Connect with us

Kerala

മൗലാനാ ആസാദ് ഗേള്‍സ് സ്‌കോളര്‍ഷിപ്പ്‌: വീണ്ടും അപേക്ഷിക്കണമെന്ന നിര്‍ദേശം തിരിച്ചടിയാകുന്നു

Published

|

Last Updated

കൊടുവള്ളി:ഹയര്‍ സെക്കന്‍ഡറിയില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് കീഴിലുള്ള മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പിന് ഈ വര്‍ഷം അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് വീണ്ടും ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കണമെന്ന നിര്‍ദേശം ബുദ്ധിമുട്ടുണ്ടാക്കുന്നു.
വര്‍ഷങ്ങളോളമായി അപേക്ഷാ ഫോറം വഴി സെപ്തംബര്‍ 30 നുള്ളില്‍ അപേക്ഷ സമര്‍പ്പിക്കുകയും വരുമാനം, മാര്‍ക്ക് എന്നിവ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വീതം രണ്ട് വര്‍ഷത്തേക്ക് പന്ത്രണ്ടായിരം രൂപ ലഭിച്ചു വരികയും ചെയ്തിരുന്നു.
ഏതാനും വര്‍ഷമായി ഓണ്‍ലൈന്‍ വഴിയും ഫോറം വഴിയും അപേക്ഷാ സമര്‍പ്പണത്തിന് അവസരവും ലഭിച്ചിരുന്നതാണ്. അത് പ്രകാരമാണ് സെപ്തംബര്‍ 30ന് മുമ്പായി നിരവധി വിദ്യാര്‍ഥികള്‍ അപേക്ഷ അയച്ചത്. എന്നാല്‍ ഓണ്‍ ലൈന്‍ വഴി അപേക്ഷ വീണ്ടും അയച്ച് പ്രിന്റ് ഔട്ടെടുത്ത് അയക്കണമെന്ന നിര്‍ദേശം പുതുതായി വന്നു. ഇത് അപേക്ഷിച്ച നൂറ് കണക്കിന് വിദ്യാര്‍ഥികളെയും നിരാശയിലാക്കിയിരിക്കയാണ്.
അപേക്ഷാ ഫോറം അയക്കണമെങ്കില്‍ 20 രൂപയുടെ മുദ്ര പേപറില്‍ നിര്‍ദിഷ്ട ഫോര്‍മാറ്റ് പ്രിന്റ് ചെയ്ത നോട്ടറി വരുമാനം സാക്ഷ്യപ്പെടുത്തിയ ഡികഌറേഷന്‍ സര്‍ട്ടിഫിക്കറ്റ് വേണം അതിന് 300 രൂപയോളം ചിലവ് വരും. അല്ലെങ്കില്‍ വില്ലേജ് ഓഫീസര്‍ മുഖേന തഹസില്‍ദാറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ് വേണം വിദ്യാര്‍ഥി പഠിക്കുന്ന ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ നല്‍കുന്ന കോഴ്‌സ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും വില്ലേജ് ഓഫീസറില്‍ നിന്നോ തഹസില്‍ദാറില്‍ നിന്നോ ജാതി തെളിയിക്കുന്ന സര്‍ട്ടിഫി ക്കറ്റും വേണം. ഇതിനു പുറമേ വിദ്യാര്‍ഥി ഇപ്പോള്‍ പഠിക്കുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറ്റസ്റ്റ് ചെയ്ത എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, വിദ്യാര്‍ഥിയുടെ ബേങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് എന്നിവയും നിര്‍ബന്ധമാണ്.
അപേക്ഷയില്‍ പതിക്കുന്ന ഫോട്ടോയുടെ മുകളിലും പ്രിന്‍സിപ്പല്‍ ഒപ്പ് വെച്ച് ഓഫീസ്മുദ്ര പതിച്ചിരിക്കണം. മേല്‍ പറയപ്പെട്ട രേഖകള്‍ നീണ്ട പ്രയത്‌നത്തിന്റെ ഫലമായാണ് പലരും കരസ്ഥമാക്കുന്നത്. ഇതിന്റെയെല്ലാം ഒറിജിനല്‍ കോപ്പി അപേക്ഷക്കൊപ്പം വെച്ചാണ് ന്യൂഡല്‍ഹിയിലെ ആസാദ് എജ്യുക്കേഷനല്‍ ഫൗണ്ടേഷന്‍ ഓഫീസിലേക്ക് അയച്ചുകൊടുത്തിരിക്കുന്നത്.
പുതിയ നിര്‍ദേശപ്രകാരം വീണ്ടും അപേക്ഷ സമര്‍പ്പിക്കുന്നതിന് മേല്‍രേഖകള്‍ ഇനിയും സംഘടിപ്പിക്കുക പ്രയാസകരമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു. ഓണ്‍ലൈന്‍ വഴിയുള്ള അപേക്ഷ നിര്‍ബന്ധമാക്കല്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റുകയോ അല്ലെങ്കില്‍ നേരത്തേ അപേക്ഷിച്ച രേഖകളും അപേക്ഷകളും തിരിച്ചയച്ചുതരികയോ വേണമെന്ന് രക്ഷിതാക്കള്‍ പറയുന്നു.
പത്താംതരം പരീക്ഷ യില്‍ 55 ശതമാനം മാര്‍ക്കും വാര്‍ഷിക വരുമാനം ഒരു ലക്ഷത്തില്‍ താഴെയുമുള്ളവര്‍ക്ക് അ പേക്ഷിക്കാന്‍ അര്‍ഹതയുണ്ടെങ്കിലും അപേക്ഷകരുടെ ബാഹുല്യം കാരണം എട്ട് എ പ്ലസി ന് മുകളിലും കുറഞ്ഞവരുമാനവുമുള്ള കുറച്ചു പേര്‍ക്ക് മാത്രമാണ് കഴിഞ്ഞ വര്‍ഷത്തെ സ്‌കോളര്‍ഷിപ്പ് ലഭിച്ചിട്ടുള്ളു.

Latest