Connect with us

Articles

എന്തിനീ നാടകീയത

Published

|

Last Updated

യാതൊരു തയ്യാറെടുപ്പുമില്ലാതെ 1000, 500 നോട്ടുകള്‍ പിന്‍വലിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാമ്പത്തിക അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. രാഷ്ട്രീയ നേടത്തിനായി ജനങ്ങളെ ആകെ ബുദ്ധിമുട്ടിലാക്കി. പുതിയ തീരുമാനം സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. വ്യാപാരം കുറയുന്നതോടെ നികുതി വരുമാനവും കുറയും.
പരിഭ്രാന്തരാകുന്നതില്‍ കാര്യമില്ലെന്നാണ് ജനങ്ങളോട് സംസ്ഥാന സര്‍ക്കാരിനുള്ള അഭ്യര്‍ത്ഥന. ആരുടെയും പണം നഷ്ടപ്പെടുന്ന സാഹചര്യം ഇല്ല. പുതിയ നോട്ടുകളായി അവ മാറ്റിയെടുക്കുന്നതിന് സമയമെടുക്കും. കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതു മുലമുള്ള പ്രയാസങ്ങള്‍ ഡിസംബറിലും തീരുമെന്ന് ഉറപ്പില്ല. ഡിസംബര്‍ 30വരെ ഇന്ന് സ്വീകരിച്ചിരിക്കുന്ന നടപടിയുടെ പ്രയാസങ്ങള്‍ തുടരുമെന്നാണ് വിശ്വാസം. കേന്ദ്ര സര്‍ക്കാര്‍ നടപടികളില്‍നിന്ന് പ്രയാസങ്ങള്‍ തുടരാനുള്ള സാധ്യതയാണുള്ളത്. ഇതു പരമാവധി ലഘൂകരിക്കാനുള്ള സാദ്ധ്യമായ നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.
1977ല്‍ കറന്‍സി നോട്ടുകള്‍ അസാധുവാക്കിയ സാഹചര്യമല്ല ഇന്നുള്ളത്. കൂടുതല്‍ കൂടുതല്‍ സാധാരണക്കാര്‍ 500 രൂപയുടെ കറന്‍സി നോട്ടുകള്‍ ഉപയോഗിക്കുന്ന സാഹചര്യമുണ്ട്. 1977 ലെ ഏതാണ്ട് 20 രൂപയുടെ മുല്യം മാത്രമാണ് ഇപ്പോള്‍ 500 രൂപക്കുള്ളത്. ഇതുമൂലം ഇന്ന് സ്വീകരിച്ചിരിക്കുന്ന നടപടി ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. മുല്യം കുറഞ്ഞ നോട്ടുകള്‍ ആവശ്യത്തിന് അച്ചടിക്കാതെ നരേന്ദ്ര മോദി സര്‍ക്കാര്‍ നടത്തിയ അഭ്യാസത്തിന്റെ കെടുതിയാണ് ജനം അനുഭവിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കറന്‍സി പിന്‍വലിക്കുന്നതില്‍ റേഷന്‍ ഏര്‍പ്പെടുത്തിയതെന്ന് വ്യക്തം. രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ജനങ്ങളെയാകെ ദുരിതത്തിലാക്കി. ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് മാത്രം ജീവിതം തള്ളിനീക്കാമെന്ന അവസ്ഥയെത്തി. സാധാരണക്കാര്‍ എങ്ങനെ ജീവിക്കുമെന്നതില്‍ വ്യക്തയില്ല. ട്രഷറിയില്‍ എന്തുചെയ്യണമെന്ന് ചോദിച്ചാല്‍ പറയാന്‍ ആളില്ല.
കറന്‍സികള്‍ അസാധുവാക്കിയത് കള്ളപ്പണവും കള്ളനോട്ടും പുറത്തു കൊണ്ടുവരാനാണെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കള്ളനോട്ടു നിര്‍മ്മാജ്ജനം ചെയ്യാന്‍ ഈ നടപടി സഹായിക്കും. എന്നാല്‍ കള്ളപ്പണത്തിന്റെ കാര്യത്തില്‍ ചെറിയൊരു അളവ് മാത്രമേ ലക്ഷ്യം കൈവരിക്കാനാവൂ. കള്ളപ്പണത്തിന്റെ സിംഹഭാഗം വരുന്ന വിദേശത്തുള്ള കള്ളപ്പണവും ഭൂമി, സ്വര്‍ണം തുടങ്ങിയവയായി നിക്ഷേപിച്ചിട്ടുള്ള കള്ളപ്പണവും വലയില്‍പ്പെടില്ല. ഈ ലക്ഷ്യങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും സമ്പദ്ഘടനയില്‍ പ്രതികൂലപ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാതെയും നടപ്പാക്കാന്‍ കഴിയുമായിരുന്നു.
കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നതു തന്നെയാണ് സംസ്ഥാനസര്‍ക്കാരിന്റെ അഭിപ്രായം. ഇതിനായി ഇപ്പോള്‍ സ്വീകരിച്ച നടപടി കുറേക്കൂടി ചിട്ടയായും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെയും നടപ്പാക്കാന്‍ കഴിയേണ്ടതായിരുന്നു. ഈ പ്രഖ്യാപനങ്ങളില്‍ ഉടനീളം കണ്ട അതിനാടകീയത തികച്ചും അനാവശ്യമായിരുന്നു. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെ അടിസ്ഥാനത്തില്‍ സേനാ മേധാവികളുടെ യോഗം വിളിച്ചശേഷം രാത്രിയില്‍ പ്രധാനമന്ത്രി നടത്തിയ കറന്‍സി പിന്‍വലിക്കല്‍ പ്രഖ്യാപനത്തില്‍ ദുരൂഹതയുണ്ട്. ജനം അല്‍പ്പം പരിഭ്രാന്തിപ്പെട്ടാലും കള്ളപ്പണത്തിനെതിരായ പോരാട്ടത്തിന്റെ വിലയാണ് ഇത് എന്നൊക്കെയുള്ള മോദിയുടെ നാട്യങ്ങള്‍ക്കൊന്നും വലിയ നിലനില്‍പ്പില്ല.
പഴയ നോട്ടുകള്‍ റദ്ദാക്കുന്നതിന് ഒന്നോ രണ്ടോ ആഴ്ച സാവകാശം നല്‍കിയിരുന്നുവെങ്കിലും ഇതേ ലക്ഷ്യങ്ങള്‍ ഏതാണ്ട് കൈവരിക്കാന്‍ കഴിയുമായിരുന്നു. കള്ളനോട്ടുകള്‍ മുഴുവന്‍ പുറത്താകും. കള്ളപ്പണം നിയമാനുസൃതമാക്കാന്‍ നിര്‍ബന്ധിതമാകും. ഇതുവരെ വളണ്ടറി ഡിസ്‌ക്ലോഷര്‍ സ്‌കീമാണ് നടപ്പാക്കിയിരുന്നത്. 500, 1000 രൂപ നോട്ടിന്റെ സ്രോതസ്സ് പരിശോധിച്ച് കള്ളപ്പണക്കാരെ പിടിക്കാനുമാകും. ഈ സൗകര്യമുള്ളപ്പോഴാണ് അര്‍ദ്ധരാത്രിയില്‍ യുദ്ധപ്രഖ്യാപനം പോലൊരു നാടകീയ പ്രഖ്യാപനം നടത്തുന്നത്.
രാജ്യത്ത് കള്ളപ്പണം എത്തിച്ച് വെളുപ്പിക്കുന്നത് തടയാന്‍ ഒരു നടപടിയും മോദി സര്‍ക്കാര്‍ സ്വീകരിച്ചില്ല. വിദേശത്താണ് കള്ളപ്പണത്തിന്റെ സിംഹഭാഗവും സൂക്ഷിക്കുന്നത്. ഇത് ഒരു നിയന്ത്രണവുമില്ലാതെ മൗറീഷ്യസ് വഴി ഇന്ത്യയിലെത്തിക്കാനുള്ള വഴി ഒരുക്കിക്കൊടുക്കുകയായിരുന്നു.
ഇന്ത്യന്‍ മണി മാര്‍ക്കറ്റില്‍ ആര്‍ക്കും ഇറങ്ങാമെന്ന സ്ഥിതിയായി. 1,16,000 കോടി രൂപയുടെ കള്ളപ്പണമുണ്ടെന്ന് പറഞ്ഞിട്ട്. ഇതിന്റെ വിവരങ്ങള്‍ വിവരാകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാത്തവരാണ് നാടകങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം നടപടികളെ വിമര്‍ശിക്കുന്നവരെ ദേശാഭിമാനത്തിന്റെ പേരുപറഞ്ഞ് പിന്തിരിപ്പിക്കാനാണ് ശ്രമം. കേരളം ഹവാലയുടേയും കള്ളപ്പണക്കാരുടേയും കേന്ദ്രമാണെന്ന പ്രസ്താവനയിലൂടെ ബി ജെ പി കേരളത്തെ അപമാനിച്ചിരിക്കുകയാണ്. നിയമസഭ തന്നെ ഈ വിഷയത്തില്‍ പ്രതിഷേധിച്ചിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉന്നയിച്ചാല്‍ മറുപടി പറയാന്‍ കഴിയണം.
ഇപ്പോഴത്തെ അനിശ്ചിതത്വം കമ്പോളത്തിലും സര്‍ക്കാരിലും പ്രതിസന്ധി സൃഷ്ടിക്കും. ഇക്കാര്യം കേന്ദ്ര സര്‍ക്കാരില്‍ നേരിട്ടും സെക്രട്ടറിതലത്തിലും ബോധ്യപ്പെടുത്തും. സംസ്ഥാന സര്‍ക്കാരിന് കേന്ദ്രനികുതി വിഹിതമായി ഈ ആഴ്ച നല്‍കേണ്ടിയിരുന്ന 453 കോടി രൂപ അസാധാരണമാംവിധം വെട്ടിക്കുറച്ചത് യാദൃച്ഛികമാകാന്‍ തരമില്ല. സംസ്ഥാനത്തിനു ലഭിക്കേണ്ടിയിരുന്ന 296 കോടി രൂപയുടെ റവന്യുക്കമ്മി ഗ്രാന്റും കേന്ദ്രം നല്‍കിയിട്ടില്ല. ഇത്തരത്തില്‍ നിഷേധിക്കപ്പെട്ട 721 കോടി രൂപ സംസ്ഥാനട്രഷറിയുടെ പ്രവര്‍ത്തനങ്ങളെ കാര്യമായ തോതില്‍ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.