Kerala
ജേക്കബ് തോമസിനെതിരെ ഐഎഎസ് സംഘം

തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരെ വീണ്ടും ഐഎഎസ് ഉദ്യോഗസ്ഥര്‍ രംഗത്ത്. ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ കെഎം എബ്രഹാമിന്റെ വീട്ടില്‍ ബുധനാഴ്ച രാത്രി വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതാണ് പുതിയ എതിര്‍പ്പിന് കാരണമായത്. ഇക്കാര്യത്തില്‍ തങ്ങള്‍ക്കുള്ള എതിര്‍പ്പ് ഉദ്യോഗസ്ഥര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു.
അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ടായിരുന്നു എബ്രഹാമിന്റെ പൂജപ്പുരയിലെ ഫഌറ്റില്‍ റെയ്ഡ് നടത്തിയത്. കെഎം എബ്രഹാം വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് പരിശോധന നടത്തി അപമാനിക്കാന്‍ ശ്രമിച്ചു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. വിജിലന്‍സ് കോടതി ഉത്തരവിട്ട ത്വരിത പരിശോധനയുടെ ഭാഗമായിട്ടായിരുന്നു എബ്രഹാമിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്.
അതേസമയം കെഎം എബ്രഹാമിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി വിജിലന്‍സ് രംഗത്തെത്തി. കെട്ടിടത്തിന്റെ അളവെടുക്കുക മാത്രമാണ് ചെയ്തതെന്നാണ് വിജിലന്‍സ് നല്‍കുന്ന വിശദീകരണം.