Connect with us

Business

സെന്‍സെക്‌സ് ഇടിവില്‍; പണപ്പെരുപ്പം 3.57 ആയി കുറഞ്ഞു

Published

|

Last Updated

കൊച്ചി: വിദേശ ഓഹരി വിപണികള്‍ മികവിലാണെങ്കിലും പിന്നിട്ടവാരം ഇന്ത്യന്‍ മാര്‍ക്കറ്റിന് തിരിച്ചടി നേരിട്ടു. ബി എസ് ഇ സെന്‍സെക്‌സ് 387 പോയിന്റും എന്‍ എസ് ഇ നിഫ്റ്റി 114 പോയിന്റും പോയവാരം ഇടിഞ്ഞു.
അവധി ദിനങ്ങള്‍ മുലം മൂന്ന് ദിവസമാണ് വിപണി പ്രവര്‍ത്തിച്ചത്. ആഭ്യന്തര വിദേശ ഫണ്ടുകള്‍ ബ്ലുചിപ്പ് ഓഹരികളില്‍ ലാഭമെടുപ്പിന് ഉത്സാഹിച്ചു. രണ്ട് സൂചികളും ഒരുശതമാനം പ്രതിവാര നഷ്ടത്തിലാണ്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന സൂചന ഓപ്പറേറ്റമാരെ ഇന്ത്യയില്‍ വില്‍പ്പനകാരാക്കി.ആഭ്യന്തര പണപ്പെരുപ്പ നിരക്കും മൊത്ത വില സൂചികയിലെയും പുതിയ കണക്കുകളും വ്യവസായിക രംഗത്തെ തളര്‍ച്ചയുമെല്ലാം ഓപ്പറേറ്റര്‍മാരെ ഓഹരികള്‍ വിറ്റുമാറാന്‍ പ്രേരിപ്പിച്ചു. ഐ ടി കമ്പനികളുടെ വരുമാനം കുറയുമെന്ന സുചനകളും ഇതിനിടയില്‍ ഇടപാടുകാരെ പ്രോഫിറ്റ് ബുക്കിംഗിന് നിര്‍ബന്ധിച്ചു. അതേ സമയം, ദീപാവലി അടുത്തത് നിക്ഷേപ താത്പര്യം ഉയര്‍ത്തു മെന്ന പ്രതീക്ഷയിലാണ് ഒരു വിഭാഗം നിക്ഷേപകര്‍.
ഈവാരം മുന്‍നിര ഓഹരികളായ ഏ സി സി, ആര്‍ ഐ എല്‍, വിപ്രോ, എച്ച സി എല്‍ ടെക്‌നോളജി, യെസ് ബേങ്ക് തുടങ്ങിയവയുടെ ചലനങ്ങള്‍ സൂചികയെ സ്വാധീനിക്കാം. നിഫ്റ്റി സുചിക 8541-8746 റേഞ്ചില്‍ നീങ്ങി. സൂചിക 8561 ലെ സപ്പോര്‍ട്ട് ക്ലോസിങില്‍ നിലനിര്‍ത്തി. പിന്നിട്ട മൂന്ന് മാസത്തിനിടയില്‍ പല തവണ നിഫ്റ്റി 8540 ല്‍ ലെ താങ്ങില്‍ പരീക്ഷണം നടത്തി. ഏറെ നിര്‍ണായകമായ ഈ താങ്ങ് നഷ്ടപ്പെട്ടാല്‍ ഓപ്പറേറ്റര്‍മാര്‍ വില്‍പ്പനക്ക് മത്സരിക്കാം. അതേ സമയം ഫണ്ടുകള്‍ തിരിച്ച് എത്തിയാല്‍ സൂചിക 8705-8828ലേക്ക് ഉയരാം. ബി എസ് ഇ 28,217 ല്‍ നീങ്ങിയ അവസരത്തിലെ വില്‍പ്പന സമ്മര്‍ദ്ദം സുചികയെ 27,548 ലേക്ക് ഇടിച്ചു. ക്ലോസിംഗില്‍ വിപണി 27,673 പോയിന്റിലാണ്. ഈ വാരം താങ്ങ് 27,408-27,143 ല്‍ പ്രതീക്ഷിക്കാം. മികവിന് ശ്രമിച്ചാല്‍ 28,077-29,481 ല്‍ തടസം നിലവിലുണ്ട്.
രാജ്യത്തിന്റെ മൊത്തം പണപ്പെരുപ്പം സെപ്തംബറില്‍ 3.57 ശതമാനമായി കുറഞ്ഞു. ആഗസറ്റില്‍ രണ്ട് വര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 3.74 വരെ കയറിയിരുന്നു. പിന്നിട്ടവാരം വിദേശ ഫണ്ടുകള്‍ 2405 കോടി രൂപയുടെ വില്‍പ്പന നടത്തി. ഇന്ത്യന്‍ രൂപ വാരാന്ത്യം ഡോളറിന് മുന്നില്‍ 66.70 ലാണ്.
ഏഷ്യന്‍-യുറോപ്യന്‍ മാര്‍ക്കറ്റുകള്‍ മികവിലാണ്. അമേരിക്കയില്‍ പ്രമുഖ ഓഹരി ഇന്‍ഡക്‌സുകളായ ഡൗ, നാസ്ഡാക്, എസ് ആന്റ പി 500 എന്നിവ കരുത്തു കാണിച്ചു. അതേ സമയം, ചൈനീസ് നാണയമായ യുവാന്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ നീങ്ങുന്നത് തിരിച്ചടിക്ക് കാരണമാവാം. ഫോറെക്‌സ് മാര്‍ക്കറ്റില്‍ ഡോളര്‍ ശക്തിപ്രാപിച്ചത് സ്വര്‍ണം, ക്രൂഡ് ഓയില്‍ വിലകളെ ചെറിയ അളവില്‍ ബാധിച്ചു. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 1254 ഡോളറിലാണ്. ക്രൂഡ് ഓയില്‍ വാരാന്ത്യം ബാരലിന് 50.35 ഡോളറിലാണ്.

Latest