National
ജയലളിത: തെറ്റായ വിവരം പ്രചരിപ്പിച്ചതിന് 43 കേസുകള്‍
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് വിദ്വേഷപരവും തെറ്റായതുമായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ താക്കീതും സംസ്ഥാന പോലീസ് പുറത്തുവിട്ടിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി പ്രത്യേക സംഘത്തെ തന്നെ നിയോഗിച്ചിട്ടുണ്ടെന്നും പോലീസ് പ്രസ്താവനയില്‍ അറിയിച്ചു. ഏഴ് വര്‍ഷത്തിലധികം കഠിന തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങളാണ് ശ്രദ്ധയില്‍പ്പെട്ടിരിക്കുന്നത്. നാമക്കല്‍, മധുര ജില്ലകളില്‍ നിന്നാണ് രണ്ട് പേര്‍ അറസ്റ്റിലായിരിക്കുന്നത്. ഇവിടങ്ങളില്‍ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ ക്രൈം ബ്രാഞ്ചാണ് നാമക്കലില്‍ നിന്നുള്ള സോഫ്റ്റ്‌വേര്‍ എന്‍ജിനീയര്‍ സതീഷ് കുമാര്‍, മധുരയിലെ മദസാമി എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇരവുരെയും കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയെന്നും പത്രക്കുറിപ്പില്‍ പറയുന്നു.