Articles
ഐക്യരാഷ്ട്രസഭയും 21- ാം നൂറ്റാണ്ടും

1945ലെ രണ്ടാം ലോക മഹായുദ്ധത്തിന്റെ ഭീതിതമായ അന്തരീക്ഷം, ലോകം സമാധാനത്തിന് വെമ്പല്‍ കൊണ്ട സന്ദര്‍ഭം, സാന്‍ഫ്രാന്‍സിസ്‌കോയില്‍ സമ്മേളിച്ച 51 രാഷ്ട്രങ്ങള്‍ ചേര്‍ന്ന് തുടക്കം കുറിച്ച ഐക്യരാഷ്ട്രസഭ 71 വര്‍ഷം പൂര്‍ത്തീകരിക്കുമ്പോള്‍, ലോകം വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. 1945 ഒക്‌ടോബര്‍ 24ന് നിലവില്‍ വന്ന ഐക്യരാഷ്ട്രസഭയുടെ പിറവി, ഐക്യരാഷ്ട്രസഭ ദിനമായി 1948 മുതല്‍ 193 അംഗ രാജ്യങ്ങളിലും ആചരിക്കുന്നു. 1942 ജനുവരി ഒന്നിനാണ് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഫ്രാങ്ക്‌ലീന്‍ റൂസ് വെല്‍റ്റ് ഐക്യരാഷ്ട്രസഭ എന്ന ആശയം മുന്നോട്ടു വെച്ചത്. വിവിധ തലങ്ങളിലുള്ള കൂടിയാലോചനകള്‍ക്ക് ശേഷം 1944ല്‍ ലോകത്തെ വന്‍ശക്തികളായ അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന രാജ്യങ്ങളുടെ മേധാവിത്വത്തോടെ തയാറാക്കിയ കരട് രേഖയാണ് ഐക്യരാഷ്ട്രസഭ ചാര്‍ട്ടറായി നിലവില്‍ വന്നത്. ലോകത്ത് അന്ന് ഉണ്ടായിരുന്ന ലീഗ് ഓഫ് നാഷ്ന്‍സിന്റെ പ്രവര്‍ത്തന പരാജയത്തിന്റെ അര്‍ഥതലത്തില്‍ നിന്നാണ് യു എന്‍ ചാര്‍ട്ടര്‍ പിറന്ന് വീണത്.
യു എന്‍ ചാര്‍ട്ടറിലെ ഒന്നാം ആര്‍ട്ടിക്കിളില്‍ യു എന്‍ ഒവിന്റെ ലക്ഷ്യങ്ങള്‍ വിവരിക്കുന്നു. ലോകത്ത് സമാധാനവും സുരക്ഷിതത്വവും ഉറപ്പ് വരുത്തുകയും രാഷ്ട്രങ്ങള്‍ തമ്മില്‍ അവരുടെ ഹൃദ്യമായ ബന്ധം ഊട്ടി ഉറപ്പിക്കുകയും ലോകത്ത് ശാന്തിയും സഹവര്‍ത്തിത്വവും ഉണ്ടാക്കുകയും ചെയ്യാന്‍ യു എന്‍ ഒ പ്രതിജ്ഞനബദ്ധമാണ്. അന്താരാഷ്ട്ര രംഗത്ത് ഉണ്ടാകുന്ന സാമൂഹിക – സാമ്പത്തിക – സാംസ്‌കാരിക പ്രശ്‌നങ്ങള്‍ക്ക് രമ്യമായും അനുരജ്ഞനത്തിലൂടെയും പരിഹാരം ഉണ്ടാക്കേണ്ടതും 111 വകുപ്പുകള്‍ ഉളള യു എന്‍ ചാര്‍ട്ടറില്‍ കൃത്യമായി രേഖപ്പെടുത്തിട്ടിയിട്ടുണ്ട്, ഇതിനായി ഏഴ് തത്വങ്ങളും നടപ്പിലാക്കുന്നുണ്ട്. 21 നൂറ്റാണ്ടില്‍ മനുഷ്യനും പ്രകൃതിയും നേരിടുന്ന പ്രശ്‌നങ്ങളും സമാധാനം, സുരക്ഷിതത്വം, സുസ്ഥിര വികസനം, മനുഷ്യാവാകാശം, ഭീകരത, നിരായുധീകരണം, ലിംഗ അസമത്വം, സാമ്പാത്തിക അസമത്വം എന്നീ കാലിക വിഷയങ്ങളില്‍ ഇടപ്പെടാനുളള ആര്‍ജവവും കാണിക്കേണ്ട യു എന്‍ സങ്കീര്‍ണമായ ഒരു കാലത്തിലൂടെയാണ് കടന്ന് പോകുന്നത്. ഓരോ സമയത്തും എടുക്കുന്ന തീരുമാനങ്ങള്‍ പൂര്‍ണ അര്‍തഥത്തില്‍ നടപ്പിലാക്കുകയാണെങ്കില്‍ യു എന്നിന്റെ ഭാവി ഭാസുരമാകുന്നതാണ്.
അസമാധാനത്തിന്റെ സ്വരം ലോകത്ത് എവിടെ ഉണ്ടായാലും യു എന്‍ ഇടപ്പെടാറുണ്ട്. 1953ലെ കൊറിയ യുദ്ധത്തിലും, 1956 സൂയസ് കനാല്‍ പ്രശ്‌നത്തിലും സജീവമായ ഇടപ്പെടാന്‍ സാധിച്ചു. 1948 ഡിസംബര്‍ 10ലെ യു എന്‍ മനുഷ്യവകാശ പ്രഖ്യാപനം, ഐക്യരാഷ്ട്രസഭയുടെ ചരിത്രത്തിലെ പുതിയ അധ്യായമായി മനുഷ്യാവകാശ പ്രവ്രര്‍ത്തകര്‍ കരുതുന്നു. യു എന്നിന്റെ നേതൃത്വത്തിലുളള സമാധാന ദൗത്യ സേനക്ക് 1956ല്‍ തുടക്കം കുറിക്കാനും ഭക്ഷ്യ സ്വാശ്രയത്തിന് വേണ്ടിയുളള പ്രത്യേക പരിപാടി 1961ല്‍ ആരംഭിക്കാനും, ലോകത്ത് അണുവായുധ യുദ്ധം ഇല്ലാതാക്കുവാനുളള പരിശ്രമത്തിന് 1968ല്‍ നാന്ദി കുറിക്കുവാനും സാധിച്ചത് നേട്ടങ്ങളാണ്.
കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച് 1997ല്‍ പ്രോട്ടോകോള്‍ നടപ്പിലാക്കിയതും 2009 ഇതിനായി പദ്ധതി ആവിഷ്‌കരിച്ചതും, ഭാവി തലമുറക്ക് വേണ്ടിയുളള കരുതലുളള നടപ്പടിയായി കണക്കാക്കുന്നു. എയിഡ്‌സിനെതിരെ സന്ധിയില്ലാ യുദ്ധം 2001ല്‍ പ്രഖ്യാപിക്കുകയുമുണ്ടായി. 2003ലെ ഇറാഖ് യുദ്ധം, 2007ലെ ഹയ്തിയിലെ കലാപം എന്നിവയിലെ ഇടപ്പെടല്‍, 2012ലെ സുഡാനിലം കലാപം, 2014 ല്‍ ആരംഭിച്ച സിറിയന്‍ പ്രശ്‌നം എന്നിവയില്‍ യു എന്‍ ഇടപെടുകയുണ്ടായി. 2014ലെ ലോകത്തെ ചില ഭാഗങ്ങളില്‍ പൊട്ടിപുറപ്പെട്ട എബോള രോഗം പടര്‍ന്ന് പിടിക്കാതിരിക്കാന്‍ ആരംഭിച്ച പ്രത്യേക ആരോഗ്യ പരിപാടി, ആരോഗ്യ രംഗത്തെ യു എന്നിന്റെ മികച്ച ഇടപെടലായിരുന്നു.
നിരവധി വൈതരണികളിലൂടെ കടന്ന് പോയ യു എന്നിന് 26 തവണ ലോക അംഗീകാരം വ്യത്യസ്ത അവാര്‍ഡുകളിലുടെ ലഭിച്ചു. 1954ലും 1981ലും അഭയാര്‍ഥി പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തതിന് നൊബേല്‍ സമ്മാനം ലഭിച്ചതും 1965ല്‍ യുനീസെഫിന് സമാധാനത്തിനുളള നൊബേല്‍ സമ്മാനം ലഭിച്ചതും, 2001ല്‍ യു എന്‍ സെക്രട്ടറി ജനറലായിരുന്ന കോഫി അന്നന് നൊബേല്‍ സമ്മാനം ലഭിച്ചതും ശ്രദ്ധേയമായ നേട്ടങ്ങളാണ്. കൂടാതെ യു എന്നിന്റെ അനുബന്ധ സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും മറ്റ് നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. പ്രതിവര്‍ഷം 60,000 പേര്‍ക്ക് ജീവഹാനി ഉണ്ടാകുന്ന പേവിഷബാധ എന്ന മാരക പ്രശ്‌നത്തിന് പരിഹാരം കാണുന്നതിനുള്ള ശ്രമങ്ങളും നടക്കുന്നു. 2007 ജനുവരി ഒന്ന് മുതല്‍ സെക്രട്ടറി ജനറലായ ബാന്‍കീമൂണ്‍ തന്റെ പദവി പോര്‍ച്ചുഗലിന്റെ മുന്‍ പ്രധാനമന്ത്രി അന്റോണിയ ഗുട്ടേര്‍സിന് കൈമാറാന്‍ പോകുകയാണ്.
യു എന്‍ ചാര്‍ട്ടറില്‍ ഒപ്പ് വെച്ച ആദ്യത്തെ 26 രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെട്ടിരുന്നു. ഗവര്‍ണര്‍ ജനറല്‍ എക്‌സീക്യൂട്ടീവ് മെബറായിരുന്ന എ രാമസ്വാമി മുദലിയാറായിരുന്നു ഇന്ത്യക്ക് വേണ്ടി ഒപ്പ് വെച്ചത്. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചനം അവസാനിപ്പിക്കാനും കൊറിയന്‍ യുദ്ധം, സൂയിസ് കനാല്‍ പ്രശ്‌നം എന്നിവയില്‍ സജീവമായി ഇടപ്പെടാനും ഇന്ത്യക്ക് സാധിച്ചിട്ടുണ്ട്. 1953ല്‍ വിജയലക്ഷ്മി പണ്ഡിറ്റ് ആദ്യ വനിത ജനറല്‍ അസംബ്ലി പ്രസിഡായി തിരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യയുടെ സ്വീകാര്യതയുടെ ഉദാഹരണമാണ്. വന്‍ ശക്തികള്‍ ലോകത്തെ നിയന്ത്രിക്കാന്‍ ശ്രമിച്ചപ്പോള്‍ ചേരിചേരാനയം പ്രാവര്‍ത്തികമാകാന്‍ ഇന്ത്യ മുന്‍പന്തിയിലുണ്ടായിരുന്നു. ഏഴ് തവണ 14 വര്‍ഷക്കാലം യു എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ ഇന്ത്യ അംഗമായിരുന്നു. 2011 – 12ലാണ് ഏറ്റവും ഒടുവില്‍ അംഗത്വം ലഭിച്ചത്. ജനസംഖ്യയില്‍ ലോകത്ത് 2-ാം സ്ഥാനം ഉളള സാമ്പത്തിക ശക്തിയില്‍ 9 -ാം സ്ഥാനത്തുളള വാങ്ങല്‍ ഘടക പരിശോധനയില്‍ 3 -ാം സ്ഥാനത്തുളള ഏറ്റവും ജനാധിപത്യ രാഷ്ട്രത്തെ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ സ്ഥിരാംഗത്വത്തില്‍ നിന്ന് മാറ്റി നിര്‍ത്തുന്നത് ഭൂഷണമാണോ? ഇന്ത്യയെ ഉള്‍കൊളളാന്‍ വിറ്റോ അധികാരമുളള അമേരിക്ക, റഷ്യ, ബ്രിട്ടന്‍, ചൈന, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. അഭയാര്‍ഥി പ്രശ്‌നം കൊടുമ്പിരിക്കൊണ്ടു നില്‍ക്കുകയും, സിറിയന്‍ പ്രശ്‌നം രൂക്ഷമാക്കുകയും ഭീകരത ഒരു വെല്ലുവിളിയാകുകയും ചെയ്യുമ്പോള്‍ ഇന്ത്യയുടെ യു എന്‍ സെക്യൂരിറ്റി കൗണ്‍സിലെ സ്ഥിര സാന്നിധ്യം ഏറെ പ്രസ്‌കതമാണ്. സ്ഥിരാംഗത്വം ലഭിക്കാന്‍ സാധ്യതയുളള പട്ടികയില്‍ ഇന്ത്യയെ കൂടാതെ ബ്രസീല്‍, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളുമുണ്ട്.
ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് ഇന്ത്യ എപ്പോഴും കരുത്ത് പകര്‍ന്നിട്ടുണ്ട്. ബി ആര്‍ അംബ്‌ദേക്കറുടെ ജന്മശതാബ്ദിയുടെ ഭാഗമായി ഏപ്രില്‍ 14 ലോകസമത്വ ദിനമായി ആചരിക്കാന്‍ സാധിച്ചതും ഭീകരവിരുദ്ധ പോരാട്ടത്തില്‍ അചഞ്ചലമായി യു എന്നിന്റെ കൂടെ നില്‍ക്കാന്‍ സാധിച്ചതും ഇന്ത്യയും, യു എന്നും തമ്മിലുളള ബന്ധത്തിന്റെ മകുടുദോഹരണമാണ്. ഈയടുത്ത് ഇന്ത്യയുടെ വിനോദ് റായ് ഐക്യരാഷ്ട്രസഭ പാനല്‍ ഓഫ് എക്‌സ്റ്റേണല്‍ ഓഡിറ്റ് ചെയര്‍മാന്‍ ആയത് എടുത്ത് പറയാവുന്നതാണ്.