Kerala
കേരളത്തിലെ കോണ്‍ഗ്രസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി: ആന്റണി

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കേരളത്തില്‍ കോണ്‍ഗ്രസ് നേരിടുന്നതെന്ന് എഐസിസി പ്രവര്‍ത്തസമിതിയംഗം എകെ ആന്റണി. ഇങ്ങനെയുള്ള കാലഘട്ടത്തില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനും കഴിയുന്നവരെ ഡിസിസി പ്രസിഡന്റുമാരായി നിര്‍ദേശിക്കാന്‍ എല്ലാവരും ശ്രമിക്കുമെന്നാണു കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.ഐഎന്‍ടിയുസി നേതാവായിരുന്ന കെപി എല്‍സേബിയൂസിന്റെ പേരിലുള്ള പുരസ്‌കാരം സി ഹരിദാസിനു സമ്മാനിച്ചശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു ആന്റണി.
പുനഃസംഘടനയില്‍ യുവാക്കള്‍ക്കും വനിതകള്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കും. പാര്‍ട്ടി തര്‍ക്കങ്ങള്‍ ഉണ്ടാകാതെ പുനസംഘടന എത്രയും വേഗം പൂര്‍ത്തിയാക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ആന്റണി പറഞ്ഞു.
കൊല്ലത്ത് ദലിത് യുവാക്കള്‍ക്കു നേരെയുണ്ടായ പൊലീസ് മര്‍ദനം അതിക്രൂരമാണ്. കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കണം. സ്‌റ്റേഷനുകളില്‍ പിടികൂടുന്ന പ്രതികളെ ഇടിച്ച്, ജീവിക്കാന്‍ പറ്റാത്ത തരത്തിലാക്കുന്ന പൊലീസ്മുറ തിരിച്ചുകൊണ്ടുവരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.