമാധാനപൂര്‍ണമായ ബന്ധമാണ് പാക്കിസ്ഥാന്‍ ആഗ്രഹിക്കുന്നത്. ഇതിനായുള്ള എല്ലാവിധ ശ്രമവും പാക്കിസ്ഥാന്‍ നടത്തിയിട്ടുണ്ട്. കശ്മീര്‍ പ്രശ്‌നം പരിഹരിക്കാതെ ഇന്ത്യയുമായി സമാധാനം സ്ഥാപിക്കാനാവുമെന്ന് കരുതുന്നില്ല. ഭീകരതയെ ചെറുക്കാന്‍ കഴിയുന്നതെല്ലാം പാക്കിസ്ഥാന്‍ ചെയ്യുന്നുണ്ടെന്നും നവാസ് ഷരീഫ് അവകാശപ്പെട്ടു.

കശ്മീര്‍ പ്രശ്‌നം പരിഹരിക്കാന്‍ പാക്കിസ്ഥാന്‍ ഇപ്പോഴും തയ്യാറാണ്. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട ഒരു ചര്‍ച്ചക്കും ഇന്ത്യ തയ്യാറല്ല. അസ്വീകാര്യമായ നിര്‍ദേശങ്ങള്‍ നിരത്തി ചര്‍ച്ചകള്‍ ഉഴപ്പിക്കളയുന്നത് ഇന്ത്യയാണ്. പാക്കിസ്ഥാന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനല്ല ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സമാധാനം ഉണ്ടാക്കാനാണ് ചര്‍ച്ച വേണമെന്ന് പറയുന്നതെന്നും നവാസ് ഷരീഫ് പറഞ്ഞു.