Articles
ഹൃദയത്തോടും തലച്ചോറിനോടും സംസാരിക്കുന്ന ഒരാള്‍
രണ്ട് തരം എഴുത്തുകാരുണ്ട്. ഹൃദയത്തോടും തലച്ചോറിനോടും സംസാരിക്കുന്നവര്‍. ഒ വി വിജയന്‍ ഹൃദയത്തോടും ആനന്ദ് തലച്ചോറിനോടും സംസാരിച്ചു. രണ്ട് പേരും മലയാളത്തിലെ മികച്ച എഴുത്തുകാരാണ്.
ഹൃദയത്തിനോടും തലച്ചോറിനോടും ഒരുപോലെ സംസാരിക്കാന്‍ കഴിയുന്ന ഒരൊറ്റ എഴുത്തുകാരനേ എന്റെ തലമുറയിലുള്ളൂ. അത് കെ പി രാമനുണ്ണിയാണ്. നമ്മുടെ വികാരങ്ങള്‍ക്ക് രാമനുണ്ണിയിലെ എഴുത്തുകാരന്‍ വില കല്‍പ്പിക്കുന്നുണ്ട്. നമ്മുടെ ചിന്താശേഷിയെക്കൂടി ഈ എഴുത്തുകാരന്‍ കണക്കിലെടുക്കുന്നു.
കൂര്‍ക്‌സ്, മുഖലക്ഷണം തുടങ്ങി വ്യത്യസ്തമായ കഥകള്‍ എഴുതിയ രാമനുണ്ണിയുടെ “ചില മതേതര സംസാരങ്ങള്‍” പുതിയ കാലത്തെ അഭിമുഖീകരിക്കാന്‍ മടി കാണിക്കാത്ത അപൂര്‍വ രചനകളില്‍ ഒന്നാണ്.
ഇന്നത്തെ ഇന്ത്യനവസ്ഥയില്‍ “സൂഫി പറഞ്ഞ കഥ”യടക്കം രാമനുണ്ണിയുടെ രചനകള്‍ വിലയിരുത്തേണ്ടിയിരിക്കുന്നു. കൃഷ്ണന്‍, നബി, യേശു, മാര്‍ക്‌സ്, ഗാന്ധി എന്നിവര്‍ കഥാപാത്രങ്ങളായി വരുന്ന “ദൈവത്തിന്റെ പുസ്തകം” എന്ന നോവലിന് അസഹിഷ്ണു പെരുകുന്ന പുതിയ കാലത്ത് ഏറെ പ്രസക്തിയുണ്ട്. “”താന്‍ ജീവിക്കുന്ന കാലവുമായി എഴുത്തുകാരന്‍ നടത്തുന്ന സമരങ്ങളാണ് ഭൂതത്തെയും ഭാവിയെയും വര്‍ത്തമാനത്തെയും ഇതിലൊന്നും പെടാത്തൊരു നാലാം കാലത്തെയും എഴുത്തില്‍ സന്നിവേശിക്കപ്പെടുന്നത്. ചരിത്രത്താല്‍ വിധിക്കപ്പെട്ട ഒരു മനുഷ്യ ജീവി അതിനെ ഒറ്റക്ക് മാറ്റി മറിക്കുന്ന വിപ്ലവ പ്രവര്‍ത്തനമാണ് സത്യത്തില്‍ സാഹിത്യം രചിക്കല്‍””- രാമനുണ്ണി ഒരിടത്ത് എഴുതുന്നുണ്ട്.
താന്‍ കുട്ടിക്കാലത്ത് കഴിച്ചുകൂട്ടിയ പൊന്നാനി ജീവിതത്തിന്റെ വരദാനമാണ് ഈ എഴുത്തുകാരന്റെ ദര്‍ശനങ്ങളെന്ന് തോന്നാറുണ്ട്. നോമ്പ് തുറയുടെ നാനാര്‍ഥങ്ങളെക്കുറിച്ച് രാമനുണ്ണി എഴുതുമ്പോള്‍ തന്റെ മതേതരമായ കാഴ്ചപ്പാടുകള്‍ കൂടി അതില്‍ പ്രതിഫലിക്കുന്നത് കാണാം. “”വാസനകളുടെ ഭാഷയുപയോഗിച്ച് നമ്മുടെ നിഷ്ഠൂര കാലത്തെ മനുഷ്യന്റെ വിപരീത പരിണാമം തെളിച്ചുകാട്ടുന്ന രാമനുണ്ണിയുടെ കഥകള്‍ക്കിടയിലെ നൈതികത ഇവയെ നമ്മുടെ ഉത്തമകഥാ പാരമ്പര്യത്തിലെ പുതിയ കണ്ണികളാക്കുന്നു””- സച്ചിദാനന്ദന്‍ രാമനുണ്ണിയുടെ കഥകളെ നിരീക്ഷിക്കുന്നു. ദൈവത്തിന്റെ പുസ്തകം മനുഷ്യന്റെ പുസ്തകം കൂടിയാണ്. രാമനുണ്ണി കറകളഞ്ഞ സെക്യൂലറിസ്റ്റാണ്. ജീവിതത്തിലും എഴുത്തിലും. അതേ സമയം, സെക്യുലറിസ്റ്റ് ഭീകരനല്ല.
കുട്ടിശങ്കരന്റെയും ഹസന്‍ കുട്ടിയുടെയും വിശ്വാസങ്ങള്‍ അന്ധവിശ്വാസങ്ങളല്ല. ഒട്ടകത്തെ കെട്ടുകയും ദൈവത്താല്‍ ഭരമേല്‍പ്പിക്കുകയും ചെയ്തവരാണവര്‍.
കൃഷ്ണന്റെയും നബിയുടെയും യേശുവിന്റെയും ജീവിതത്തിലൂടെ കടന്നുപോയി അവരുടെ ജീവിതം ആഖ്യാനം ചെയ്യുക എന്നത് എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം വലിയ വെല്ലുവിളിയാണ്. മുടിനാരേഴായ് ചീന്തിയിട്ട പാലത്തിലൂടെയാണ് എഴുത്തുകാരന്‍ യാത്ര ചെയ്യേണ്ടത്. ബാലന്‍സ് വളരെ പ്രധാനമാണ്. അവിടെ കെ പി രാമനുണ്ണി എന്ന നോവലിസ്റ്റ് വിജയിച്ചു എന്നതാണ് സത്യം.
ഇരുട്ട് നിറഞ്ഞ നമ്മുടെ കാലത്ത് മതസൗഹാര്‍ദത്തിന്റെ കൈത്തിരി രാമനുണ്ണി ഉയര്‍ത്തിപ്പിടിക്കുന്നു; ജീവിതത്തിലും എഴുത്തിലും.