Articles
ഇങ്ങനെയൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരുന്നു
ഈ ഭൂമുഖത്ത് ഇങ്ങനെ ഒരു മനുഷ്യന്‍ ജീവിച്ചിരുന്നുവെന്ന് വരും തലമുറ വിശ്വസിക്കില്ലെന്ന് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍, മഹാത്മാ ഗാന്ധിയെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. വെളിച്ചം പൊലിഞ്ഞു പോയി, രാജ്യത്ത് ഇനി ഇരുട്ടു മാത്രമെന്നാണ് ഗാന്ധിജി വെടിയേറ്റ് മരിച്ച ദിവസം ജവാഹര്‍ലാല്‍ നെഹ്‌റു പറഞ്ഞത്. ഗാന്ധിജിയുടെ ഓര്‍മകളെ കൂടി വെടിവെച്ച് വീഴ്ത്തുകയും ആ അര്‍ധനഗ്നനായ, നിരായുധനായ ഫക്കീറിനെ വീണ്ടും വീണ്ടും കൊന്നു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ചരിത്ര സന്ധിയിലാണ് ഗാന്ധി ജയന്തി ഒരിക്കല്‍ കൂടി കടന്നു വരുന്നത്. ഗാന്ധി ഘാതകന്‍ വാഴ്ത്തപ്പെടുകയും കൊന്നതാരെന്നത് കോടതി വ്യവഹാരത്തിന് ഹേതുവാകയും ചെയ്യുമ്പോള്‍ രാജ്യം കൂടുതല്‍ ഇരുട്ടിലേക്ക് നീങ്ങുകയാണ്. ഈ ഗാന്ധി ജയന്തി ദിനത്തില്‍ ദേശീയ ഒഴിവുദിനത്തിന്റെ ആനുകൂല്യം പോലും നുണയാനില്ല. പതിവ് ഞായറാഴ്ച.
മാധ്യമത്താളുകള്‍ നിറയെ യുദ്ധരതിയുടെ വാര്‍ത്തകളാണ്. സാമൂഹിക മാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലെ പ്രൈം ടൈമുകളിലും ആക്രോശങ്ങളാണ്. അതിര്‍ത്തിയില്‍ നിന്ന് മനുഷ്യര്‍ ഒഴിഞ്ഞു പോകുന്നു. ഈ സാഹചര്യത്തില്‍ ഗാന്ധിജിയെ കുറിച്ചുള്ള ഓര്‍മകള്‍ പോലും വലിയ പ്രതിരോധമായിരിക്കും. അഹിംസ ആചരിക്കുകയെന്നത് ദൗര്‍ബല്യമല്ല ശക്തിയാണെന്ന വലിയ പാഠമാണ് അദ്ദേഹം ലോകത്തിന് സമ്മാനിച്ചത്. നോണ്‍- വയലന്‍സ് എന്നത് കേവലമായ അക്രമത്തില്‍ നിന്ന് വിട്ടു നില്‍ക്കല്‍ മാത്രമല്ല. അതൊരു മാനസികാവസ്ഥയാണ്. എല്ലാതരം മുറിവേല്‍പ്പിക്കലില്‍ നിന്നും പിന്തിരിയുകയെന്ന വിശാലമായ തലം അതിനുണ്ട്. സമാധാനത്തില്‍ നിന്ന് അതിവേഗം അകന്നു കൊണ്ടിരിക്കുകയും ദുരയിലും അതിവേഗത്തിലും അകപ്പെട്ടു പോകുകയും ചെയ്ത ലോകത്തിനുള്ള രക്ഷാ മാര്‍ഗമാണ് അത്. സൗഹൃദത്തിന്റെ കരുതലാണത്.
രാഷ്ട്ര വിഭജനത്തിന്റെ നാളുകളില്‍ ഗാന്ധി ഏകാന്തപഥികനായി നടത്തിയ പ്രതിരോധങ്ങള്‍ എത്രമാത്രം അര്‍ഥവത്തായിരുന്നുവെന്ന് യുദ്ധോത്സുകതയുടെ ഈ ദിനത്തില്‍ രാജ്യം തിരിച്ചറിയുന്നു. വിഭജിക്കപ്പെട്ട രാജ്യത്തിനോട് മാതൃ രാജ്യത്തിന് കടമകളുണ്ടെന്ന് പറഞ്ഞതിനാണ് ഗാന്ധി “മരണ ശിക്ഷ” ഏറ്റുവാങ്ങിയത്. അവ്യവസ്ഥയുടെ കരകയറാനാകാത്ത പാതാളങ്ങളില്‍ രാജ്യം അകപ്പെടുകയും സമാധാനത്തിന്റെ ഓരോ ഇത്തിരി മിന്നലുകള്‍ക്ക് ശേഷവും ഹിംസയുടെ ഇരുട്ട് കൃത്യമായി ആവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ ഗാന്ധിജിയില്‍ പരിഹാരമുണ്ടെന്ന് ഉച്ചത്തില്‍ പറയേണ്ടിയിരിക്കുന്നു.
ലോകത്തെ എല്ലാ വിപ്ലവങ്ങള്‍ക്കും പ്രതീകങ്ങളുണ്ട്. അവയില്‍ പലതും വിശദീകരിക്കുക ദുഷ്‌കരമാണ്. ലോകത്തെ ഏറ്റവും ലളിതവും ശക്തവുമായ സമര പ്രതീകമാണ് ഗാന്ധിജി സമ്മാനിച്ചത്. ഒരു കടല്‍ത്തീരത്തെ/ ~ഒരു കുമ്പിള്‍ വെള്ളത്തില്‍/ ഒരു മഹാ ഗര്‍ജനം കേട്ടു/ ~ഒരു പിടിയുപ്പിന്റെ ഉപ്പ് വിയര്‍പ്പിലും രുധിരത്തിലും തുടിച്ചൂ എന്നാണ് കവി പാടിയത്. ഉപ്പ് എല്ലാവരുടെയും പ്രശ്‌നമാണ്. ഉപ്പ് സത്യഗ്രഹത്തോളം വിശാലമായ ഒരു സമരമുഖം ഇന്നോളം ഭൂമുഖത്തുണ്ടായിട്ടില്ല.
നിസ്സഹകരണ പ്രസ്ഥാനം, നിയമലംഘന പ്രസ്ഥാനം തുടങ്ങിയ സമരമുറകളും സത്യഗ്രഹവും തന്റെ രാജ്യം തന്നെ അനുകരിച്ച് വൃത്തികേടാക്കുന്നത് ഗാന്ധിജി സ്വന്തം ജീവിതകാലത്ത് തന്നെ കണ്ടതാണ്. കാലം പോകെ പരാശ്രയത്വത്തിന്റെ സാമ്പത്തിക തത്വശാസ്ത്രങ്ങള്‍ പുണര്‍ന്ന് സ്വദേശി പ്രസ്ഥാനത്തെയും രാജ്യം അപ്പാടെ തള്ളിക്കളഞ്ഞു. വന്‍കിട വ്യവസായങ്ങള്‍ക്ക് പിറകേ പോയ രാജ്യം ചെറുകിട, കുടില്‍ വ്യവസായങ്ങളെ ദയാവധത്തിന് വിട്ടു. തീവ്രവലതുപക്ഷ ഹിന്ദുത്വം ഹൈന്ദവതയുടെ മുഖച്ഛായ തന്നെ മാറ്റി സവര്‍ണതയും ദളിത്‌വിരുദ്ധതയും ന്യൂനപക്ഷ വിരുദ്ധതയും എടുത്തണിയുമ്പോള്‍ താന്‍ ഒരു സനാതന ഹിന്ദുവാണെന്ന് പ്രഖ്യാപിച്ച മഹാത്മാവ് സ്വച്ഛ് ഭാരത് അഭിയാന്റെ ബ്രാന്‍ഡ് അംബാസിഡറായി അധഃപതിച്ചതില്‍ അത്ഭുതമില്ല.
ജാതി, മതം, രാഷ്ട്രീയം തുടങ്ങിയ മേഖലയില്‍ ഗാന്ധിജി അവശേഷിപ്പിച്ച കാഴ്ചപ്പാടുകളില്‍ നമുക്ക് എമ്പാടും വിമര്‍ശങ്ങള്‍ നടത്താം. തര്‍ക്കങ്ങളാകാം. പക്ഷേ ഇന്ത്യയുടെ വര്‍ത്തമാനകാല പ്രതിസന്ധികള്‍ക്ക് ഗാന്ധിസത്തില്‍ പരിഹാരമുണ്ടെന്ന സത്യം അവശേഷിക്കുക തന്നെ ചെയ്യും.