Connect with us

Religion

തെറ്റിദ്ധാരണകളെ സൂക്ഷിക്കുക

Published

|

Last Updated

സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാരകമായ വിപത്താണ് തെറ്റിദ്ധാരണ വെച്ചുപുലര്‍ത്തലും അത് പ്രചരിപ്പിക്കലും. തെറ്റിദ്ധാരണയുടെ ഫലമായി കളവ്, ഗീബത്ത്, നമീമത്ത്, അസൂയ, അഹങ്കാരം, ഫിത്‌ന, പ്രതികാരം, ആഭിചാര ക്രിയകള്‍, അക്രമം, കൊലപാതകം തുടങ്ങി എല്ലാ നീചകൃത്യങ്ങളും മനുഷ്യരില്‍ ഉടലെടുക്കുന്നു. അത്‌കൊണ്ട് തന്നെയാണ് ഊഹം പറയുന്നവരോടും തെറ്റിദ്ധാരണകള്‍ പരത്തുന്നവരോടും വിശുദ്ധ ഖുര്‍ആന്‍ ശക്തമായ ഭാഷയില്‍ ഉപദേശിക്കുന്നത്. അല്ലാഹു പറയുന്നു; “സത്യവിശ്വാസികളേ, നിങ്ങള്‍ അധിക ഊഹങ്ങളും വര്‍ജിക്കുവിന്‍. എന്തെന്നാല്‍ ഊഹങ്ങളില്‍ ചിലത് കുറ്റകരമാണ്” (അല്‍ ഹുജറാത്ത് 12)
ഖുര്‍ആന്‍ പറയുന്നു; “”വിശ്വാസികളേ, ഒരു അധര്‍മകാരി വല്ല വാര്‍ത്തയുമായി നിങ്ങളെ സമീപിച്ചാല്‍ നിങ്ങളതിനെപ്പറ്റി വ്യക്തമായി അന്വേഷിക്കണം. അറിയാതെ ഏതെങ്കിലുമൊരു ജനതക്ക് നിങ്ങള്‍ ആപത്തു വരുത്തുകയും എന്നിട്ട് ആ ചെയ്തിയില്‍ നിങ്ങള്‍ ഖേദിക്കുകയും ചെയ്യാതിരിക്കാന്‍ വേണ്ടി.””(വി.ഖു. 49:6)
മുത്ത് നബി (സ) പറഞ്ഞു. “”നിങ്ങള്‍ തെറ്റിദ്ധാരണകളെ സൂക്ഷിക്കുക. നിശ്ചയം, തെറ്റിദ്ധരിച്ചുള്ള സംസാരങ്ങള്‍ കടുത്ത കള്ളമാണ്. നിങ്ങള്‍ പരസ്പരം ചാരവൃത്തി നടത്തുകയോ മത്സരിക്കുകയോ അസൂയ വെക്കുകയോ വഞ്ചിക്കുകയോ വൈരം പുലര്‍ത്തുകയോ അസാന്നിധ്യത്തില്‍ മറ്റുള്ളവരെ ദുഷിക്കുകയോ അരുത്. ദൈവദാസന്മാരേ, നിങ്ങള്‍ ആജ്ഞാപിക്കപ്പെട്ട പ്രകാരം അന്യോന്യം സഹോദരന്മാരായി നിലകൊള്ളുക.”” (മുസ്‌ലിം) “ഊഹം നിങ്ങള്‍ സൂക്ഷിക്കുക. നിശ്ചയം ഊഹിച്ചുള്ള സംസാരം ഏറ്റവും വലിയ കളവാണ്”. (ബുഖാരി).
സാധാരണ ഒരു വിശ്വാസി ആയിത്തീരണമെങ്കില്‍ തന്നെ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. കളവു പറയരുത്, മോഷ്ടിക്കരുത്, ആക്ഷേപിച്ചു പറയരുത്, അന്യനെ നോവിക്കുമാര്‍ പറയരുത്, ഊഹം പ്രചരിപ്പിക്കരുത്, അഹങ്കരിക്കരുത്, അസൂയപ്പെടരുത്. ഒരു മനുഷ്യന്റെ ഹൃദയത്തില്‍ പിശാചു കയറുന്നത് കളവു പറയുന്നതിലൂടെയാണ്. തെറ്റിദ്ധാരണയുടെ ഫലമായി ആദ്യമായി ഉടലെടുക്കുന്നതും കളവു പറയലും പ്രചരിപ്പിക്കലുമാണ്. മുത്ത് ഹബീബ് (സ) പറയുന്നു; “ഒരു ദാസന്‍ കളവു പറയുമ്പോള്‍ അതുണ്ടാക്കുന്ന ദുര്‍ഗന്ധം കാരണം മാലാഖമാര്‍ ഒരു മൈല്‍ ദൂരം മാറി നില്‍ക്കും (തിര്മുദി).
വ്യക്തികളോടോ പ്രസ്ഥാനങ്ങളോടോ സ്ഥാപനങ്ങളോടോ കുടുംബങ്ങളോടോ അയല്‍വാസികളോടോ സ്‌നേഹിതന്മാരോടോ പണ്ഡിതരോടോ നേതാക്കളോടോ ഉള്ള വിരോധം നിമിത്തം ദുഷിച്ചു പറയുന്നവരും ഊഹം പ്രചരിപ്പിക്കുന്നവരും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരും മേല്‍ സൂചിത വചനങ്ങള്‍ സൂക്ഷ്മമായി ഉള്ളില്‍ നിറക്കേണ്ടതുണ്ട്. ഗൗരവമായ ആലോചനകള്‍ക്ക് തുടക്കം കുറിക്കേണ്ടതുണ്ട്. തെറ്റിദ്ധാരണയും കളവും നിമിത്തം ഉണ്ടായിത്തീരുന്ന മറ്റൊരു രോഗമാണ് അസൂയയും വെറുപ്പും. മുത്ത് ഹബീബ് (സ) പറയുന്നു “അസൂയയും വിദ്വേഷവും മതത്തെ മുണ്ഡനം ചെയ്യും” (അഹ്മദ് – തിര്‍മുദി). മനുഷ്യന്റെ ആത്മീയഭാവത്തെ തല്ലിക്കെടുത്തുന്ന മഹാരോഗമാണ് അസൂയ. ഇത് മനസില്‍ നിന്ന് എടുത്തു കളയണം. അപരന്റെ വളര്‍ച്ചയില്‍, അവന്റെ ഉന്നതിയില്‍ നമുക്കുണ്ടാകുന്ന വെറുപ്പ് അസൂയയായി മാറുകയും അത് പിന്നീട് ഹൃദയത്തിലെ പല രോഗങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു. ഇതിനൊക്കെ ഏറ്റവും വലിയ കാരണമാകുന്നത് തെറ്റിദ്ധാരണയും ഊഹവുമാണ്. മുത്ത് ഹബീബ് (സ) പറയുന്നു “ലജ്ജയും മിതഭാഷണവും സത്യ വിശ്വാസത്തിന്റെ രണ്ടു ശാഖകളാകുന്നു. ദുഷിച്ചു പറയലും പെരുപ്പിച്ചു പറയലും കാപട്യത്തിന്റെ ശാഖകളും” “സദ് വിചാരം നല്ല ആരാധനയാകുന്നു” എന്ന ഒരു വചനവും കൂടി നമുക്ക് കാണാന്‍ സാധിക്കും.
ആറു കാര്യങ്ങളില്‍ നിന്നും വിശ്വാസികള്‍ വിട്ടു നില്‍ക്കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെടുന്നുണ്ട്. പരസ്പരം പരിഹസിക്കാതിരിക്കുക, അപമാനിക്കാതിരിക്കുക, കുത്തുവാക്കുകള്‍ പറയാതിരിക്കുക, ഊഹിച്ച് പറയാതിരിക്കുക, ചാരവൃത്തി നടത്താതിരിക്കുക, പരദൂഷണം പറയാതിരിക്കുക എന്നിവയാണ് സാഹോദര്യം തകരാതിരിക്കുന്നതിനായി വിശുദ്ധ ഖുര്‍ആന്‍ സമര്‍പിക്കുന്ന ആറു നിര്‍ദേശങ്ങള്‍ (ഖുര്‍ആന്‍ 49:10-12).

Latest