Connect with us

Business

ദീപാവലി വ്യാപാരത്തിന് തയ്യാറെടുത്ത് ഓഹരി വിപണി

Published

|

Last Updated

ഇന്ത്യന്‍ ഓഹരി വിപണി സംവത്ത് 2073 ലെ ദീപാവലി മുഹൂര്‍ത്ത വ്യാപാരത്തിനുള്ള തയ്യാറെടുപ്പിലാണ്. ഗുജറാത്തി വര്‍ഷമായ സംവത്ത് 2072 ല്‍ സുചിക എട്ട് ശതമാനം ഉയര്‍ന്നത് നിക്ഷേപകര്‍ക്ക് വന്‍ നേട്ടങ്ങള്‍ക്ക് അവസരം ഒരുക്കിയിരുന്നു. അടുത്ത ഞായറാഴ്ച്ചയാണ് ദീപാവലി മുഹൂര്‍ത്ത വ്യാപാരം നടക്കുക.
ആഭ്യന്തര ഫണ്ടുകളും പ്രദേശിക നിക്ഷേപകരും വിപണിയോട് കാണിച്ച താത്പര്യം സൂചികക്ക് നേട്ടമായി. ബോംബെ സൂചിക കഴിഞ്ഞവാരം 433 പോയിന്റും നിഫ്റ്റി സൂചിക 109 പോയിന്റും വര്‍ധിച്ചു. ബി എസ് ഇ മിഡ്ക്യാമ്പ് ഇന്‍ഡക്‌സ് 182 പോയിന്റും സ്‌മോള്‍ ക്യാപ് ഇന്‍ഡക്‌സ് 255 പോയിന്റും ഉയര്‍ന്നു.
ബേങ്കിംഗ്, ടെക്‌നോളജി, പവര്‍, സ്റ്റീല്‍, കാപ്പിറ്റല്‍ ഗുഡ്‌സ്, റിയാലിറ്റി, എഫ് എം സി ജി, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് വിഭാഗങ്ങളില്‍ കഴിഞ്ഞവാരം വാങ്ങല്‍ താത്പര്യം നിറഞ്ഞുനിന്നു. അതേ സമയം കണ്‍സ്യൂമര്‍ ഗുഡ്‌സ്, ഓട്ടോമൊബൈല്‍ വിഭാഗങ്ങള്‍ക്ക് തിളങ്ങാനായില്ല.
സെന്‍സെക്‌സിലെ മുന്‍ നിര 30 ഓഹരികളില്‍ 21 എണ്ണത്തിന്റെ നിരക്ക് ഉയര്‍ന്നപ്പോള്‍ ഒമ്പത് ഓഹരികള്‍ക്ക് തിരിച്ചടിനേരിട്ടു. ഐ സി ഐ സി ഐ ബേങ്ക് ഓഹരി വില 14.82 ശതമാനം വര്‍ധിച്ച് 277 രുപയായി. ടാറ്റാ സ്റ്റീല്‍, റ്റി സി എസ്, വിപ്രോ, ഡോ. റെഡീസ്, എല്‍ ആന്റ റ്റി, എസ് ബി ഐ ഓഹരികളും നേട്ടത്തിലാണ്. എം ആന്‍ഡ് എം, ടാറ്റാ മോട്ടേഴ്‌സ് ഓഹരി വിലകള്‍ താഴ്ന്നു.
ബി എസ് ഇ യില്‍ പിന്നിട്ടവാരം 18,170.07 കോടി രൂപയുടെയും എന്‍ എസ് ഇ യില്‍ 1,06,661.62 കോടി രൂപയുടെയും ഇടപാടുകള്‍ നടന്നു. തൊട്ട് മുന്‍വാരം ഇത് യഥാക്രമം 9870.75 കോടിയും 59,232.39 കോടി രൂപയുമായിരുന്നു.
വിദേശ ഫണ്ടുകള്‍ പോയവാരം ഇന്ത്യയില്‍ 2273 കോടി രൂപയുടെ വില്‍പ്പന നടത്തി. നിക്ഷേപം തിരിച്ചു പിടിക്കാന്‍ ഫണ്ടുകള്‍ നടത്തിയ നീക്കം വിനിമയ വിപണിയില്‍ യു എസ് ഡോളറിന് മുന്നില്‍ രൂപയെ ദുര്‍ബലമാക്കി. 66.70 ല്‍ നിന്ന് രൂപയുടെ മൂല്യം 67.89 ലേക്ക് ഇടിഞ്ഞു.
ബി എസ് ഇ സൂചിക 27,494 ല്‍ നിന്ന് 28,212 വരെ ഉയര്‍ന്ന ശേഷം മാര്‍ക്കറ്റ് ക്ലോസിങില്‍ 28,077 ലാണ്. ഈവാരം സൂചികക്ക് 28,361- 28,645 ല്‍ തടസം നേരിടാം. സൂചികയുടെ താങ്ങ് 27,643-27,209 ലാണ്. നിഫ്റ്റി 8508 ല്‍ നിന്ന് 8722 വരെ കയറി. ക്ലോസിംഗില്‍ സൂചിക 8693 ലാണ്. വ്യാഴാഴ്ച്ച ഒക്‌ടോബര്‍ സീരീസ് സെറ്റില്‍മെന്റാണ്.
അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ നേട്ടത്തിലാണ്. യു എസ് ഡോളര്‍ ഇന്‍ഡക്‌സിന്റെ തിളക്കം ക്രൂഡ് ഓയില്‍ സ്വര്‍ണ വിലകളെ സ്വാധീനിച്ചു. സ്വര്‍ണം ഔണ്‍സിന് 1265 ഡോളറിലും ക്രൂഡ് ഓയില്‍ ബാരലിന് 51 ഡോളറിലുമാണ്.