Ongoing News
മെസ്സിയുടെ മികവില്‍ അര്‍ജന്റീന; വിജയം തുടര്‍ന്ന് ബ്രസീല്‍
സാന്‍ യുവാന്‍: ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന വിജയ വഴിയില്‍ തിരിച്ചെത്തി. സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ മികവിലായിരുന്നു അര്‍ജന്റീനയുടെ ജയം. ഒമ്പതാം മിനിറ്റില്‍ ഫ്രീകിക്കിലൂടെ മെസ്സി ആദ്യ ഗോള്‍ നേടി ഭീമിനെ മുന്നിലെത്തിച്ചു.
13 മിനിട്ടിന് ശേഷം കൊളംബിയന്‍ പ്രതിരോധ നിരയെ കബളിപ്പിച്ച് മെസ്സി നല്‍കിയ ക്രോസ് ലൂക്കാസ് പ്രാറ്റോ ഗോളാക്കി മാറ്റി. വീണ്ടും മെസ്സിയിലൂടെ നിരവധി അവസരങ്ങള്‍ എത്തിയെങ്കിലും ഗോള്‍ പിറന്നില്ല. 83ാം മിനിറ്റില്‍ മെസ്സിയുടെ പാസില്‍ എയ്ഞ്ചല്‍ ഡി മരിയ വലകുലുക്കി. സസ്‌പെന്‍ഷനിലായ ഓസ്‌കാര്‍ മുറിലോയുടെയും വരിക്കേറ്റ യെറി മിനയുടെയും അഭാവം കൊളംബിയന്‍ നിരയില്‍ പ്രകടമായിരുന്നു. വിജയത്തോടെ അര്‍ജന്റീന അഞ്ചാം സ്ഥാനത്തെത്തി. 12 മത്സരങ്ങളില്‍ നിന്നും 19 പോയന്റാണ് ടീമിന്റെ സമ്പാദ്യം.
അതേസമയം പെറുവിനെ അവരുടെ തട്ടകത്തില്‍ വെച്ച് തകര്‍ത്ത് ബ്രസില്‍ ഒന്നാം സ്ഥാനത്ത് തന്നെ തുടരുകയാണ്. പരിക്ക് മാറി തിരിച്ചെത്തിയ അലക്‌സി സാഞ്ചസിന്റെ മികവില്‍ ചിലി ഉറുഗോയെ 3-1ന് തകര്‍ത്തു. പോയന്റ് നിലയില്‍ ചിലി നാലാമതും ഉറുഗ്യോ രണ്ടാമതുമാണ്. മറ്റു മത്സരങ്ങളില്‍ ഇക്വഡോര്‍ വെനസ്വേലയെ 3-0 ത്തിനും ബൊളിവിയ പരഗോയെ 1-0 ത്തിനും തോല്‍പിച്ചു .