Eranakulam
കഥയെഴുതാതെ കഥാലോകത്ത് നിറഞ്ഞ അബുവും കാലയവനികക്കുള്ളില്‍
കൊച്ചി: “ഞാനും നീയും എന്ന യാഥാര്‍ഥ്യത്തില്‍ നിന്ന് നീ മാത്രം ബാക്കിയാകും” എന്ന് പറഞ്ഞ് വെച്ച ഇക്കാക്ക വൈക്കം മുഹമ്മദ് ബഷീറിന്റെ പിന്നാലെ ഇളയ അനുജന്‍ അബൂബക്കര്‍ എന്ന അബുവും യാത്രയാകുമ്പോള്‍ ഓര്‍മയാകുന്നത് കഥയെഴുതാതെ സാഹിത്യ ലോകത്ത് നിറഞ്ഞ മറ്റൊരു പേരാണ്. സ്വന്തം കുടുംബത്തിലെ സ്‌നേഹവും പിണക്കവുമെല്ലാം ഒരുപോലെ വരച്ചിട്ട പാത്തുമ്മയുടെ ആടിലെ “നൂലന്‍ അബു” എന്ന കഥാപാത്രമടക്കം ബഷീറിന്റെ നിരവധി കഥകളില്‍ പരാമര്‍ശിക്കുന്ന അബു ബഷീറിനെപ്പോലെതന്നെ മലയാളികള്‍ക്ക് സുപരിചിതനാണ്.
“പാത്തുമ്മയുടെ ആടി”ല്‍ സാധാരണക്കാരന്റെ ജീവിതം വരച്ചിട്ടപ്പോള്‍ പ്രധാനപ്പെട്ട കഥാപാത്രമായി മാറുകയായിരുന്നു അബൂബക്കര്‍. സാഹിത്യ സുല്‍ത്താന്റെ ഓര്‍മകള്‍ നിറഞ്ഞുനില്‍ക്കുന്ന ജന്മനാട് തലയോലപ്പറമ്പിലെ പാലാംകടവിനടുത്തുള്ള പുത്തന്‍കാഞ്ഞൂര്‍ വീട്ടിലെത്തുന്ന ബഷീര്‍ പ്രേമികള്‍ക്ക് എന്നും ആകാംക്ഷയാണ് അബൂബക്കര്‍. ഇക്കാക്കയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കാന്‍ ഇനിഅബൂക്കയില്ലാത്തത് സാഹിത്യാരാധകര്‍ക്ക് തീരാനഷ്ടമാണ്. വീട്ടില്‍ ആരെത്തിയാലും എവിടുന്നാ ബേപ്പൂരുന്നാണോ എന്ന ചോദ്യമാവും അദ്ദേഹത്തിന് ചോദിക്കാനുണ്ടായിരുന്നത്. രോഗബാധിതനായി വിശ്രമജീവിതം നയിക്കുമ്പോഴും ഇക്കാക്കയെക്കുറിച്ചുള്ള ഓര്‍മകള്‍ പറയാന്‍ ആവേശമായിരുന്നു അബൂബക്കറിന്.
എണ്‍പത് വയസ്സിനും തളര്‍ത്താനാവാത്ത ചുറുചുറുക്കിന്റെ ആവേശം. ഫാത്വിമ ബീവിയെന്ന ഫാബിയെ പെണ്ണുകാണാന്‍ അബുവിനെ കോഴിക്കോട്ടു ക്ഷണിച്ചുകൊണ്ട് ബഷീര്‍ അയച്ച കത്തിനെകുറിച്ചുള്ള ഓര്‍മകള്‍ എന്നും അദ്ദേഹത്തെ തേടിവരുന്നവര്‍ക്ക് പറഞ്ഞുനല്‍കിയിരുന്നു. എടാ അബുവേ… നീയൊന്ന് ഇവിടെ വരെ വരണം എന്നായിരുന്നു കത്തിലുണ്ടായിരുന്നത്. സാഹിത്യകാരന്‍ എസ് കെ പൊറ്റക്കാടിന്റെ കോഴിക്കോട്ടെ വസതിയായ ചന്ത്രകാന്തത്തില്‍ നിന്നായിരുന്നു കത്തയച്ചത്. എഴുത്ത് കിട്ടിയ അബു ഉടനെ കോഴിക്കോട്ടേക്ക് യാത്രയാവുകയും പിന്നീട് തലയോലപ്പറമ്പിലെ വീടുമായി ബന്ധപ്പെട്ട് വിവാഹം നടത്തുന്നത് വരെയുള്ള കാര്യങ്ങള്‍ക്ക് മുന്നില്‍ നിന്നതും അദ്ദേഹം എന്നും ഓര്‍മിച്ച് വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് പറഞ്ഞ്‌കൊടുത്തിരുന്നു.
ബേപ്പൂരിലെ വീട്ടില്‍ പക്ഷികള്‍ക്കും, പാമ്പിനും, കീരിക്കും, കുറുക്കനുമൊപ്പം ഇക്കാക്കയും കുടുംബവും താമസിക്കുമ്പോഴും അബു അവിടെ സന്ദര്‍ശിക്കാറുണ്ടായിരുന്നു. ഇക്കാക്കയുടെ ഇഷ്ട ഭക്ഷണമായ ചെമ്പിക്കായലിലെ കരിമീനും കുടംപുളിയും കരുതാന്‍ അദ്ദേഹം മറന്നിരുന്നില്ല. വൈക്കം മുഹമ്മദ് ബഷീര്‍ യാത്രയായതിന് ശേഷവും ജേഷ്ട്ടത്തിക്കും മക്കള്‍ക്കും ഇഷ്ടഭക്ഷണവുമായി അബൂക്ക ബേപ്പൂരേക്ക് വണ്ടികയറാറുണ്ടായിരുന്നു.
ഇനിയും മരിക്കാത്ത കഥകളുടെ സുല്‍ത്താന്റെ ഓര്‍മകളോടൊപ്പം നൂലന്‍ അബുവും സാഹിത്യ പ്രേമികളുടെ മനസുകളില്‍ ജീവിക്കും.