Connect with us

Kerala

വിഴിഞ്ഞം: സിഎജി റിപ്പോര്‍ട്ടിനെ ചൊല്ലി സഭയില്‍ തര്‍ക്കം

Published

|

Last Updated

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയെക്കുറിച്ചുള്ള സി എ ജി റിപ്പോര്‍ട്ടിനെ ചൊല്ലി സഭയില്‍ തര്‍ക്കം. റിപ്പോര്‍ട്ട് സംബന്ധിച്ച ചോദ്യം ചോദ്യോത്തര വേളയില്‍ നിന്ന് ഒഴിവാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കമല്ല സഭയില്‍ വെക്കുന്നതെന്ന് വ്യക്തമാക്കിയ സ്പീക്കര്‍ ചോദ്യം ഒഴിവാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി. തുടര്‍ന്ന് ചോദ്യത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ മറുപടിയും നല്‍കി. സിഎജി റിപ്പോര്‍ട്ടിന്റെ കരടാണ് സര്‍ക്കാറിന് ലഭിച്ചതെന്നും അന്തിമ റിപ്പോര്‍ട്ടില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കരട് റിപ്പോര്‍ട്ടിന്റെ രഹസ്യസ്വഭാവം സൂക്ഷിക്കാന്‍ സിഎജി നിര്‍ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കരാര്‍ സംബന്ധിച്ച് ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും കഴിഞ്ഞ സര്‍ക്കാര്‍ ഒപ്പുവെച്ച കരാര്‍ നടപ്പാക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും അതിന്റെ പേരില്‍ തര്‍ക്കിച്ച് സമയം കളയേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സിഎജി റിപ്പോര്‍ട്ടുള്‍ ആദ്യമായല്ല പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.