Connect with us

Kerala

പഴങ്ങളിലും പച്ചക്കറിയിലും വിഷം തളിക്കരുത്; അയല്‍ നാടുകളെയും കേരളം 'പഠിപ്പിക്കുന്നു'

Published

|

Last Updated

കണ്ണൂര്‍: കേരളത്തിലേക്ക് കൂടുതലായി പച്ചക്കറികളെത്തുന്ന അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലെ കര്‍ഷകര്‍ക്കായി കേരളത്തിലെ കൃഷി വകുപ്പിന്റെ ബോധവത്കരണം. സംസ്ഥാന അതിര്‍ത്തിയിലെ കാര്‍ഷിക ഗ്രാമങ്ങളിലാണ് കൃഷിവകുപ്പിന്റെ കൃഷിയിട ബോധവത്കരണ പരിപാടി തുടങ്ങിയത്. പച്ചക്കറിക്കായി തളിക്കുന്ന അതീവ വിഷാംശമുള്ള കീടനാശിനികളെക്കുറിച്ച് കര്‍ഷകരെ ബോധവത്കരിക്കുകയെന്നതാണ് പ്രധാന പരിപാടി.
പ്രാദേശിക ഭാഷകളില്‍ അച്ചടിച്ച ലഘുലേഖകളുമായി തമിഴ്, കനഡ ഭാഷകളില്‍ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥരെ ഉപയോഗിച്ചാണ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. തമിഴ്, കന്നഡ പത്രങ്ങളില്‍ ഇതു സംബന്ധിച്ച് പരസ്യങ്ങളും നല്‍കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നാണ് കേരളത്തിലേക്ക് ഏറ്റവുമധികം പച്ചക്കറിയെത്തുന്നത്. പ്രത്യേകിച്ചും അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന്. ഇവിടെ ഉത്പാദിപ്പിക്കുന്ന ഇരുന്നൂറ് ലക്ഷം ടണ്ണോളം പച്ചക്കറിയും പഴങ്ങളും കൂടുതലും കയറ്റിയയക്കുന്നത് കേരളത്തിലേക്കാണ്. തമിഴ്‌നാട് സര്‍ക്കാറിന്റെ 895 കൃഷി കേന്ദ്രങ്ങളിലൂടെയും 9700 സ്വകാര്യ വ്യാപാരികളിലൂടെയും കീടനാശിനികള്‍ ഇവിടെ വന്‍തോതിലാണ് കര്‍ഷകര്‍ക്കായി വിറ്റഴിക്കുന്നത്. പച്ചക്കറിയുടെയും പഴങ്ങളുടെയും കീടബാധക്കുപുറമെ, അവയുടെ വളര്‍ച്ചക്കും അന്യസംസ്ഥാന കൃഷിയിടങ്ങളില്‍ മാരക കീടനാശിനികള്‍ ഉപയോഗിക്കുന്നതായി നേരത്തെ കണ്ടെത്തിയിരുന്നു.
അര്‍ബുദത്തിന് കാരണമായേക്കാവുന്ന മീതൈല്‍ ക്ലോറൈഡ്, ഓര്‍ഗനോ ക്ലോറിന്‍, പ്രമേഹത്തിനിടയാക്കുന്ന ഡൈക്ലോറോ ഫെനോള്‍ എന്ന രാസകീടനാശിനി, ഗര്‍ഭഛിദ്രത്തിനും കുട്ടികളുണ്ടാകാതിരിക്കാനും കാരണമായേക്കാവുന്നചില കള- കീടനാശിനികള്‍ എന്നിവയുടെ സാന്നിധ്യം അന്യസംസ്ഥാന പച്ചക്കറികളില്‍ നിന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അയല്‍ നാടുകളില്‍ നിന്നുള്ള പച്ചക്കറികള്‍ അതിര്‍ത്തിയില്‍ പരിശോധിക്കാന്‍ സംവിധാനമില്ലാത്തതിന്റെ കൂടി പശ്ചാത്തലത്തിലാണ് കീടനാശിനികളുടെ ദോഷ ഫലങ്ങളെക്കുറിച്ച് കര്‍ഷകര്‍ക്ക് നേരിട്ട് ബോധവത്കരണം നടത്തുന്നത്. പഴം, പച്ചക്കറി ഉത്പാദനം തങ്ങളുടെ പ്രധാന തൊഴിലും വരുമാനവുമാണെന്നും അതുകൊണ്ടുതന്നെ കേരളത്തില്‍ വിഷം തളിച്ച ഉത്പന്നങ്ങള്‍ വിറ്റഴിച്ചാല്‍ ആവശ്യക്കാര്‍ കുറയുമെന്നൊരു ഭീതി അന്യസംസ്ഥാന കര്‍ഷകരിലുണ്ടായാല്‍ അവര്‍ സ്വയം തിരുത്തുമെന്ന പ്രതീക്ഷയും കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പുലര്‍ത്തുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്കു വരുന്ന പച്ചക്കറികളും പഴങ്ങളും കര്‍ശന പരിശോധനക്കു ശേഷം മാത്രമേ നാട്ടിലേക്കു കടത്തിവിടൂവെന്നും ഇവ കൊണ്ടുവരുന്ന വാഹനങ്ങള്‍ക്കും നാട്ടിലെ വില്‍പ്പനക്കാര്‍ക്കും രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തുമെന്നും നേരത്തെ പ്രഖ്യാപനമുണ്ടായിരുന്നെങ്കിലും ഇത് ഫലപ്രദമാകില്ലെന്നാണ് കൃഷിവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാനത്തെ ഒമ്പത് ചെക്ക് പോസ്റ്റുകളില്‍ നിത്യേന മുന്നൂറിലധികം ലോറികളാണ് അന്യസംസ്ഥാനത്ത് നിന്ന് പച്ചക്കറികളുമായെത്തുന്നത്. ഒരു വാഹനത്തില്‍ നാല്‍പ്പതിലേറെ പച്ചക്കറികളുമുണ്ടാകും. എന്നാല്‍ ഇത് പരിശോധിക്കേണ്ട ഉദ്യോഗസ്ഥരുടെ എണ്ണമാണെങ്കില്‍ സംസ്ഥാനത്താകെ നൂറില്‍ താഴെയാണ്. ആയതിനാല്‍ പരിശോധന വെറും പേരിന് മാത്രം നടത്തേണ്ട അവസ്ഥയിലാണുള്ളത്.
എന്നാല്‍, അതിര്‍ത്തിയില്‍ പ്രത്യേക പരിശോധനാ ലാബുകള്‍ സ്ഥാപിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെ നിയമിച്ച് ഓരോ ഇനവും പരിശോധിക്കുന്നതിനുള്ള സംവിധാനം ആരംഭിച്ചാല്‍ ഒരുപരിധിവരെ വിഷപ്പച്ചക്കറിയുടെ ഒഴുക്ക് തടയാനാകുമെന്നും നിരീക്ഷിക്കപ്പെടുന്നുണ്ട്. തദ്ദേശീയമായി പച്ചക്കറി ഉത്പാദനത്തില്‍ സംസ്ഥാനം ഏറെ മുന്നിലാണെങ്കിലും കാബേജ്, ക്വാളിഫഌവര്‍, മുളക്, തക്കാളി, ഉരുളക്കിഴങ്ങ് തുടങ്ങി നിരവധി ഇനങ്ങളും മുന്തിരിപോലുള്ള പഴവര്‍ഗങ്ങളും കൂടുതലായും എത്തുന്നത് തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നുമാണ്. മുന്തിരിയിലും മറ്റും തളിക്കുന്ന കീടനാശിനികള്‍ പോലും ആരോഗ്യപ്രശ്‌നമുണ്ടാക്കുന്നവയാണെന്ന് കാര്‍ഷിക ഗവേഷകര്‍ പറയുന്നു. ഇവ കേരളത്തില്‍ കൂടുതലായി കൃഷി ചെയ്യാനാകില്ല. ഈ സാഹചര്യത്തില്‍ ബോധവത്കരണം തന്നെയാണ് പ്രധാന മാര്‍ഗമെന്നും ഇവര്‍ പറയുന്നു.
അതേസമയം, കഴിഞ്ഞ മൂന്ന് മാസത്തിനകം അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തിയ പച്ചക്കറികളുടെ ഏതാനും സാമ്പിളുകളില്‍ നടത്തിയ പരിശോധനയില്‍ വിഷാംശം കുറഞ്ഞതായി കണ്ടെത്തിയിട്ടുണ്ട്. 188 പച്ചക്കറി സാമ്പിളുകള്‍ കാര്‍ഷിക സര്‍വകലാശാലയുടെ വെള്ളായനി ലാബില്‍ നിന്ന് പരിശോധിച്ചപ്പോള്‍ അതില്‍ 91.5ശതമാനവും ഭക്ഷ്യയോഗ്യമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്.

ബ്യൂറോ ചീഫ്, സിറാജ്, കൊച്ചി