Articles
ജനങ്ങളെ ചാപ്പ കുത്തുന്നോ?
രാജ്യത്തെ സമ്പത്തുല്‍പ്പാദനപ്രക്രിയ ഏതാണ്ട് പൂര്‍ണമായും നിശ്ചലമാക്കിക്കൊണ്ടുള്ള തുഗ്ലക്ക് പരിഷ്‌കാരവുമായി ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തുവന്നത് അത്ര നിഷ്‌കളങ്കമായി കാണാന്‍ കഴിയില്ല. രാജ്യത്ത് പ്രചാരത്തിലുള്ള കറന്‍സിയുടെ 80 ശതമാനത്തിലധികം വരുന്ന ആയിരം, അഞ്ഞൂറ് എന്നീ നോട്ടുകള്‍ പെട്ടെന്ന് പിന്‍വലിക്കുകയാണുണ്ടായത്. അദ്ധ്വാനിച്ച് സമ്പാദിച്ച പണം ഉപയോഗിക്കാനാകാതെ ഇന്ത്യയിലെ ജനങ്ങള്‍ നട്ടംതിരിയുമ്പോള്‍ നരേന്ദ്ര മോദി വിദേശ രാജ്യങ്ങളില്‍ വീണവായിക്കുകയായിരുന്നു.
പ്രോമിസറി നോട്ടുകളെ കടലാസാക്കി മാറ്റിയിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഈ നോട്ടിന് ആയിരം രൂപ നല്‍കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന, ഇന്ത്യന്‍ പ്രസിഡന്റിന്റെ വാഗ്ദാനമുള്ള കടലാസുമായി നെട്ടോട്ടമോടുകയാണ് ഇന്ത്യയിലെ പ്രജകള്‍. ഭരണാധികാരികള്‍ക്ക് ജനങ്ങളെ വിശ്വാസമില്ല. അവരെ ചാപ്പകുത്താനും വിരലില്‍ മഷിപുരട്ടാനും സംശയത്തിന്റെ പുകമറയില്‍ നിര്‍ത്തി നിസ്സഹായരാക്കാനുമുള്ള നീക്കം അപകടത്തിലേക്കാണ്.
ക്യാബിനറ്റിനെ ബന്ദിയാക്കി, താനും ഒരുകൂട്ടം വിശ്വസ്തരും ചേര്‍ന്ന് നടപ്പാക്കിയ കറന്‍സി പിന്‍വലിക്കല്‍ നാടകം തിരിഞ്ഞുകുത്തുമ്പോഴും വൈകാരിക വാചാടോപം നടത്തുകയാണ് പ്രധാനമന്ത്രി. അമ്പത് ദിവസത്തിനകം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ലെങ്കില്‍ തന്നെ തൂക്കിക്കൊന്നോളാനാണ് പ്രധാനമന്ത്രി പറയുന്നത്. ഏത് ശിക്ഷയും സ്വീകരിക്കാന്‍ താന്‍ തയ്യാറാണെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയില്‍ സ്ഥിരതാമസമില്ലാത്ത അദ്ദേഹത്തെ നാടുകടത്താന്‍ പോലും നമുക്ക് കഴിയില്ലല്ലോ. വിദേശത്തെ കള്ളപ്പണം ഓരോ ഇന്ത്യന്‍ പൗരന്റേയും അക്കൗണ്ടിലെത്തിക്കാന്‍ പ്രധാനമന്ത്രി നല്‍കിയ സമയം നൂറ് ദിവസമായിരുന്നു എന്നോര്‍ക്കണം. ഓരോ പൗരനും അക്കൗണ്ടും തുറന്നു. അങ്ങനെ തുറന്ന സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ ഇന്നലെ വരെ സീറോ ബാലന്‍സിലായിരുന്നെങ്കില്‍ ഇന്നത് പെട്ടെന്ന് നിറഞ്ഞുകൊണ്ടിരിക്കുന്നു. മോദി പിടിച്ചെടുത്ത് ജനങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച കള്ളപ്പണമല്ല, മറിച്ച് മോദിക്ക് പിടികൊടുക്കാതെ നിലനില്‍ക്കുന്ന കള്ളപ്പണം. ഭരണകൂടം കള്ളപ്പണത്തെയാണോ, കള്ളപ്പണം ഭരണകൂടത്തെയാണോ പിടിച്ചുകെട്ടാന്‍ പോകുന്നത് എന്ന് കണ്ടറിയാനാണത്രെ, അമ്പത് ദിവസത്തെ സാവകാശം നരേന്ദ്ര മോദി ചോദിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും പിന്നെ, ഈയിടെ വന്ന റിസര്‍വ് ബേങ്ക് ഗവര്‍ണറും മാത്രമറിഞ്ഞ് ആസൂത്രണം ചെയ്ത, ഇന്ത്യയുടെ കറന്‍സി പിന്‍വലിക്കുന്ന പദ്ധതി വേണ്ടപ്പെട്ടവര്‍ മുന്‍കൂട്ടി അറിഞ്ഞിരുന്നു എന്നതിന് തെളിവുകള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്നു. നരേന്ദ്രമോദി ബ്രാന്‍ഡ് അമ്പാസഡറായ റിലയന്‍സ് ജനങ്ങള്‍ക്ക് നല്‍കുന്ന സൗജന്യ ഡാറ്റയും പിന്‍വലിച്ച പഴയ കറന്‍സികള്‍ ബേങ്കുകളില്‍ സമര്‍പ്പിക്കാനുള്ള സമയവും ഒരേ തീയതിയില്‍ സമാപിക്കുകയാണ്. അതേ റിലയന്‍സിന്റെ ജീവനക്കാരനായിരുന്ന നമ്മുടെ റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ക്കറിയാമായിരുന്നിരിക്കണം, ഇന്ത്യയില്‍ വിനിമയം നടത്താനുള്ള കറന്‍സി ഏതാണ്ട് പൂര്‍ണമായും ഇല്ലാതാകുകയാണ് എന്നും, പകരം സംവിധാനം ഒരുക്കിയിട്ടില്ല എന്നുമുള്ള വിവരം.
കള്ളപ്പണം പുറത്തുകൊണ്ടുവരാനാണ് ഈ വ്യായാമമെങ്കില്‍, അതിന് ജനങ്ങളെ ഈ വിധം നട്ടംതിരിക്കേണ്ടതില്ലായിരുന്നു. എലിയെ കൊല്ലാന്‍ രണ്ട് മാര്‍ഗങ്ങളുണ്ട്. സാഹചര്യങ്ങള്‍ക്കിണങ്ങുന്ന നല്ല കെണിയൊരുക്കി അനുയോജ്യമായ സ്ഥാനങ്ങളില്‍ സ്ഥാപിക്കുക. രണ്ട്, ആരുമറിയാതെ ഇല്ലത്തിന് തീ കൊടുക്കുക. ഇവിടെ രണ്ടാമത്തെ മാര്‍ഗമാണ് മോദി അവലംബിച്ചിരിക്കുന്നത് എന്നതാണ് വിമര്‍ശം. കറന്‍സി പിന്‍വലിക്കുകയും ബദല്‍ സംവിധാനങ്ങള്‍ ഇല്ലാതാകുകയും ചെയ്തതോടെ സംഭവിക്കുന്നതെന്താണ്? ഓണ്‍ ലൈനിലും റിലയന്‍സ് ഫ്രഷ് പോലുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലും മാത്രമായി വ്യാപാരം പരിമിതപ്പെട്ടിരിക്കുന്നു. ഇന്ത്യയുടെ സമ്പത്തുല്‍പ്പാദന പ്രക്രിയ പൂര്‍ണമായും തടയപ്പെട്ടിരിക്കുന്നു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു. തൊഴിലാളികള്‍ പണിയില്ലാതെ നട്ടം തിരിയുന്നു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയിട്ട് ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു. അന്‍പത് ദിവസം കൊണ്ട് ഇന്ത്യയെ ചുരുങ്ങിയത് പതിനഞ്ച് വര്‍ഷം പിറകോട്ട് നയിക്കുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്യുന്നത്. നമ്മുടെ പരമോന്നത നീതിപീഠത്തിനു പോലും സ്വരം കടുപ്പിക്കേണ്ടിവന്നിരിക്കുന്നു.
ബദല്‍ സംവിധാനങ്ങള്‍ പൂര്‍ണതോതില്‍ സജ്ജമാക്കുന്നതുവരെ നിലവിലുള്ള കറന്‍സികള്‍ എല്ലാ തരം വിനിമയങ്ങള്‍ക്കും ഉപയോഗിക്കാനനുവദിക്കുകയാണ് സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്നതും ചെയ്യേണ്ടതുമായ കാര്യം. അതിനു പകരം, ഇതൊരു അഭിമാനപ്രശ്‌നമായി കണ്ട്, കൂടുതല്‍ കുഴപ്പങ്ങളിലേക്ക് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തള്ളിവിടാനാണ് നീക്കമെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് അതി ശക്തമായ പ്രതിഷേധം നേരിടേണ്ടിവരും എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
ഒരു ജനതയെ ബഹുരാഷ്ട്ര കമ്പനികള്‍ക്ക് പണയം വെക്കുകയാണിവിടെ. അതിന് ലജ്ജയേതുമില്ലാതെ പിന്തുണയേകുകയാണ് കേരളത്തിലെ ബി ജെ പി നേതാക്കള്‍. നമ്മുടെ പ്രാദേശിക ബേങ്കിംഗ് മേഖല, തൊഴില്‍ മേഖല, ആരോഗ്യ മേഖല, വിദ്യാഭ്യാസ മേഖല, മറ്റ് ഉത്പാദന മേഖലകള്‍ എന്നിവയെല്ലാം തകര്‍ത്ത് ബഹുരാഷ്ട്ര കമ്പനികള്‍ക്ക് അടിയറ വെക്കാനുള്ള നടപടികളുടെ ഭാഗമായി വേണം, കറന്‍സി പിന്‍വലിക്കലിനെ കാണാന്‍. സാധാരണ ജനങ്ങള്‍ ദൈനംദിന ബേങ്കിംഗ് ആവശ്യങ്ങള്‍ക്ക് വേണ്ടി ആശ്രയിക്കുന്ന സഹകരണ ബേങ്കുകളെ വേരോടെ പിഴുതെറിയാന്‍ ഏത് കോര്‍പ്പറേറ്റ് ഭീമന്‍മാര്‍ ഉപദേശിച്ചാലും നമ്മുടെ പ്രധാനമന്ത്രി അത് ചെവിക്കൊള്ളരുതായിരുന്നു. ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റിലി പറഞ്ഞത് പ്രാഥമിക സഹകരണ ബേങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അവകാശം നല്‍കാമെന്നാണ്. പക്ഷേ, ഇന്ത്യയുടെ ധനകാര്യം നിയന്ത്രിക്കുന്നവര്‍ പറഞ്ഞതനുസരിച്ചാവണം, പ്രധാനമന്ത്രി ജില്ലാ സഹകരണ ബേങ്കുകള്‍ക്കടക്കം നോട്ടുകള്‍ മാറ്റി നല്‍കാനുള്ള അവകാശം പിന്‍വലിക്കുകയാണുണ്ടായത്. ഇതിനെതിരെയാണ് സഹകാരികള്‍ റിസര്‍വ് ബേങ്കിനു മുന്നിലേക്ക് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്.
നൂറു കോടിയിലധികം ഇന്ത്യന്‍ പൗരന്മാരുടെ വ്യക്തിഗത വിവരങ്ങള്‍ ഇന്നുപയോഗിക്കുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി ബ്രാന്‍ഡ് അമ്പാസഡറായ റിലയന്‍സ് പോലുള്ള കുത്തകകളാണ്. സുപ്രീ കോടതിപോലും വിലക്കിയിട്ടും ആധാറിന്റെ പേരില്‍ നടത്തിയ വിവരശേഖരണം ആര്‍ക്കുവേണ്ടിയായിരുന്നു എന്ന കാര്യത്തില്‍ ഇനിയും തര്‍ക്കമുണ്ടാവേണ്ട കാര്യമില്ല. അതേ കുത്തകകള്‍ക്കുവേണ്ടി ഇന്ത്യയുടെ സാമ്പത്തിക ഉല്‍പ്പാദന പ്രക്രിയ നിശ്ചലമാക്കിയ ആദ്യത്തെ പ്രധാനമന്ത്രി എന്ന പദവിയാണ് നരേന്ദ്ര മോദി ലക്ഷ്യമിടുന്നതെങ്കില്‍ ജനങ്ങള്‍ തെരുവിലിറങ്ങുന്ന കാലം വിദൂരമല്ല.