Kerala
ജേക്കബ് തോമസിനെ പിന്തുണച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
തിരുവനന്തപുരം: വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിനെതിരായ ഹര്‍ജിയില്‍ അദ്ദേഹത്തെ അനുകൂലിച്ച് സംസ്ഥാന സര്‍ക്കാര്‍. ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാമെന്ന സിബിഐ നിലപാട് ദുരൂഹമാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. സംസ്ഥാന സര്‍ക്കാര്‍ ഏതെങ്കിലും കേസ് അന്വേഷിക്കണമെന്ന് ആവശ്യമുന്നയിച്ചാല്‍ കേസുകളുടെ ആധിക്യം പറഞ്ഞ് ഒഴിവാകുന്ന സിബിഐ ജേക്കബ് തോമസിനെതിരായ പരാതി അന്വേഷിക്കാന്‍ അമിത താത്പര്യം കാണിക്കുകയാണെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തതിന്റെ പ്രതികാരമായാണ് ഹര്‍ജിക്കാരന്‍ പരാതി നല്‍കിയിരിക്കുന്നത്. ഇതില്‍ ഒരു പൊതുതാല്‍പര്യവുമില്ല. ഹര്‍ജിക്കാരന്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരനാണെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഐജി ആയിരിക്കെ ജേക്കബ് തോമസ് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തത് ചട്ടലംഘനമാണെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. എന്നാല്‍ ജേക്കബ് തോമസ് ശമ്പളം വാങ്ങിയിട്ടില്ലെന്നും ഓണറേറിയം മാത്രമാണ് കൈപ്പറ്റിയതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേസ് അടുത്ത മാസം 14ന് വീണ്ടും പരിഗണിക്കും.