Kerala
രാജ്യത്ത് ഏറ്റവും മോശം ഡ്രൈവര്‍മാര്‍ തിരുവനന്തപുരം നഗരത്തില്‍

തിരുവനന്തപുരം:രാജ്യത്ത് ഏറ്റവും മോശം ഡ്രൈവര്‍മാരുള്ളത് തിരുവനന്തപുരം നഗരത്തില്‍. നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. തെറ്റായ ഡ്രൈവിംഗുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം 12,440 കേസുകള്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്തതായി ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. രണ്ടാം സ്ഥാനത്ത് കൊച്ചിയും മൂന്നാം സ്ഥാനത്ത് തൃശൂരും ഇടം പിടിച്ചിട്ടുണ്ട്.
അമിതവേഗം, അശ്രദ്ധമായ വാഹനമോടിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് രാജ്യത്തെ 53 പട്ടണങ്ങളിലെ കേസുകള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് ബ്യൂറോ റിപ്പോര്‍ട്ട് തയാറാക്കിയത്.വാഹനം ഓടിക്കുമ്പോള്‍ നിരത്തില്‍ പാലിക്കേണ്ട മര്യാദകളെല്ലാം ലംഘിച്ചതുള്‍പ്പെടെ 2191 വലിയ അപകടങ്ങളാണ് കഴിഞ്ഞ വര്‍ഷം ജില്ലയില്‍ ഉണ്ടായത്.ഇതില്‍ 164 പേര്‍ മരിച്ചു. 1774പേര്‍ക്ക് ഗുരുതര പരിക്കേറ്റപ്പോള്‍ 874 പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പൈട്ടു. തലസ്ഥാനത്തെ വാഹന അപകടങ്ങളില്‍ പകുതിയിലേറെയും ബൈക്ക് അപകടങ്ങളാണ്.റേസിംഗ് ബൈക്കുകളില്‍ ചീറിപ്പാഞ്ഞും മദ്യപിച്ചും ഹെല്‍മറ്റ് ഇല്ലാതെയും വാഹനം ഓടിച്ചവരാണ് ഇവരില്‍ ഏറെയും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊച്ചിയില്‍ 10,502 കേസുകളും തൃശൂരില്‍ 8,068 കേസുകളും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോടാണ് അഞ്ചാം സ്ഥാനത്ത്. 6,661 കേസുകള്‍. റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും നല്ല ഡ്രൈവര്‍മാരുള്ള ഇന്ത്യയിലെ മാതൃകാപട്ടണം പഞ്ചാബിലെ ലുധിയാനയാണ്.കേരളത്തിലെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് തലസ്ഥാനത്ത് വാഹനപ്പെരുപ്പമാണ് അപകട നിരക്ക് ഉയരാന്‍ കാരണമായി പറയുന്നത്.വാണിജ്യ നഗരമായ കൊച്ചിയുമായി താരതമ്യപ്പെടുത്തുമ്പോള്‍ നഗരത്തിലെത്തുന്ന വാഹനങ്ങളുടെ എണ്ണം തലസ്ഥാനത്താണ് കൂടുതല്‍.
വീതി കുറഞ്ഞ റോഡുകളും കൂടിയ വാഹന സാന്ദ്രതയും മറ്റും കാരണങ്ങളായി പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും മുഖ്യകാരണം ഡ്രൈവര്‍മാരുടെ അനാസ്ഥയും അക്ഷമയുമാണെന്നും റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. മറ്റ് ഡ്രൈവര്‍മാരെ പിന്നിലാക്കാനുള്ള ആവേശത്തില്‍ അമിതവേഗത്തില്‍ വണ്ടിയോടിക്കുന്ന പ്രവണത കേരളത്തിലെ ഡ്രൈവര്‍മാരാണ് ഏറ്റവും കൂടുതല്‍ പിന്തുടരുന്നതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. പോലീസും മോട്ടോര്‍ വാഹന വകുപ്പും തുടര്‍ച്ചയായി ബോധവത്കരണ നടപടികള്‍ സ്വീകരിച്ചിട്ടും ഡ്രൈവര്‍മാരുടെ മത്സര മനോഭാവം അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. രാജ്യത്ത് ആകെയുള്ള വാഹനങ്ങളില്‍ വെറും പത്ത് ശതമാനം മാത്രമുള്ള കേരളത്തിലാണ് ഗതാഗത നിയമങ്ങളുടെ ലംഘനം ഇത്രത്തോളം നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.