Connect with us

National

വിവരങ്ങള്‍ ചോര്‍ന്നു; 32 ലക്ഷം ഡബിറ്റ്കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: വിവരങ്ങള്‍ ചോര്‍ന്നെന്ന സംശയത്തെ തുടര്‍ന്ന് രാജ്യത്തെ വിവിധ ബേങ്കുകള്‍ 32 ലക്ഷത്തോളം എ ടി എം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക് ചെയ്തു. എസ് ബി ഐ അസോസിയേറ്റഡ് ബേങ്കുകള്‍, എച്ച് ഡി എഫ് സി, യെസ് ബേങ്ക്, ആക്‌സിസ് ബേങ്ക്, ഐ സി ഐ സി ഐ ബേങ്കുകളാണ് സുരക്ഷാ കാരണം മുന്‍നിര്‍ത്തി എ ടി എം ഡെബിറ്റ് കാര്‍ഡുകള്‍ ബ്ലോക് ചെയ്തത്. എസ് ബി ഐയും അസോസിയേറ്റ് ബേങ്കായ എസ് ബി ടിയും നേരത്തെ കേരളത്തിലെ 6.25 ലക്ഷം എ ടി എം കാര്‍ഡുകള്‍ ബ്ലോക് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റു ബേങ്കുകളുടെയും നീക്കം.

ചില ഇടപാടുകാരുടെ പണം അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും പിന്‍വലിച്ചതയും ഇതിനിടെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. എ ടി എം കാര്‍ഡുകളും എ ടി എം മെഷീനുകളും നിര്‍മിക്കുന്ന ഹിറ്റാച്ചി പേയ്‌മെന്റ് സര്‍വീസ് കമ്പനിയില്‍ നിന്നാണ് കാര്‍ഡുകളുടെ സുരക്ഷാ വിവരങ്ങള്‍ ചോര്‍ന്നതെന്നാണ് നാഷനല്‍ പേയ്‌മെന്റ കോര്‍പറേഷന്‍ ഇതുസംബന്ധിച്ച് നടത്തിയ സുരക്ഷാ പരിശോധനയില്‍ കണ്ടെത്തിയത്. വൈറസോ മാല്‍വെയറോ വഴി ഹിറ്റാച്ചിയുടെ നെറ്റ്‌വര്‍ക്കില്‍ നിന്ന് നിന്ന് വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.

അന്വേഷണത്തിനൊടുവില്‍ നാഷനല്‍ പേയ്‌മെന്റ കോര്‍പറേഷന്റെ നിര്‍ദേശ പ്രകാരമാണ് 32 ലക്ഷത്തോളം കാര്‍ഡുകള്‍ പിന്‍വലിച്ചത്. 26 ലക്ഷം വിസ, മാസ്റ്റര്‍ കാര്‍ഡുകളും ആറ് ലക്ഷം റൂപേ കാര്‍ഡുകളുമാണ് ബ്ലോക് ചെയ്തത്. ഇതിനിടെ സംശയമുള്ള ആറ് ലക്ഷം കാര്‍ഡുകള്‍ മാറ്റിനല്‍കാന്‍ എസ് ബി ഐ തീരുമാനിച്ചിട്ടുണ്ട്. മിക്ക ബേങ്കുകളും രഹസ്യ നമ്പറുകള്‍ മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest