Gulf
അവകാശ സംരക്ഷണം; 1,000 പ്രവാസി തൊഴിലാളികള്‍ പഠനം പൂര്‍ത്തിയാക്കി
ദുബൈ; ദുബൈ തൊഴിലാളി ക്ഷേമ സ്ഥിര സിമിതി വിവിധ സര്‍ക്കാര്‍ ഡിപ്പാര്‍ട്‌മെന്റുകളും ചേര്‍ന്ന് ദുബൈയിലെ 1,000 പ്രവാസി തൊഴിലാളികള്‍ക്ക് തൊഴില്‍ശക്തിയെ കുറിച്ചും മറ്റുള്ളവരെ ബോധവത്കരിക്കേണ്ടതിനെകുറിച്ചുമുള്ള ക്ലാസ് നല്‍കി. രാജ്യത്തെ നിയമങ്ങളും തൊഴില്‍പരമായ അവകാശ സംരക്ഷണവും ക്ലാസില്‍ വിഷയീഭവിച്ചു.
2014 ഡിസംബറില്‍ ദുബൈ കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം തുടക്കം കുറിച്ച “നഗരത്തെ വാര്‍ത്തെടുക്കുന്നവര്‍” എന്ന സംരംഭത്തിലെ ഓറഞ്ച് ടീമാണ് തൊഴിലാളികള്‍ക്കാവശ്യമായ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയതെന്ന് തൊഴിലാളി ക്ഷേമ സ്ഥിര കമ്മിറ്റി ചെയര്‍മാന്‍ മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ സുറൂര്‍ പറഞ്ഞു.
ജീവനക്കാര്‍ക്ക് യഥാവിധി ശമ്പളവും ആനുകൂല്യങ്ങളും ലഭ്യമാകുന്നുണ്ടോയെന്ന് വ്യക്തമാകാന്‍ വേതന നിരീക്ഷണം അടക്കമുള്ള സംവിധാനം ഓറഞ്ച് ടീം ആണ് വികസിപ്പിച്ചെടുത്തത്. ഇതിലൂടെ തൊഴിലാളിക്ക് എത്രമാത്രം ആനുകൂല്യം കമ്പനികള്‍ നല്‍കുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിയും. അര്‍ഹിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളുമാണോ ലഭ്യമാകുന്നതെന്ന് വ്യക്തമാകും. തൊഴില്‍ സ്ഥലത്തെ തര്‍ക്കങ്ങളും ചൂഷണവും അവസാനിപ്പിക്കാനും ടീമിന്റെ പ്രവര്‍ത്തനംകൊണ്ട് സാധിച്ചു.
ദുബൈ കോടതി, ദുബൈ പോലീസ്, തൊഴിലാളി ക്ഷേമ സ്ഥിര കമ്മിറ്റി, മാനവ വിഭവശേഷി-സ്വദേശീയവത്കരണ മന്ത്രാലയം എന്നിവര്‍ ചേര്‍ന്ന സംയുക്ത സംഘമാണ് ഓറഞ്ച് ടീം. പ്രവാസി തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ സമഗ്രമായി വിലയിരുത്തുകയാണ് ലക്ഷ്യം. ഏകീകൃത ആശയ വിനിമയ പരിപാടി, ഏകീകൃത തര്‍ക്ക പരിഹാര കേന്ദ്രം തുടങ്ങിയവയും ഓറഞ്ച് ടീമിന്റെ ലക്ഷ്യമാണ്.
തൊഴിലാളികള്‍ക്ക് അര്‍ഹമായ അവകാശ സംരക്ഷണം നല്‍കി അനുകൂലമായ തൊഴില്‍ സാഹചര്യം ദുബൈയില്‍ ഒരുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് മേജര്‍ ജനറല്‍ ഉബൈദ് മുഹൈര്‍ സുറൂര്‍ വ്യക്തമാക്കി. ക്ലാസുകള്‍ നല്‍കിയതിലൂടെ രാജ്യത്തെ തൊഴില്‍ നിയമത്തെ കുറിച്ച് തൊഴിലാളികള്‍ക്ക് വ്യക്തമായ ധാരണയുണ്ടായതായും ഇതോടെ ചൂഷണങ്ങളിലും മറ്റും തൊഴിലാളികള്‍ പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആവശ്യമായ ക്ലാസുകള്‍ക്ക് തൊഴിലാളികള്‍ക്ക് നല്‍കാനായി മിഡില്‍ ഈസ്റ്റ് സെന്റര്‍ ഫോര്‍ ട്രെയ്‌നിംഗ് ആന്‍ഡ് ഡവലപ്‌മെന്റുമായി ചേര്‍ന്ന് ദുബൈയില്‍ തൊഴിലാളി ക്ഷേമ സ്ഥിര കമ്മിറ്റി പരിശീലന കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്. മിഡില്‍ ഈസ്റ്റ് സെന്റര്‍ ഫോര്‍ ട്രെയ്‌നിംഗ് ആന്‍ഡ് ഡവലപ്‌മെന്റ് ഡയറക്ടര്‍ ഡോ. അഹ്മദ് അല്‍ ഹാശിമി പ്രാഥമികമായ ബോധവത്കരണ ക്ലാസുകളെ കുറിച്ച് വിശദീകരിച്ചു. 1000 തൊഴിലാളികളെ ഉള്‍പെടുത്തി ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളിലായി 13 പരിശീലന സെഷനുകളാണ് നടത്തിയത്. പരിശീലനത്തിന് ശേഷം തൊഴിലാളികള്‍ക്കിടയില്‍ നടത്തിയ വിശകലനത്തില്‍ 90.57 ശതമാനം പേര്‍ക്കും ക്ലാസ് വളരെയധികം പ്രയോജനകരമായതായി കണ്ടെത്തി.