Connect with us

Kerala

ജിഷ വധം: കുറ്റപത്രത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലുമായി പോലീസ്

Published

|

Last Updated

കൊച്ചി: പെരുമ്പാവൂരിലെ നിയമ വിദ്യാര്‍ഥിനി ജിഷ കൊല്ലപ്പെട്ട കേസില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. കുറ്റപത്രത്തിന്മേല്‍ ഇന്ന് പ്രാഥമിക വിചാരണ നടക്കാനിരിക്കെ കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആറിലും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ നല്‍കിയ വിശദീകരണത്തിലും തിരുത്തലും കൂട്ടിച്ചേര്‍ക്കലുകളുമായി പോലീസ് വീണ്ടും കോടതിയെ സമീപിച്ചു. എഫ് ഐ ആറില്‍ കേസ് രജിസ്റ്റര്‍ ചെയ്ത തീയതിയും സമയവും തെറ്റായി രേഖപ്പെടുത്തിയതാണ് കാരണം. ജിഷ മരിച്ചത് ഏപ്രില്‍ 28നായിരുന്നുവെങ്കിലും എഫ് ഐ ആര്‍ റിപ്പോര്‍ട്ടില്‍ ഏപ്രില്‍ 29ന് 3.02ന് മരിച്ചുവെന്നാണ് രേഖപ്പെടുത്തിയത്. 28ന് തന്നെ അയല്‍ക്കാരന്റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. അതുപോലെ തന്നെ ജിഷയുടെ വലത് തോളെല്ലിലേറ്റ മുറിവ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ നല്‍കിയ വിശദീകരണത്തില്‍ ചേര്‍ക്കാന്‍ വിട്ടതായും ഇത് ടൈപ്പ് ചെയ്യുമ്പോഴുണ്ടായ പിശകാണെന്നും പോലീസ് കോടതിയില്‍ പറഞ്ഞിട്ടുണ്ട്.
ഇക്കാര്യം സ്ഥിരീകരിച്ചുകൊണ്ട് ഡോക്ടര്‍മാരുടെ കത്തും കോടതിക്ക് നല്‍കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതിയുടെ ശരീരത്തിലെ മുറിവിന്റെ ഭാഗം രേഖപ്പെടുത്തുന്നതില്‍ തെറ്റ് കടന്നുകൂടിയെന്നും കോടതിയെ പോലീസ് അറിയിച്ചു.
കുറ്റപത്രത്തിന്മേലുള്ള പ്രാഥമിക വാദം ഇന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നടക്കാനിരിക്കെയാണ് പോലീസ് തിരുത്തുമായി രംഗത്തു വന്നത്. കഴിഞ്ഞ ഇരുപതിന് കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിന് പിന്നാലെ ജിഷ വധത്തിലെങ്കിലും പോലീസ് കുറ്റപത്രവും തെളിവുകളും കുറ്റമറ്റതാക്കണമെന്നുള്ള ആവശ്യം ഉയരുന്നതിനിടെയാണ് അന്വേഷണ സംഘത്തിന്റെ ഭാഗത്ത് നിന്നും ഇത്തരത്തില്‍ ഗുരുതരമായ കൃത്യവിലോപങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ജിഷയെ കൊലപ്പെടുത്തിയത് താനല്ലെന്നും തന്റെ സുഹൃത്തായ അനാറുല്‍ ഇസ്‌ലാം ആണെന്നും പ്രതി അമീറുല്‍ ഇസ്‌ലാമും അമീറിന്റെ സഹോദരന്‍ ബഹറുല്‍ ഇസ്‌ലാമും വെളിപ്പെടുത്തിയതും അനാര്‍ എന്നൊരു സുഹൃത്ത് പ്രതി അമീറുല്‍ ഇസ്‌ലാമിനില്ലെന്നുള്ള അന്വേഷണ ഉദ്യോഗസ്ഥന്റെ പ്രസ്താവനകളും കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
ജാമ്യക്കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയപ്പോഴായിരുന്നു താനല്ല കൊലപാതകം നടത്തിയതെന്ന് അമീര്‍ ജഡ്ജിയോട് പറഞ്ഞത്. അമീര്‍ അറസ്റ്റിലായപ്പോള്‍ അനാറിന്റെ പങ്ക് സൂചിപ്പിച്ച് മൊഴി നല്‍കുകയും ഇതനുസരിച്ച് അന്വേഷണ സംഘം ഇയാളെ കണ്ടെത്തുകയും ചെയ്തിരുന്നു. അനാറിന് സംഭവത്തില്‍ പങ്കില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് അടുത്ത വിവാദത്തിന് വഴി വെച്ച് എഫ് ഐ ആറിലെയും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്മേല്‍ നല്‍കിയ വിശദീകരണത്തിലും തിരുത്തലുകളും കൂട്ടിച്ചേര്‍ക്കകളും. സാങ്കേതിക പിഴവാണ് തെറ്റിന് കാരണമായതെന്നാണ് പോലീസ് നല്‍കിയ വിശദീകരണം. വിചാരണാ വേളയില്‍ ഇതു തിരിച്ചടിയാകാതിരിക്കാന്‍ തെറ്റുകള്‍ തിരുത്തി വായിക്കണമെന്നും പോലീസ് കോടതിയില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. തെറ്റ് കണ്ടെത്തിയത് കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ച് ഒരാഴ്ചക്ക് ശേഷമായിരുന്നുവെന്നും പോലീസ് കോടതിയില്‍ അറിയിച്ചിട്ടുണ്ട്.
1500 ഓളം പേജുള്ള കുറ്റപത്രത്തില്‍ കൊലപാതകം, ബലാത്സംഗം, പട്ടികജാതി, വര്‍ഗ പീഡനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. ഇന്ന് നടക്കുന്ന പ്രാഥമിക വിചാരണയില്‍ ഏതൊക്കെ കേസുകള്‍ നിലനില്‍ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിക്കും. പ്രതിയുടെ ഭാഗവും കേട്ട ശേഷമായിരിക്കും കുറ്റം ചുമത്തുക.

Latest