Connect with us

Kerala

ഇന്ന് വിവരാവകാശ ദിനം: ജനാധിപത്യത്തിന് കരുത്തേകി വിവരാവകാശ കൂട്ടായ്മ

Published

|

Last Updated

മലപ്പുറം: ഇന്ത്യയിലെ വിപ്ലവകരമായ നിയമം നടപ്പാക്കാന്‍ വേണ്ടി പ്രയത്‌നിക്കുകയും അതിന്റെ കാവലാളായി പ്രവര്‍ത്തിക്കുകയും ചെയ്ത ദേശീയ വിവരാവകാശ കൂട്ടായ്മ (എന്‍ സി പി ആര്‍ ഐ) മാതൃകയാകുന്നു. 2004 ലാണ് വിവരാവരകാശ നിയമം നടപ്പിലാക്കണണെന്നാവശ്യപ്പെട്ട് ദേശീയ വിവരവകാശ കൂട്ടായ്മ പിറവിയെടുക്കുന്നത്. ഇതേ തുടര്‍ന്ന് 2005 ഒക്‌ടോബര്‍ 12ന് നിയമം നിലവില്‍ വരികയും ചെയ്തു. ഇപ്പോള്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും വിവരാവകാശ കൂട്ടായ്മക്ക് വേരോട്ടമുണ്ട്. സര്‍ക്കാറിന്റെ അനാസ്ഥകളെ പൊതു ജന മധ്യത്തില്‍ തുറന്ന് കാട്ടി നേര്‍ വാഴി കാണിക്കുന്നതും ഈ സംഘ ശക്തിയാണ്. അധ്യാപകര്‍, മാധ്യമ പ്രവര്‍ത്തകര്‍, വക്കീലന്മാര്‍, തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ എല്ലാ മേഖലകളില്‍ നിന്നുള്ളവര്‍ അണിനിരന്നതാണ് ദേശീയ വിവരാവകാശ കൂട്ടായ്മ. വിവരാവകാശ നിയമം സൂതാര്യമാക്കുന്നതിന് ക്രിയാത്മക ഇടപെടല്‍ നടത്തുക എന്നതാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. പ്രാദേശിക തലം, സംസ്ഥാന- ദേശീയ വിഷയങ്ങളിലും വിവരാവകാശ നിയമം ഉപയോഗിച്ച് ക്രിയാത്മക ഇടപെടല്‍ നടത്തുന്നുണ്ട്. രാജ്യത്തെ പല അഴിമതികളും പുറത്ത് കൊണ്ടു വരുന്നതില്‍ അണിയറയില്‍ പ്രവര്‍ത്തിച്ചതില്‍ ദേശീയ വിവരാവകാശ കൂട്ടായ്മക്ക് മികച്ച പങ്കുണ്ട്.
ഗുജറാത്തില്‍ വിവരാവകാശ കൂട്ടായ്മയുടെ ഭാഗമായി മൊബൈല്‍ വാന്‍ വഴി ബോധവത്കരണം ഗ്രാമതലങ്ങളില്‍ നടത്തുന്നുണ്ട്. ക്ലാസിന് പുറമെ ഡോക്യൂമെന്ററിപ്രദര്‍ശനവും ഉണ്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കൂട്ടായ്മക്ക് നിഖില്‍ ദേ, അജ്ഞലി ഭരദ്വാജ്, ഡോ. ഷേഖ് ഗുലാം, വെങ്കിടേഷ് നായിക്, ഭാസ്‌കര്‍ പ്രഭു, ജോയ്കുമാര്‍ എന്നിവരാണ് നേതൃത്വം നല്‍കുന്നത്.
സംസ്ഥാനത്ത് അഞ്ച് വര്‍ഷത്തോളമായി ദേശീയ വിവരാവകാശ കൂട്ടായ്മയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ട്. ഈ സംഘടനയുടെ പ്രവര്‍ത്തന ഫലമായി ഗവണ്‍മെന്റ് ഓഫീസുകളിലേക്ക് ആയിരക്കണക്കിന് അപേക്ഷകളാണ് നല്‍കിയത്. സൂനാമി ഫണ്ട് ദുരുപയോഗം ചെയ്തതിനെക്കുറിച്ചും സ്‌കൂളിലെ ഉച്ച ഭക്ഷണത്തിലെ അഴിമതി, ക്വാറി മാഫിയകളുടെ ഇടപെടല്‍ നിയന്ത്രിക്കുന്നതിനും , ആര്‍ ബാലകൃഷ്ണ പിള്ളയുടെ പരോള്‍ വിഷയം തുടങ്ങിയ വിഷയങ്ങളിലെല്ലാം സംഘടന സജീവമായി ഇടപെട്ടിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിക്ക് പുറമെ ജില്ലാ കമ്മിറ്റിയും താലൂക്ക് കമ്മിറ്റിയും മേഖലയില്‍ സജീവമാണ്. വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് കൂട്ടായ്മ പ്രവര്‍ത്തനങ്ങളെ ഏകോപിക്കുന്നത്. എന്നാല്‍ കേരളത്തില്‍ വിവരാവകാശ പ്രവര്‍ത്തനം വളരെ മന്ദഗതിയിലാണ്. ഇതിനാല്‍ ഒരുപാട് അപ്പീലുകള്‍ കെട്ടി കിടക്കുകയാണെന്ന് ദേശീയ വിവരാവകാശ കൂട്ടായ്മയുടെ മലപ്പുറം കോ- ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പത്തിരിയാല്‍ സിറാജിനോട് പറഞ്ഞു. തീര്‍പ്പ് കല്‍പ്പിക്കുന്ന ഉത്തരവുകളില്‍ ഉദ്യോഗസ്ഥന്മാര്‍ കര്‍ശന നടപടിയെടുത്ത് വിവരാവകാശ നിയമം കരുത്തുറ്റതാക്കണം. എല്ലാ പൗരന്മാരും വിവരാവകാശ നിയമം ഉപയോഗിച്ച് ഗവണ്‍മെന്റ് ഓഫീസുകളില്‍ നിന്ന് അഴിമതിയെ തുരത്താന്‍ തയ്യാറാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Latest