Connect with us

International

അവളുടെ ലോകം എന്റെ അടുക്കളയും, ലിവിംഗ് റൂമും; ഭാര്യക്ക് മറുപടിയുമായി നൈജീരിയന്‍ പ്രസിഡന്റ്

Published

|

Last Updated

അബൂജ: നന്നായി ഭരിച്ചില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പ്രസിഡന്റിനെ പിന്തുണക്കില്ലെന്ന പത്‌നിയുടെ പ്രസ്താവനക്ക് മറുപടിയുമായി നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി രംഗത്ത്. “എന്റെ ഭാര്യ ഏത് പാര്‍ട്ടിയാണെന്ന് എനിക്കറിയില്ല. പക്ഷേ ഒന്നെനിക്കറിയാം. എന്റെ അടുക്കളയിലും എന്റെ ലിവിംഗ് റൂമും, മറ്റു റൂമുകളുമാണ് അവളുടെ ലോക”മെന്ന് പ്രസിഡന്റ് പറഞ്ഞു.
വെള്ളിയാഴ്ച ബി ബി സിയില്‍ സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് ഭര്‍ത്താവിന്റെ ഭരണത്തെ നിശിതമായി വിമര്‍ശിച്ച് ബുഹാരിയുടെ ഭാര്യ ആഇശ ബുഹാരി രംഗത്തുവന്നത്. നൈജീരിയയില്‍ ഒരു വ്യവസ്ഥയുമില്ലാത്ത സംവിധാനമാണുള്ളത്. ഇതില്‍ ഒരു മാറ്റവുമില്ലെങ്കില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകില്ലെന്നാണ് പ്രസിഡന്റ് മുഹമ്മദ് ബുഹാരിക്ക് ഭാര്യ ആഇശ ബുഹാരി മുന്നറിയിപ്പ് നല്‍കിയത്.
ഒരു വ്യവസ്ഥയുമില്ലാത്ത സര്‍ക്കാര്‍ സംവിധാനമാണ് രാജ്യത്തുള്ളത്. സര്‍ക്കാറിന്റെ കീഴില്‍ നടക്കുന്ന പദ്ധതികളെ ക്കുറിച്ച് അദ്ദേഹത്തിനറിയില്ല എന്ന രൂക്ഷ വിമര്‍ശനമാണ് ആഇശ ഉന്നയിച്ചത്. ഈയവസ്ഥ തുടര്‍ന്നാല്‍ അടുത്ത തവണ സ്ത്രീകളോട് വോട്ട് ചോദിക്കാനോ പ്രചാരണ പരിപാടികള്‍ക്കോ താന്‍ ഉണ്ടാകില്ല. ഭരണം ഈ വിധത്തില്‍ തുടരുകയാണെങ്കില്‍ 2019 ല്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ സര്‍ക്കാരിനെതിരായി രംഗത്തിറങ്ങുമെന്നും ആഇശ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ജര്‍മനിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് പ്രസിഡന്റ് ബുഹാരി തന്റെ ഭാര്യയെ “അടുക്കളക്കാരി”യാക്കി രംഗത്തെത്തിയത്. ജര്‍മന്‍ പ്രസിഡന്റ് ആഞ്ജല മെര്‍ക്കല്‍ പങ്കെടുത്ത പരിപാടിയില്‍ പ്രസിഡന്റിന്റെ പരാമര്‍ശം വന്നതോടെ മെര്‍ക്കല്‍ പൊട്ടിച്ചിരിച്ചു.1980കളില്‍ സൈനിക മേധാവിയായിരുന്ന ബുഹാരി മൂന്ന് തവണ പരാജയപ്പെട്ടതിന് ശേഷം 2015 ലാണ് പ്രസിഡന്റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. നേരത്തേ അദ്ദേഹത്തിന്റെ എതിര്‍ ചേരിയില്‍ ഉണ്ടായിരുന്നവര്‍ അടങ്ങുന്ന കൂട്ടുകെട്ടിന്റെ പിന്തുണയോടെയാണ് ബുഹാരി അധികാരത്തിലേറിയത്. 2019ല്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ബുഹാരി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
“അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന് ഇതുവരെ എന്നോട് പറഞ്ഞിട്ടില്ലെ”ന്നാണ് ആഇശ ബുഹാരി പറയുന്നത്. മൂന്ന് തവണ പരാജയപ്പെട്ടതിന് ശേഷമാണ് തന്നെ ജനം തിരഞ്ഞെടുത്തതെന്ന് ഭാര്യ ഓര്‍ക്കണമെന്ന് പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു. പ്രസിഡന്റ് എന്ന നിലയില്‍ നൈജീരിയയിലെ പ്രതിപക്ഷ പാര്‍ട്ടികളെ തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, ബുഹാരി നടത്തിയ പ്രസ്താവനക്കെതിരെ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രതിഷേധം ശക്തമായിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ചും പോസ്റ്റുകള്‍ ഇറങ്ങിയിട്ടുണ്ട്.

---- facebook comment plugin here -----

Latest