National
സമാജ്‌വാദി പാര്‍ട്ടിയില്‍ ഭിന്നത രൂക്ഷം; സമവായശ്രമം പാളി
ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടിയിലെ ഭിന്നത പരിഹരിക്കാന്‍ മുലായം സിംഗ് വിളിച്ചു ചേര്‍ത്ത യോഗം പാളി. രൂക്ഷമായ വാഗ്വാദത്തെ തുടര്‍ന്ന് അഖിലേഷ് യാദവ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. യോഗത്തില്‍ സംസാരിച്ച മുലായം സിംഗ് അഖിലേഷിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഉന്നയിച്ചത്.
അഖിലേഷിന് അധികാരം തലക്ക് പിടിച്ചിരിക്കുകയാണെന്ന് മുലായം കുറ്റപ്പെടുത്തി. പാര്‍ട്ടിക്ക് വേണ്ടി ശിവപാല്‍ യാദവ് നടത്തിയ പരിശ്രമങ്ങള്‍ മറക്കാന്‍ തനിക്കാവില്ലെന്നും മുലായം പറഞ്ഞു. അമര്‍ സിംഗിനെ കൈവിടില്ലെന്നും അയാള്‍ ചെയ്ത എല്ലാ തെറ്റുകള്‍ക്കും താന്‍ മാപ്പ് നല്‍കിയതാണെന്നും മുലായം പറഞ്ഞു.
യോഗത്തില്‍ സംസാരിച്ച അഖിലേഷ് യാദവ് അമര്‍ സിംഗിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ഉത്തര്‍പ്രദേശിലെ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് താന്‍ പ്രവര്‍ത്തിച്ചത്. പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പുണ്ടാക്കാന്‍ ചിലര്‍ മനപ്പൂര്‍വം ശ്രമിക്കുകയാണ്. താന്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുന്നു എന്ന വാര്‍ത്ത തെറ്റാണെന്നും അഖിലേഷ് പറഞ്ഞു.