Connect with us

International

ഫിലിപ്പൈന്‍സില്‍ ആഞ്ഞടിച്ച് സരിക കൊടുങ്കാറ്റ്; രണ്ട് പേര്‍ മരിച്ചു

Published

|

Last Updated

മനില: ഫിലിപ്പൈന്‍സിന്റെ വടക്കു കിഴക്കന്‍ ഭാഗങ്ങളില്‍ ആഞ്ഞടിച്ച സരിക കൊടുങ്കാറ്റില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു. മരങ്ങള്‍ കടപുഴകി വീണ് വീടുകള്‍ തകരുകയും വെള്ളപ്പൊക്കത്തില്‍ നിരവധി ഗ്രാമങ്ങള്‍ ഒറ്റെപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രാദേശികമായി കാരന്‍ എന്ന പേരില്‍ അറിയപ്പെടുന്ന സരിക കൊടുങ്കാറ്റ് ഇന്നലെ രാവിലെ ഒറോറ പ്രവിശ്യയിലാണ് ആഞ്ഞടിച്ചത്. ജനസാന്ദ്രതയുള്ള കാര്‍ഷിക സംസ്ഥാനമായ ഇവിടെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയത്. നിരവധി വീടുകളുടെ മേല്‍ക്കൂരകള്‍ പാറിപ്പോയതായും മരങ്ങള്‍ കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ മറിഞ്ഞ് വൈദ്യുതി ബന്ധം ഇല്ലാതായിട്ടുണ്ടെന്നും ചില ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡുകള്‍ തകര്‍ന്നിട്ടുണ്ടെന്നും മേയര്‍ പറഞ്ഞു. തീരദേശ ഗ്രാമങ്ങളില്‍ നേരത്തെ കൊടുങ്കാറ്റ് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇവിടങ്ങളില്‍ അത്യാഹിതങ്ങള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളില്ലെന്നും അദ്ദേഹം പറഞ്ഞു. കിഴക്കന്‍ പ്രവിശ്യയായ കാറ്റന്‍ഡുവന്‍സില്‍ ഒഴുക്കില്‍ പെട്ട് ഒരാളും കാറ്റില്‍ പറന്നു പോയയാളുടെ തല തറയിലിടച്ച് ഒരാളും മരിച്ചു. മൂന്ന് പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്. പസിഫിക് സമുദ്രത്തില്‍ രൂപപ്പെട്ട കൊടുങ്കാറ്റില്‍ വെള്ളിയാഴ്ച ശക്തിയായ മഴയാണ് ലഭിച്ചത്. 26,0000 പേര്‍ വൈദ്യുതിയില്ലാതെ ദുരിതമനുഭവിക്കുന്നുണ്ട്. ശക്തിയായ കാറ്റിനെ തുടര്‍ന്ന് ബതാന്‍ പ്രവിശ്യയില്‍ തരാക് പര്‍വതം കീഴടക്കാന്‍ എത്തിയ 50 പേര്‍ ഉദ്യമം അവസാനിപ്പിച്ച് താഴെയിറങ്ങി. അതേസമയം 36 പേര്‍ മുകളില്‍ കുടുങ്ങികിടക്കുകയാണ്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. 200 ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ റദ്ദാക്കിയതോടെ വിമാനത്താവളങ്ങളില്‍ നിരവധി യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്.

Latest