Connect with us

International

കൊണ്ടും കൊടുത്തും ഹിലരി- ട്രംപ് സംവാദം

Published

|

Last Updated

വാഷിംഗ്ടണ്‍: നവംബര്‍ ഒന്നിന് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രമുഖ സ്ഥാനാര്‍ഥികളായ ഹിലരി ക്ലിന്റനും ഡൊണാള്‍ഡ് ട്രംപും ആദ്യ ടെലിവിഷന്‍ സംവാദത്തില്‍ പരസ്പരം ഏറ്റുമുട്ടി. വംശീയത, സാമ്പത്തികം, വിദേശ നയം എന്നീ വിഷയങ്ങളിലാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയും ഡെമോക്രാറ്റ് സ്ഥാനാര്‍ഥിയും ചൂടേറിയ സംവാദത്തിലേര്‍പ്പെട്ടത്. വംശീയത, ലിംഗസമത്വം, നികുതി ഉപേക്ഷിക്കല്‍ എന്നീ വിഷയങ്ങളില്‍ ട്രംപിനെ ഹിലരി കുറ്റപ്പെടുത്തിയപ്പോള്‍ രാഷ്ട്രീയത്തെ ജോലിയായി കാണുന്നയാളാണ് ഹിലാരിയെന്ന് ട്രംപ് ആവര്‍ത്തിച്ചാരോപിച്ചു.
തിങ്കളാഴ്ച നടന്ന സംവാദം തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഏറെ പ്രതീക്ഷ പുലര്‍ത്തിയ നിമിഷങ്ങളായിരുന്നു. സംവാദത്തെ ഇരു വിഭാഗവും കാഴ്ചക്കാര്‍ക്കിടയില്‍ റെക്കോര്‍ഡ് സ്ഥാപിക്കലായാണ് പ്രതീക്ഷിച്ചിരുന്നത്. ചുടേറിയ ചര്‍ച്ചകളിലൂടെ ഇരു വിഭാഗവും പരസ്പരം ആക്രമിക്കുകയായിരുന്നു. പ്രസിഡന്റ് ബരാക് ഒബാമയുടെ ജനനം സംബന്ധിച്ച് മുമ്പ് ട്രംപ് നടത്തിയ വിവാദ പ്രസ്താവനയും ഹിലരി ട്രംപിനെതിരായ ആയുധമാക്കി. നമ്മുടെ കറുത്ത വര്‍ഗക്കാരനായ ആദ്യ പ്രസിഡന്റ് അമേരിക്കക്കാരനല്ലെന്ന വംശീയ നുണയെ ആസ്പദമാക്കിയാണ് ട്രംപ് തന്റെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചതെന്ന് ഹിലരി കുറ്റപ്പെടുത്തി.
2008ലെ തിരഞ്ഞെടുപ്പിലും ഒബാമയുടെ ജനനം സംബന്ധിച്ച വിവാദ പ്രസ്താവന ട്രംപ് ആവര്‍ത്തിച്ചിരുന്നുവെങ്കിലും ഈ മാസം ആദ്യമാണ് ഒബാമ ജനിച്ചത് അമേരിക്കയില്‍ തന്നെയാണെന്ന് ട്രംപ് പരസ്യമായി പറഞ്ഞത്. അതേസമയം, മുന്‍ അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയും സെനറ്ററുമായിരുന്ന ഹിലരി വെറും രാഷ്ട്രീയക്കാരിയാണെന്നും ആഭ്യന്തര- അന്തര്‍ദേശീയ വിഷയങ്ങളെ അഭിസംബോധന ചെയ്യുന്നതില്‍ ഇവര്‍ അവസരങ്ങള്‍ പാഴാക്കിയെന്നുമായിരുന്നു ട്രംപിന്റെ പ്രധാന ആരോപണം. സംവാദം അന്താരാഷ്ട്ര വിഷയങ്ങളിലേക്ക് നീങ്ങിയപ്പോള്‍ നയങ്ങള്‍ സംബന്ധിച്ച് ദുര്‍ബലമായ ധാരണയേ ഉള്ളൂ എന്ന കുറ്റപ്പെടുത്തല്‍ നേരിടുന്ന ട്രംപ്, ഹിലരി അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയായിരിക്കെ മധ്യപൗരസ്ത്യ മേഖലയില്‍ സംഘര്‍ഷം വ്യാപകമായതായി കുറ്റപ്പെടുത്തി. എന്നാല്‍, ഇതിനെ ഇസില്‍ തീവ്രവാദികളെ തകര്‍ക്കാനുള്ള പദ്ധതി വെളിപ്പെടുത്താന്‍ ട്രംപ് തയ്യാറാകാത്തതിനെ ചൂണ്ടിക്കാട്ടിയാണ് ഹിലരി പ്രതിരോധിച്ചത്.
അതേസമയം, 2003ലെ അമേരിക്കയുടെ ഇറാഖ് കടന്നു കയറ്റത്തെ ട്രംപ് ആവര്‍ത്തിച്ച് എതിര്‍ത്തു. 2011ല്‍ അമേരിക്കന്‍ സേന പിന്‍മാറിയപ്പോഴുണ്ടായ ശൂന്യതയിലാണ് ഇസില്‍ തീവ്രവാദ സംഘടന ഉടലെടുത്തതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാല്‍, അമരിക്കയുടെ ഇറാഖ് കടന്നുകയറ്റത്തെ ട്രംപ് അനുകൂലിച്ചിട്ടുണ്ടെന്ന് ഹിലരി ഇതിനെ എതിര്‍ത്തുകൊണ്ട് പറഞ്ഞു. ഇറാഖില്‍ നിന്ന് അമേരിക്കന്‍ സേനയെ പിന്‍വലിക്കാനുള്ള കരാര്‍ ഉണ്ടാക്കിയത് റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയു ബുഷാണെന്നും ഒബാമയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ട്രംപ് വരുമാന നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തത് സംബന്ധിച്ച് ആക്രമണം നടത്തിയ ഹിലരി ഈ നടപടി മുമ്പ് ട്രംപ് പറഞ്ഞതുപോലെ ഇദ്ദേഹം സമ്പന്നനും ദാനശീലനുമാണോ എന്ന ചോദ്യമുയര്‍ത്തുന്നുണ്ടെന്നും പറഞ്ഞു.
ഇതിനെ ഹിലരിയുടെ സ്വകാര്യ ഇ മെയില്‍ വിവാദമുയര്‍ത്തിപ്പിടിച്ചാണ് ട്രംപ് എതിര്‍ത്തത്. ഹിലാരി നികുതി റിട്ടേണ്‍ സമര്‍പ്പിച്ചുവെങ്കിലും 33,000 ഇ മെയിലുകള്‍ ഡിലീറ്റ് ചെയ്‌തെന്ന് ട്രംപ് പറഞ്ഞു. ഹിലരിക്ക് പ്രസിഡന്റായിരിക്കാനുള്ള സഹനശക്തിയില്ലെന്നും സംവാദത്തിന്റെ അവസാനം ട്രംപ് പറഞ്ഞു. ട്രംപിന്റെ സ്ത്രീകളെപ്പറ്റിയടക്കമുള്ള വിവാദ പ്രസ്താവനകളെ ഹിലരി സംവാദത്തില്‍ എടുത്തുകാട്ടി. അടുത്ത മാസം ഒമ്പത്, 19 തീയതികളിലായി രണ്ട് സംവാദങ്ങള്‍കൂടി നടക്കും.

Latest