Palakkad
ചുട്ടിയിലും കോപ്പിലും ശ്രദ്ധേയനായി കലാമണ്ഡലം സതീശന്‍
പട്ടാമ്പി; കഥകളിയിലെ ചുട്ടിയിലും കോപ്പിലും തന്റെതായ ഇടം ഉണ്ടാക്കിയ വ്യക്തിത്വമാണ് ആറങ്ങോട്ടുകരയിലെ എ ടി എം സതീശന്‍. മലപ്പുറം ജില്ലയിലെ തവനൂരിലെ മറവഞ്ചേരി തെക്കേമനയില്‍ ശങ്കരനാരായണന്‍ നമ്പൂതിരിയുടെയും പാര്‍വതി അന്തര്‍ജ്ജനത്തിന്റെയും മകനായി ജനിച്ച സതീശന് ചെറുപ്പം മുതലേ കഥകളിയോടായിരുന്നു താത് പര്യം. പിതാവ് നാരായണന്‍ നമ്പൂതിരി പഴയകാല സിനിമാനടനായിരുന്നു.
സുഹൃത്ത്, നിധി, മണ്ണിന്റെ മാറില്‍,അശ്വത്ഥമാവ എന്നി സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. മാതാവ് നര്‍ത്തകിയായിരുന്നു. സതീശന്റെ കുട്ടിക്കാലത്ത് മാതാവ് മരമപ്പെട്ടു. പിന്നീട് സതീശന്റെ കുടുംബം ആറങ്ങോട്ടുകരയിലേക്ക് താമസം മാറ്റുകയായിരുന്നു. പത്താം ക്ലാസ് പഠനത്തിന് ശേഷം സതീശന്‍ കേരള കലാമണ്ഡലത്തില്‍ ചേര്‍ന്ന ചുട്ടിയും കോപ്പ് പണിയും പഠിച്ചശേഷം കലാമണ്ഡലത്തില്‍ തന്നെ കേന്ദ്ര സ്‌കോളര്‍ഷിപ്പോടെ പി ജി ചെയ്തു. ആദ്യകാലങ്ങളില്‍ കലാമണ്ഡലത്തിലെ വിദ്യാര്‍ഥികളുടെ അരങ്ങേറ്റത്തിന് ചുട്ടി കുത്തി കൊണ്ടായിരുന്നു തുടക്കം. പിന്നീട് കഥകളി രംഗത്ത് പ്രശസ്തരായ കലാമണ്ഡലം കൃഷ്ണന്‍നായര്‍, കലാമണ്ഡലം രാമന്‍കുട്ടി, കലാമണ്ഡലം പത്മനാഭന്‍ നായര്‍, പത്മശ്രീ മടവൂര്‍ വാസുദേവന്‍, കലാമണ്ഡലം ഗോപി, ശങ്കരന്‍കുട്ടി പണിക്കര്‍, കാവുങ്കല്‍ ചാത്തുണ്ണിപണിക്കര്‍ തുടങ്ങിയ ആശാന്‍മാര്‍ക്കെല്ലാം സതീശന്‍ ചുട്ടി കുത്തി, പ്രശസ്ത സിനിമാനടന്‍മാരായ പത്മശ്രീ മോഹന്‍ലാല്‍, വിനീത് എന്നിവര്‍ക്കും സതീശന്‍ ചുട്ടികുത്തിയിട്ടുണ്ട്. വേഷത്തിനുസരിച്ച് ചൂട്ടികുത്താന്‍ സമയമെടുക്കും. അരമണിക്കൂര്‍ മുതല്‍ രണ്ട് മണിക്കൂര്‍ സമയം വരെ ഇത് നീളും. ചുട്ടികുത്തലിന് പുറമെ കഥകളിയുടെ കരിമുടി, കിരീടം, കൃഷ്ണമുടി, വട്ടമുടി, ഹനുമാന്‍, കുട്ടിച്ചാമരം, താടിവേഷങ്ങള്‍ എന്നിവ സതീശന്‍ നിര്‍മിക്കുന്നു. കുടിയാട്ടവുമായി ബന്ധപ്പെട്ട കിരീടത്തിന്റെയും മറ്റുജോലികളും എടക്കയുടെ പെടുപ്പിന്റെ നിര്‍മാണവും ഈ കലാകാരന്റെ വിരുതില്‍ രൂപപ്പെടുന്നുണ്ട്.
ഇപ്പോള്‍ പത്തിരിപ്പാലയിലെ സദനം കഥകളി അക്കാദമിയില്‍ ചുട്ടിയും കോപ്പു പണിയും പഠിപ്പിക്കുന്ന സതീശന്‍ ചുട്ടിയുമായി ബന്ധപ്പെട്ട് അമേരിക്ക, ദുബൈ, യൂറോപ്യന്‍ രാജ്യങ്ങള്‍, ഇംഗ്ലണ്ട്, ഇറ്റലി, മലേഷ്യ തുടങ്ങിയ സ്ഥലങ്ങളില്‍ പരിപാടിക്ക് പോയിട്ടുണ്ട്.
പല സംഘടനകളുടെയും ആദരവുകളും ഈ 59 കാരനെ ലഭിച്ചിട്ടുണ്ട്. അനുഭവത്തിലൂടെയും സ്വയം പരീക്ഷണത്തിലൂടെയും മാത്രമേ ചുട്ടിയും കോപ്പുനിര്‍മാണവും കുറ്റമറ്റതാക്കാന്‍ കഴിയുമെന്നും സതീശന്‍ പറയുന്നു. ചേര്‍പ്പ് ആലക്കാട്ട് മനയിലെ സാവിത്രിയാണ് ഭാര്യ. മക്കള്‍ സുമോദ്, സനൂപ്.