Connect with us

Gulf

വാഹനഭാഗങ്ങള്‍ ഉപയോഗപ്പെടുത്തി നൂതന ലൈബ്രറിയുമായി നഗരസഭ

Published

|

Last Updated

ദുബൈ നഗരസഭ ഒരുക്കിയ ഗ്രന്ഥശാല

ദുബൈ: ഉപേക്ഷിക്കപ്പെടുന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ ഉപയോഗിച്ചുള്ള ആദ്യത്തെ ഗ്രന്ഥശാല ദുബൈ നഗരസഭ ഒരുക്കിയതായി ഗതാഗത വിഭാഗം മേധാവി ഉമൈദ് അല്‍ മര്‍റി അറിയിച്ചു.
വിവിധ തരം വാഹനങ്ങളുടെ ഉപയോഗ്യമല്ലാത്ത ഭാഗങ്ങള്‍ക്കൊപ്പം നഗരസഭ ഒഴിവാക്കിയ ഉപകരണങ്ങളും ഉപയോഗിച്ചാണ് നൂതന ലൈബ്രറിക്ക് രൂപം നല്‍കിയിരിക്കുന്നത്. ഒക്‌ടോബറില്‍ ഇത് ഉദ്ഘാടനം ചെയ്യും. വിവിധ ഭാഷകളിലുള്ള പുസ്തകങ്ങള്‍ ഗ്രന്ഥശാലയില്‍ ലഭ്യമായിരിക്കും. കൂടുതല്‍ പുസ്തകങ്ങളും രാജ്യത്തിന്റെ ഔദ്യോഗികസ ഭാഷയായ അറബിയിലുള്ളവയാണ്. ഈ വര്‍ഷം വായാനവര്‍ഷമായി യു എ ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ പ്രഖ്യാപിച്ചതിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ഇത്തരം ഒരു ഗ്രന്ഥശാല. നൂതനമായ ആശയമാണ് വാഹന ഭാഗങ്ങളുടെ സംയോജനംകൊണ്ട് സാധ്യമായത്. ഖര മാലിന്യങ്ങളുടെ പുനരുപയോഗം സാധ്യമാക്കുക വഴി പരിസ്ഥിതി സൗഹൃദ പദ്ധതിയുമാണ്. പൈതൃകമായ രൂപ ഘടനയാണ് അവലംബിച്ചിരിക്കുന്നത്. പഴയകാലത്ത് തദ്ദേശീയര്‍ കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരുന്ന ബുര്‍ജീല്‍ (കാറ്റിന് വേണ്ടിയുള്ള ടവര്‍)മാതൃകയിലാണ് പുസ്തക ശേഖരം ഒരുക്കുക. ഇത് കറങ്ങുന്ന ഒന്നായിരിക്കും. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ എന്റെ ദര്‍ശനം എന്നപുസ്തകവും രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാനെ കുറിച്ചുള്ളതും, ഷാര്‍ജ ഭരണാധികാരി ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയെ കുറിച്ചുള്ളതുമായ രണ്ട് പുസ്തകങ്ങളും ഇവിടെ ഉണ്ടായിരിക്കും. വായിക്കാനുള്ള ഇരിപ്പിടങ്ങളും വാഹനങ്ങളുടെ സീറ്റ്‌കൊണ്ട് നിര്‍മിച്ചവയാണെന്നും ഉമൈദ് അല്‍ മര്‍റി പറഞ്ഞു.

Latest