Connect with us

Kerala

ജിഷ വധക്കേസ്: വിചാരണ അട്ടിമറിക്കാന്‍ ശ്രമമെന്ന് എസ്പി ഉണ്ണിരാജന്‍

Published

|

Last Updated

കൊച്ചി: ജിഷ വധക്കേസ് വിചാരണ അട്ടിമറിക്കാന്‍ ഗൂഢശ്രമമെന്ന് അന്വേഷണ സംഘം തലവന്‍ എസ്പി. പിഎന്‍ ഉണ്ണിരാജന്‍. അതിനാലാണ് അമീറുല്‍ ഇസ്ലാം അനാറുല്‍ ഇസ്‌ലാമിന്റെ പേരുപറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമീര്‍ ഉല്‍ ഇസ്ലാം തനിച്ചാണ് കൊല നടത്തിയതെന്ന് കണ്ടെത്തിയത് ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കൊലപാതകത്തിന് ശേഷം അമീറുല്‍ തന്നെ വന്നു കണ്ടുവെന്നാണ് സഹോദരന്‍ ബദറുല്‍ ഇസ്‌ലാം രഹസ്യമൊഴി നല്‍കിയത്. അപ്പോഴൊന്നും അനാറുലിന്റെ പേര് പറഞ്ഞിട്ടില്ല. അനാറുല്‍ എന്നൊരു വ്യക്തിയുണ്ട്. പക്ഷേ ഇയാള്‍ പ്രതിയുടെ സുഹൃത്തല്ല.

അമീര്‍ പറഞ്ഞ സ്ഥലത്തൊന്നും അനാര്‍ താമസിച്ചിട്ടില്ല. അസമില്‍പോയ അന്വേഷണ സംഘം അനാറിനെ കണ്ടെത്തിയിരുന്നു. എന്നാല്‍ ജനുവരി പതിനഞ്ചിന് ശേഷം ഇയാള്‍ അസമില്‍ത്തന്നെയായിരുന്നു എന്നതിനും ശാസ്ത്രീയ തെളിവുകളുണ്ടെന്നും എസ്പി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം അമീറിന്റെ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴായിരുന്നു താനല്ല അനാറാണ് കൊലപാതകം നടത്തിയതെന്ന് അമീറുല്‍ ഇസ്ലാം പറഞ്ഞത്. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ഇത്തരം മൊഴിക്ക് പ്രസക്തിയില്ലാത്തതിനാല്‍ അത് രേഖപ്പെടുത്താന്‍ കോടതി തയ്യാറായിരുന്നില്ല.