Kerala
വെള്ളാപ്പള്ളിയുടെയും തുഷാറിന്റെയും പ്രസ്താവനക്ക് പിന്നില്‍ ദ്വിമുഖ തന്ത്രം
ആലപ്പുഴ: എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ബി ജെ പി വിരുദ്ധ പരാമര്‍ശങ്ങള്‍, പാര്‍ട്ടി നേതൃത്വത്തെ സമ്മര്‍ദത്തിലാക്കി മകന് സ്ഥാനമാനങ്ങള്‍ നേടിക്കൊടുക്കുകയെന്ന ലക്ഷ്യത്തോടെയെന്ന് വിലയിരുത്തല്‍. സി പി എമ്മിനെയും മുഖ്യമന്ത്രി പിണറായി വിജയനെയും അനുനയിപ്പിക്കുന്നതിന് പിന്നില്‍ ബി ജെ പിയോടുള്ള അമര്‍ഷം പ്രകടമാക്കുന്നതിനപ്പുറം, മൈക്രോഫൈനാന്‍സ് തട്ടിപ്പുള്‍പ്പെടെ തനിക്കെതിരെയുള്ള കേസുകള്‍ മരവിപ്പിക്കുകയെന്ന തന്ത്രം കൂടിയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരേസമയം, ബി ജെ പിയെ സമ്മര്‍ദത്തിലാക്കിയും സി പി എമ്മിനെ അനുനയിപ്പിച്ചും നേട്ടം കൊയ്യുകയെന്ന ദ്വിമുഖ തന്ത്രമാണ് വെള്ളാപ്പള്ളി പയറ്റുന്നത്. ബി ജെ പിയുമായിട്ടുളള ബന്ധം ബി ഡി ജെ എസിന് നഷ്ടക്കച്ചവടമാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്‍ തുറന്നടിക്കുമ്പോള്‍ അച്ഛനെ തിരുത്തി, പാര്‍ട്ടിയുടെ അധ്യക്ഷനായ മകന്‍ തുഷാര്‍ വെളളാപ്പളളി രംഗത്ത് വന്നത് രാഷ്ട്രീയത്തിനപ്പുറം ഇരുവരും തമ്മിലുളള ഒത്തുകളിയാണെന്ന് ഇതിനകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. ബി ജെ പി സഖ്യത്തിലെത്തിയ ബി ഡി ജെ എസിന് അണികളെയെന്ന പോലെ നേതാക്കളെയും പിടിച്ചു നിര്‍ത്താന്‍ കേന്ദ്രത്തില്‍ സ്ഥാനമാനങ്ങള്‍ ലഭിച്ചേ മതിയാകൂ.ബി ജെ പിയെ പിണക്കാതെ മുന്നോട്ട് പോയാലേ ഇത് നേടിയെടുക്കാനാകൂ എന്ന തിരിച്ചറിവിലാണ് തുഷാര്‍. എന്നാല്‍ മൈക്രോഫൈനാന്‍സ് തട്ടിപ്പ് അടക്കം നിലനില്‍ക്കുന്ന നിരവധി കേസുകളില്‍ നിന്ന് തലയൂരലാണ് വെളള്ളാപ്പളളിക്ക് പ്രധാനം. അതിനായി സി പി എമ്മിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും പിന്തുണക്കുക എന്നതാണ് വെളളാപ്പളളി നടത്തിവരുന്നത്. കേരളം കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിയെന്ന പട്ടം പോലും പിണറായിക്ക് ചാര്‍ത്തിക്കൊടുക്കാന്‍ വെള്ളാപ്പള്ളി തയ്യാറാകുന്നത് ഇതിന്റെ ഭാഗമായാണ്. ബി ജെ പി നേതൃത്വം വാഗ്ദാനം ചെയ്ത സ്ഥാനമാനങ്ങള്‍ കേന്ദ്രസര്‍ക്കാറില്‍ നിന്നും ലഭിക്കാത്തതിന്റെ പേരില്‍ ഇവരുമായുളള ബന്ധം പുനപ്പരിശോധിക്കേണ്ടി വരുമെന്ന് വെളളാപ്പളളി നടേശന്‍ പറയുമ്പോള്‍, പരാതികള്‍ ഉണ്ടെങ്കിലും ബി ജെ പിയുമായി ഭിന്നതയില്ലെന്നാണ് പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെളളാപ്പളളി വ്യക്തമാക്കുന്നത്. രാജ്യസഭയിലേക്ക് തുഷാറിനെ പരിഗണിക്കുമെന്നും കേന്ദ്രസഹമന്ത്രി സ്ഥാനം നല്‍കുമെന്നും കേന്ദ്രസര്‍ക്കാരിന്റെ 18-ഓളം ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാനങ്ങളില്‍ ചെയര്‍മാന്‍ പദവി പാര്‍ട്ടിക്ക് നല്‍കുമെന്നുമെല്ലാം ഉറപ്പ് നല്‍കിയിരുന്നെങ്കിലും അതൊന്നും ബി ജെ പി പാലിച്ചില്ല. കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലക്ക് ശ്രീനാരായണഗുരുവിന്റെ പേര് നല്‍കണമെന്ന എസ് എന്‍ ഡി പി യോഗത്തിന്റെ ആവശ്യവും ഇതേവരെ പരിഗണിച്ചിട്ടില്ല. അതേസമയം, ബി ഡി ജെ എസുമായുള്ള ബന്ധത്തില്‍ സംസ്ഥാന ബി ജെ പി നേതൃത്വത്തിനുള്ള താത്പര്യക്കുറവ് ഒരളവോളം, സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍, യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശന്റെ നിലപാടില്ലായ്മയാണ് സ്ഥാനമാനങ്ങള്‍ നല്‍കുന്നതില്‍ നിന്നും ബി ജെ പിയെ പിന്നോട്ട് വലിക്കുന്നതെന്നും എന്‍ ഡി എ മുന്നണിക്കൊപ്പം ശക്തമായി നില്‍ക്കുമെന്ന ഉറപ്പ് നല്‍കാന്‍ പോലും പാര്‍ട്ടിക്ക് ഇനിയും കഴിയാത്തത് ദേശീയ നേതൃത്വത്തിന് തന്നെ സംശയത്തിനിടയാക്കിയിട്ടുണ്ടെന്നും ബി ഡി ജെ എസിലെ ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. തുഷാര്‍ വെളളാപ്പളളിയുടെ ഇഷ്ടത്തിനനുസരിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോകുന്നത്.പാര്‍ട്ടി രൂപവത്കരിച്ച ശേഷം നടന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ എന്‍ ഡി എ ഘടകകക്ഷിയായി 40ഓളം സീറ്റുകളില്‍ മത്സരിച്ചെങ്കിലും എവിടെയും രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ സാധിച്ചിരുന്നില്ല.തിരഞ്ഞെടുപ്പിന് ശേഷം നിശ്ചലാവസ്ഥയിലായ പാര്‍ട്ടിയെ, യോഗം ജനറല്‍സെക്രട്ടറിക്കെതിരെ ചാര്‍ജ് ചെയ്യപ്പെട്ട മൈക്രോഫൈനാന്‍സ് തട്ടിപ്പ് കേസുകള്‍ കൂടുതല്‍ ദുര്‍ബലപ്പെടുത്തി.ഇത് തിരിച്ചറിഞ്ഞ ബി ജെ പി സംസ്ഥാന നേതൃത്വം സഖ്യകക്ഷിയെന്ന പരിഗണന പോലും ബി ഡി ജെ എസിന് നല്‍കുന്നതിനോട് വിമുഖത കാണിക്കുകയായിരുന്നു. അതേസമയം കോഴിക്കോട് ബി ജെ പി ദേശീയ കൗണ്‍സിലില്‍ തന്നെ കേന്ദ്രത്തില്‍ നല്‍കുന്ന സ്ഥാനമാനങ്ങള്‍ സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ബി ഡി ജെ എസ് നേതൃത്വം.