Connect with us

Kerala

സ്വാശ്രയ സമരം: ഒത്തുതീര്‍പ്പിലേക്ക്‌

Published

|

Last Updated

എല്ലാം ശരിയാകും: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപനേതാവ് എം കെ മുനീര്‍ എന്നിവര്‍ മുഖ്യമന്ത്രി
പിണറായി വിജയനുമായി ചര്‍ച്ച നടത്തുന്നു

തിരുവനന്തപുരം: സ്വാശ്രയ മാനേജ്‌മെന്റ് വിഷയത്തില്‍ പ്രതിപക്ഷ എം എല്‍മാര്‍ നിയമസഭയില്‍ നടത്തിവരുന്ന നിരാഹാര സമരം ഒത്തുതീര്‍പ്പിലെത്താന്‍ സാധ്യത. പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിയുമായി ഇന്നലെ നടത്തിയ ചര്‍ച്ചയിലാണ് സമവായത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞത്. സ്വാശ്രയ മെഡിക്കല്‍ ഫീസ് കുറക്കാന്‍ എം ഇ എസ് ഉള്‍പ്പെടെയുള്ള ചില മാനേജ്‌മെന്റുകള്‍ സന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സ്വകാര്യ മാനേജുമെന്റുകളുമായി മുഖ്യമന്ത്രി ചര്‍ച്ചക്ക് തയ്യാറാകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഇന്ന് രാവിലെ മാനേജ്‌മെന്റ് പ്രതിനിധികളുമായി ചര്‍ച്ച നടത്താമെന്ന് മുഖ്യമന്ത്രി സമ്മതിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുസ്‌ലിം ലീഗ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപനേതാവ് എം കെ മുനീര്‍ എന്നിവരാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. സ്വകാര്യ മാനേജ്‌മെന്റുകള്‍ തന്നെ ഫീസ് കുറക്കാമെന്ന് സന്നദ്ധത പ്രകടിപ്പിച്ചാല്‍ അത് നല്ലകാര്യമാണെന്നും ഈ പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ അറിയിച്ചു.
സ്വാശ്രയ വിഷയത്തില്‍ നിയമസഭയില്‍ സ്പീക്കര്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിയുമായും ചര്‍ച്ച നടത്തിയിരുന്നു. സ്വാശ്രയ തലവരിപ്പണം ക്രൈം ബ്രാഞ്ച് അന്വേഷിക്കുക, പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുക തുടങ്ങിയ പ്രതിപക്ഷത്തിന്റെ ആവശ്യങ്ങള്‍ മുഖ്യമന്ത്രി അംഗീകരിച്ചിരുന്നു. ഈ വര്‍ഷം പ്രവേശനം ലഭിച്ച കുട്ടികള്‍ക്ക് ഫീസിളവ് നല്‍കുന്ന തരത്തിലാകും പരിയാരം വിഷയം കൈകാര്യം ചെയ്യുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കാതെ സമരത്തില്‍ നിന്ന് പിന്നോട്ടുപോകേണ്ടെന്ന് യു ഡി എഫ് തീരുമാനിച്ച സാഹചര്യത്തില്‍ ഇന്നത്തെ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാകും സമരം അവസാനിപ്പിക്കുന്ന കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക. സര്‍ക്കാറിനും പ്രതിപക്ഷത്തിനും കൂടുതല്‍ പരുക്കേല്‍ക്കാതെ പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ചര്‍ച്ചകളാണ് അണിയറയില്‍ പുരോഗമിക്കുന്നത്.
ചര്‍ച്ചയില്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളോട് മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് കൂടിക്കാഴ്ചക്കു ശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സ്വാശ്രയ മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കാന്‍ തയ്യാറായാല്‍ തങ്ങള്‍ അതിനെ എതിര്‍ക്കില്ല. മറ്റു മാനേജ്‌മെന്റുകള്‍ ഫീസ് കുറക്കക്കാന്‍ തീരുമാനിച്ചാല്‍ പരിയാരം സ്വാശ്രയ മെഡിക്കല്‍ കോളജിന്റെ കാര്യത്തിലും അത് ബാധകമാകും. ചര്‍ച്ച നടത്തി തീരുമാനം അനുകൂലമാകുകയാണെങ്കില്‍ യു ഡി എഫ് മറ്റ് നടപടികളിലേക്ക് കടക്കും. എം എല്‍ എമാരുടെ സമരം അവസാനിപ്പിക്കുമോയെന്ന ചോദ്യത്തിന്, തീരുമാനമാകുന്നതു വരെ സമരം തുടരുമെന്ന് ചെന്നിത്തല പ്രതികരിച്ചു.
അതേസമയം, മുഖ്യമന്ത്രിയുമായി നടത്തുന്ന ചര്‍ച്ചക്ക് മുന്നോടിയായി മാനേജ്‌മെന്റ് അസോസിയേഷന്‍ തിരുവനന്തപുരത്ത് യോഗം ചേരും. മെറിറ്റ് സീറ്റിലെ ഫീസ് കുറക്കാന്‍ തയ്യാറാണെന്ന് എം ഇ എസ് മാത്രമാണ് പരസ്യമായി വ്യക്തമാക്കിയത്. ഫീസ് കുറക്കില്ലെന്ന നിലപാടുള്ള മാനേജ്‌മെന്റുകളും അസോസിയേഷനിലുണ്ട്. സര്‍ക്കാറുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി അഭിപ്രായൈക്യമുണ്ടാക്കുന്നതിനായാണ് അസോസിയേഷന്‍ യോഗം ചേരുന്നത്. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കാമെന്ന ഫോര്‍മുലയാണ് എം ഇഎസ് പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍ മുന്നോട്ടുവെക്കുന്നത്. പാവപ്പെട്ട പത്ത് വിദ്യാര്‍ഥികള്‍ക്ക് ഫീസിളവ് നല്‍കുന്നതിനായി പ്രത്യേക സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തും. മറ്റ് മാനേജ്‌മെന്റുകളും ഇക്കാര്യം ചര്‍ച്ച ചെയ്യണം. അവര്‍ തയ്യാറായാല്‍ ഫീസ് കുറക്കാന്‍ എം ഇ എസും സന്നദ്ധമാകുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സുപ്രീം കോടതി നിര്‍ദേശം മറികടന്ന് ഫീസില്‍ മാറ്റം വരുത്താനാകുമോ എന്ന് ആശങ്കയും നിലനില്‍ക്കുന്നുണ്ട്.

Latest