Connect with us

Kerala

കൂട്ടുനിന്ന് കേന്ദ്രസര്‍ക്കാര്‍; എണ്ണയില്‍ എരിയുന്നത് തീവെട്ടിക്കൊള്ള

Published

|

Last Updated

കൊല്ലം: ഇന്ധന വില വര്‍ധിപ്പിച്ച് സ്വകാര്യ-കോര്‍പ്പറേറ്റ് കമ്പനികള്‍ തീവെട്ടിക്കൊള്ള തുടരുമ്പോഴും അനക്കമില്ലാതെ കൂട്ടുനില്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധമുയരുന്നു. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ (ക്രൂഡ് ഓയില്‍) വില താഴുമ്പോള്‍ ആനുപാതികമായി അഭ്യന്തരവിപണിയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില താഴ്ത്താന്‍ താത്പര്യം കാണിക്കാത്ത എണ്ണകമ്പനികള്‍ അസംസ്‌കൃത എണ്ണ വിലവര്‍ധിക്കുമ്പോള്‍ കുത്തനെ വില വര്‍ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. കഴിഞ്ഞ ഒന്നരമാസകാലയളവില്‍ മാത്രം ആറ് തവണയാണ് ഇത്തരത്തില്‍ രാജ്യത്ത് എണ്ണവില കൂട്ടിയിരിക്കുന്നത്.
ഇന്നലെ മാത്രം പെട്രോളിനു 1.34 രൂപയും, ഡീസലിന് 2.37 രൂപയും കുത്തനെ ഉയര്‍ത്തി. ഇതോടെ പെട്രോള്‍ വില സംസ്ഥാനത്ത് 70 രൂപക്ക് മുകളിലെത്തി. തിരുവനന്തപുരം ജില്ലയില്‍ പെട്രോള്‍ ലിറ്ററിന് 68.75 രൂപയായിരുന്നത് ഇന്നലെയുണ്ടായ വര്‍ധനവോടെ 70.9 രൂപയും, ഡീസല്‍ 55.88 രൂപയില്‍ നിന്നും 58.25 രൂപയുമായുയര്‍ന്നു. കഴിഞ്ഞ മാസം ഒന്നിനും 15 നും 30 നും ഇത്തരത്തില്‍ എണ്ണവില ഉയര്‍ത്തിയിരുന്നു. മൂന്ന് തവണയായി 4.24 രൂപയാണ് സെപ്തംബര്‍ മാസത്തില്‍ പെട്രോളിന് ഉയര്‍ത്തിയത്.
ഈ മാസം ഒന്നിന് പെട്രോള്‍ 37 പൈസ വര്‍ധിപ്പിക്കുകയും ഡീസലിന് എട്ട് പൈസ കുറക്കുകയും ചെയ്തിരുന്നു. ഇതിനുപുറമെ ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകം സിലിന്‍ഡറിന് 22 രൂപയും,സബ്‌സിഡിയില്ലാത്ത സിലിന്‍ഡറിന് 55 രൂപയും ഉയര്‍ത്തിയിരുന്നു. തൊട്ടുപിന്നാലെ ഈ മാസം നാലിനും പെട്രോള്‍ 14 പൈസയും , ഡീസല്‍ 10 പൈസയും വര്‍ധിപ്പിച്ചിരുന്നു. ഡീസലിന് എട്ട് പൈസ കുറച്ച് തൊട്ടടുത്ത ദിവസം 10 പൈസ കൂട്ടുന്ന സ്ഥിതിയാണുണ്ടായത്.
വിലനിയന്ത്രണാധികാരം എണ്ണകമ്പനികള്‍ക്ക് വിട്ട് നല്‍കിയ തോടെ ഇത്തരത്തില്‍ മാസത്തില്‍ തന്നെ മൂന്നും നാലും തവണ വില വര്‍ധിപ്പിക്കുന്ന വളരെ പരിതാപകരമായ അവസ്ഥയാണ് എണ്ണ വിപണിയില്‍ അരങ്ങുവാഴുന്നത്.
ബാരലിന് 50.35 ഡോളര്‍ ആണ് അന്താരാഷ്ട്ര വിപണിയില്‍ ഇന്നലത്തെ ക്രൂഡ് ഓയില്‍ വില. 2002 ഏപ്രിലില്‍ ബാരലിന് 51 ഡോളര്‍ ആയിരുന്നപ്പോള്‍ രാജ്യത്ത് 28.27 രൂപയായിരുന്നു പെട്രോളിന്റെ വില. ഡീസലിന് ലിറ്ററിന് 18.35 രൂപയും. ഇപ്പോള്‍ 50 ഡോളറിലായിരിക്കുമ്പോഴാകട്ടെ പെട്രോളിന് 70 ഉം, ഡീസലിന് 58 മെന്ന അവസ്ഥയും. 2008 ജൂണില്‍ 148 ഡോളര്‍ ഉണ്ടായിരുന്നപ്പോള്‍ പോലും പെട്രോളിന് ലിറ്ററിന് 53.49 രൂപയും ഡീസലിന് 38.05 രൂപയുമാണുണ്ടായിരുന്നത്.
2009 ല്‍ മുന്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാര്‍ വിലനിയന്ത്രണാധികാരം സ്വകാര്യ എണ്ണകമ്പനികള്‍ക്ക് നല്‍കിയതോടെയാണ് ഈ സ്ഥിതിമാറിയത്. അന്ന് അതിനെ എതിര്‍ക്കുകയും താന്‍ അധികാരത്തിലെത്തിയാല്‍ എണ്ണവില കൂട്ടില്ലെന്നും പറഞ്ഞ് അധികാരത്തിലേറിയ നരേന്ദ്ര മോദിയാകട്ടെ എണ്ണവിലകുറക്കാന്‍ നടപടികളെടുക്കുന്നതിന് പകരം എണ്ണകമ്പനികളെ സഹായിക്കാനുള്ള നടപടികളുമായി കൂട്ട് നില്‍ക്കുകയാണിപ്പോള്‍.
അസംസ്‌കൃത എണ്ണവില 115 – 120 ഡോളറായിരുന്ന നിരക്കിലാണ് രാജ്യത്ത് ഇപ്പോഴും ഡീസല്‍ വില്‍ക്കുന്നത്. അസംസ്‌കൃത എണ്ണക്ക് 125 ഡോളര്‍ വിലയുണ്ടായിരുന്ന അവസരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ വില 39 രൂപയായിരുന്നു. 2010 ജനുവരിയില്‍ രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണവില ബാരലിന് 85 ഡോളറായിരുന്നപ്പോള്‍ ഡീസല്‍ ലിറ്ററിന് 37.75 രൂപയും പെട്രോളിന് 55.87 രൂപയുമാണുണ്ടായിരുന്നത്. 2015 ജനുവരി എട്ടിന് എണ്ണവില ബാരലിന് 29.24 ഡോളറായപ്പോളാകട്ടെ പെട്രോള്‍ ലിറ്ററിന് 60.70 ഉം ഡീസല്‍ ലിറ്ററിന് 46.12 മായി.
കഴിഞ്ഞ 12 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ജനുവരിയില്‍ ബാരലിന് 29.24 ഡോളറായപ്പോള്‍ പെട്രോള്‍, ഡീസല്‍, പാചകവാതക വില എണ്ണകമ്പനികള്‍ താഴ്ത്തിയിരുന്നില്ല. കുത്തക – കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് ജനങ്ങളെ കൊള്ളയടിക്കാന്‍ കൂട്ട് നില്‍ക്കുന്നതിനൊപ്പം ക്രൂഡ് ഓയില്‍ വില കുത്തനെ കുറഞ്ഞാലും ഇതിന്റെ ഗുണമൊന്നും പൊതുജനങ്ങളിലേക്ക് എത്താത്ത തരത്തില്‍ എക്‌സൈസ് തീരുവ ഉയര്‍ത്തി ക്രൂശിക്കാനും കേന്ദ്രസര്‍ക്കാര്‍ മുന്നിലുണ്ട്.
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ കൂട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ഈ ജനദ്രോഹനടപടിക്ക് ആക്കം കൂട്ടുന്നത്. നരേന്ദ്ര മോദി അധികാരത്തില്‍ വന്ന ശേഷം എട്ടുതവണയാണ് ഇത്തരത്തില്‍ പെട്രോള്‍, ഡീസല്‍ എക്‌സൈസ് തീരുവ കൂട്ടിയത്. മോദി അധികാരമേല്‍ക്കുമ്പോള്‍ പെട്രോളിന് 9.45 രൂപയും ഡീസലിന് 3.65 രൂപയുമായിരുന്നു എക്‌സൈസ് തീരുവ. അത് ഇന്ന് ഒരു ലിറ്റര്‍ പെട്രോളിന് 19.73 രൂയിലും ഒരു ലിറ്റര്‍ ഡീസലിന് 13.83 രൂപയിലുമെത്തി.
ഇന്നലെയുണ്ടായ കുത്തനെയുള്ള വര്‍ധനവിന്റെ സഹചര്യത്തില്‍ നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷമായ പ്രതിഷേധങ്ങളാണ് സോഷ്യല്‍ മീഡിയകളിലൂടെയും മറ്റുമായി ഉയരുന്നത്.ഇന്ധന വില ഉയരുന്നതോടെ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റമുള്‍പ്പെടെയുള്ള ദൂരവ്യാപകമായ പ്രത്യാഘാദങ്ങള്‍ക്കിടയാക്കുമ്പോഴും ജനങ്ങളുടെ പ്രതിഷേധങ്ങളൊന്നും മുഖവിലക്കെടുക്കാത്ത നടപടികളുമായാണ് കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.