Connect with us

Articles

അല്ലാമാ ശിഹാബുദ്ദീന്‍ ശാലിയാത്തി (റ)

Published

|

Last Updated

സുന്നീ സമൂഹത്തിന് തിരിച്ചറിവും ദിശാബോധവും നല്‍കിയ ആധുനിക കേരളം കണ്ട ഏറ്റവും വലിയ പണ്ഡിത പ്രതിഭയും ഗ്രന്ഥകാരനും മാര്‍ഗദര്‍ശിയായ ആത്മീയ ഗുരുവുമായിരുന്നു മര്‍ഹും അബൂ സആദാത്ത് ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തി (റ). നവലോകത്തെ ഇമാം നവവി (റ) എന്നും ഇമാം ഗസ്സാലി (റ) എന്നുമെല്ലാം പല പ്രഗത്ഭ പണ്ഡിതരും അദ്ദേഹത്തെ വിശേഷിപ്പിച്ചിട്ടുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ രൂപവത്കരണത്തിലും വളര്‍ച്ചയിലും മുഖ്യ പങ്ക് വഹിച്ച മഹാനവര്‍കള്‍ 1933 മാര്‍ച്ച് അഞ്ചിന് ഫറോക്കില്‍ നടന്ന സമസ്തയുടെ ആറാം വാര്‍ഷിക സമ്മേളനത്തിന്റെ മുഖ്യ സംഘാടകനും അധ്യക്ഷനുമായിരുന്നു.
മസ്‌ലിം പുരോഗമനത്തിന്റെ മേല്‍വിലാസത്തോടെ പ്രത്യക്ഷപ്പെട്ട തീവ്രവാദ- ഭീകരവാദ പ്രസ്ഥാനങ്ങളുമായി മുസ്‌ലിം സമൂഹം ബന്ധപ്പെടരുതെന്ന് പ്രമാണങ്ങളുടെ പിന്‍ബലത്തോടെ ഈ സമ്മേളനത്തില്‍ പ്രമേയമവതരിപ്പിച്ചത് ശാലിയാത്തി (റ) ആയിരുന്നു. തിരുത്തല്‍ വാദികളുമായുള്ള ഈ ബന്ധ വിച്ഛേദനത്തിന്റെ അനിവാര്യതയും പ്രസക്തിയും ഇന്ന് ആഗോള മുസ്‌ലിം സമൂഹത്തിന് കൂടുതല്‍ ബോധ്യപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രസ്തുത സമ്മേളനം മുടക്കാന്‍ വേണ്ടി ശാലിയാത്തി (റ)നെതിരില്‍ വഹാബികള്‍ കെ എം സീതിയുടെ നേതൃത്വത്തില്‍ അഡ്വക്കറ്റ് കെ കെ പോക്കര്‍ മുഖേന വക്കീല്‍ നോട്ടീസ് അയക്കുകയും സ്റ്റേ ചെയ്യിക്കാന്‍ ശ്രമിക്കുകയുമുണ്ടായി. കേരള ജംഇയ്യത്തുല്‍ ഉലമ തങ്ങള്‍ രജിസ്റ്റര്‍ ചെയ്ത സംഘടനയാണെന്നും ആ പേരില്‍ സമ്മേളനം നടത്താന്‍ പാടില്ലെന്നുമായിരുന്നു അവരുടെ വാദം. എന്നാല്‍ ഫറോക്കില്‍ നടക്കുന്ന സമ്മേളനം “കേരള”യല്ലെന്നും “സമസ്ത” കേരളയാണെന്നും കാണിച്ച് കൊണ്ട് മര്‍ഹൂം ശാലിയാത്തി (റ) മറുപടി കൊടുത്തതോടെ ബിദഈ കുതന്ത്രം തകരുകയും ഫറോക്ക് സമ്മേളനം വന്‍ വിജയമാകുകയും ചെയ്തു.
ഹിജ്‌റ 1302 (ക്രി. 1884) ജമാദുല്‍ ആഖിര്‍ 22നാണ് ജനനം. പണ്ഡിതനും ആത്മീയ ഗുരുവുമായിരുന്ന പിതാവില്‍ നിന്ന് തന്നെയാണ് പ്രാഥമിക വിജ്ഞാനം നേടിയത്. മൗലാനാ മുഫ്തി മഹ്മൂദ്, ശൈഖ് രിളാഹാന്‍ ബറേല്‍വി തുടങ്ങിയ ലോകപ്രശസ്ത പണ്ഡിതരില്‍ നിന്ന് വിവിധ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടി. നൈസാം രാജാവിന്റെ ഔദ്യോഗിക മുഫ്തിയായി നിയോഗിക്കപ്പെട്ടു. 1329ല്‍ വെല്ലൂര്‍ ലത്ത്വീഫിയ്യയില്‍ മുദരിസും ഫത്‌വ ബോര്‍ഡ് അംഗവുമായി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയില്‍ രിയാളുല്‍ ജിനാല്‍ കോളജില്‍ ദീര്‍ഘകാലം ദര്‍സ് നടത്തി. പിന്നീട് വേലൂര്‍ ലത്വീഫിയ്യയില്‍ പ്രിന്‍സിപ്പാളായി. 1933ല്‍ ഖിലാഫത്ത് നായകനായിരുന്ന ആലി മുസ്‌ലിയാര്‍ ഹജ്ജിന് പുറപ്പെട്ടപ്പോള്‍ തിരൂരങ്ങാടിയിലെ തന്റെ ദര്‍സ് ശാലിയാത്തി (റ)നെ ഏല്‍പ്പിക്കുകയായിരുന്നു. കൊടിയത്തൂരില്‍ അഞ്ച് വര്‍ഷക്കാലം ദര്‍സ് നടത്തിയ ശേഷം വീണ്ടും ലത്വീഫിയ്യയില്‍ സേവനമനുഷ്ഠിച്ചു. നാഗൂര്‍, ബഡ്ക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലും മുദര്‍രിസായിട്ടുണ്ട്. നൂറിലധികം അമൂല്യ ഗ്രന്ഥങ്ങളുടെ കര്‍ത്താവാണെങ്കിലും പലതും അപ്രകാശിതങ്ങളാണ്. ഇന്ത്യക്കകത്തും പുറത്തും അക്കാലത്ത് മത രംഗത്ത് കോളിളക്കം സൃഷ്ടിച്ച പല പ്രശ്‌നങ്ങള്‍ക്കും സുചിന്തിതവും ആധികാരികവുമായ തന്റെ മത വിധികള്‍ പരിഹാരമായിട്ടുണ്ട്. ഈ ഫത്‌വകളുടെ സമാഹാരമായ “”അല്‍ ഫതാവല്‍ അസ്ഹരിയ്യ”” എന്ന ഗ്രന്ഥം 1993ല്‍ പാലാഴി ഹിദായ പ്രസീദ്ധീകരിച്ചിട്ടുണ്ട്. മൗലിദുകള്‍, മര്‍സിയ്യത്തുകള്‍, ആശംസാ കാവ്യങ്ങള്‍, കത്തുകള്‍, ഖണ്ഡനങ്ങള്‍, അപൂര്‍വ കൈയെഴുത്തു കൃതികള്‍, വിവിധ രാഷ്ട്രങ്ങളുടെ പഴയ കാല ഭൂപടങ്ങള്‍, സുറിയാനി, ഉറുദു ഭാഷകളിലുള്ള അത്യപൂര്‍വ ഗ്രന്ഥങ്ങള്‍, പത്രമാസികകള്‍, വിവിധ മതങ്ങളിലെ വേദ ഗ്രന്ഥങ്ങള്‍, എഞ്ചിനീയറിംഗ്, വൈദ്യശാസ്ത്രം, ഗോളശാസ്ത്രം, മറ്റു വിവിധ ശാഖകളിലെ ഗ്രന്ഥങ്ങളും പഠന സഹായികളുമടക്കം ആയിരക്കണക്കിന് ഗ്രന്ഥങ്ങളുടെ ശേഖരമാണ് ചാലിയത്ത് അദ്ദേഹം സ്ഥാപിച്ച അസ്ഹരിയ്യ ഖുത്ത്ബു ഖാന. തുല്യതയില്ലാത്ത ഈ ഗ്രന്ഥപ്പുര പണ്ഡിതര്‍ക്കും ഗവേഷണ വിദ്യാര്‍ഥികള്‍ക്കും റഫറന്‍സ് ലക്ഷ്യം വെച്ച് കൊണ്ട് മഹാനവര്‍കള്‍ സ്ഥാപിച്ചതാണ്. തിരുത്തല്‍ വാദികളുടെ കൈയേറ്റത്തിന് വിധേയമാകാത്ത ഒറിജിനല്‍ പതിപ്പുകളാണ് ഇവിടെയുള്ളത്. 1964ല്‍ തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് ചര്‍ച്ച വന്നപ്പോള്‍ മഹാനായ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ ശാലിയാത്തിയുടെ കുത്ബു ഖാനയില്‍ കണ്ടെത്തിയ ഉറുദു കൃതിയും അതിന്റെ കവര്‍ ചട്ടയില്‍ മഹാനായ ശാലിയാത്തി എഴുതി വെച്ച കുറിപ്പും തബ്‌ലീഗ് ജമാഅത്തിനെക്കുറിച്ച് തീരുമാനമെടുക്കുന്നതില്‍ നിര്‍ണായകമായിരുന്നു. കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ ശൈഖുനാ കാന്തപുരം ഉസ്താദിന്റെ ഇജാസത്ത് (അനുമതി) പ്രകാരം ഇന്ന് മഹല്ലുകളില്‍ നടന്നു വരുന്ന “മഹഌറതുല്‍ ബദ്‌രിയ്യ”യിലെ “ഖസ്വീദ” മര്‍ഹൂം ശാലിയാത്തി (റ)യുടെ രചനയാണ്. 1954 സെപ്തംബര്‍ 26ന് (ഹിജ്‌റ 1374 മുഹറം 27) മഹാനവര്‍കള്‍ ഇഹലോക വാസം വെടിഞ്ഞു. അദ്ദേഹം സ്ഥാപിച്ച പള്ളിയുടെയും കുതുബ് ഖാനയുടെയും സമീപത്ത് അന്ത്യവിശ്രമം കൊള്ളുന്നു.