Kannur
തുലാമഴ വടക്കന്‍ കേരളത്തെ കൈവിട്ടു
കണ്ണൂര്‍: മണ്‍സൂണിന്റെ മടക്കയാത്രയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തുലാവര്‍ഷം ഇക്കുറി വടക്കന്‍ കേരളത്തെ പൂര്‍ണമായും കൈവിട്ടു. ഒക്ടോബര്‍ രണ്ടാം വാരം മുതല്‍ നവംബര്‍ പകുതി വരെയാണ് തുലാമഴ ശക്തമായി പെയ്യാറുള്ളത്. ഡിസംബര്‍ പകുതി വരെ ഇത് നീളുകയും ചെയ്യും. ഈ കാലഘട്ടത്തില്‍ കേരളത്തിന്റെ തെക്ക് ഭാഗങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുമെങ്കിലും വടക്കന്‍ ഭാഗങ്ങളില്‍ വലിയ അളവില്‍ മഴ ലഭിക്കാറില്ല. വരള്‍ച്ചയെ പിടിച്ചു നിര്‍ത്താന്‍ പോന്നത്ര മഴ സാധാരണയായി ലഭിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ തൃശൂരിന് വടക്ക് കാര്യമായി തുലാമഴ പെയ്തില്ല.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, പാലക്കാട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ചിലയിടങ്ങളില്‍ പേരിന് മാത്രമാണ് മഴ പെയ്തത്. നവംബര്‍ ആദ്യം ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും പ്രവചനങ്ങളെല്ലാം അസ്ഥാനത്തായി. ഭൂമധ്യരേഖാ പ്രദേശത്തെ പസഫിക് സമുദ്രത്തില്‍ ഉപരിതലം ചൂടുപിടിച്ച് സൗത്ത് അമേരിക്കന്‍ ഭാഗത്തേക്ക് ഉഷ്ണക്കാറ്റായി വീശുമ്പോഴുണ്ടാകുന്ന എല്‍നിനോ പ്രഭാവത്തിന്റെ സ്വഭാവത്തില്‍ വന്ന മാറ്റമാണ് തുലാവര്‍ഷത്തിന്റെ അഭാവത്തിനിടയാക്കിയതെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.
ലക്ഷദ്വീപോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂനമര്‍ദ പാത്തി വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ പെയ്യുന്നതിനിടയാക്കുമെന്ന് കരുതുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മേധാവി ഡോ. വി കെ മിനി പറഞ്ഞു. എന്നാല്‍ വടക്കന്‍ മേഖലയില്‍ മഴ പെയ്യാനുള്ള സാധ്യത തീരെയില്ലെന്നും അവര്‍ വ്യക്തമാക്കി. ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലവര്‍ഷം (തെക്കു പടിഞ്ഞാറന്‍) സംസ്ഥാനത്ത് ശരാശരിയേക്കാള്‍ 34 ശതമാനം കുറഞ്ഞ സാഹചര്യത്തില്‍ തുലാവര്‍ഷത്തിലാണ് പ്രതീക്ഷയുണ്ടായിരുന്നത്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ തുലാവര്‍ഷത്തില്‍ 400 മില്ലിമീറ്റര്‍ മഴയാണ് കിട്ടേണ്ടത്. ഇതില്‍ 260 മില്ലിമീറ്ററും പെയ്യേണ്ട ഒക്ടോബറില്‍ മഴയുണ്ടായില്ല. നവംബറിലും തീര്‍ത്തും മഴകുറയുകയാണ് ചെയ്തത്. കഴിഞ്ഞ വര്‍ഷവും കാലവര്‍ഷം ശരാശരിയേക്കാള്‍ 26 ശതമാനം കുറഞ്ഞെങ്കിലും തുലാവര്‍ഷം മെച്ചപ്പെട്ടതിനാലാണ് കുടിവെള്ളത്തിന് പ്രയാസം അനുഭവപ്പെടാതിരുന്നത്.
അതേസമയം, വടക്കന്‍ ജില്ലകളില്‍ കനത്ത ചൂട് അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. കണ്ണൂര്‍ ജില്ലയില്‍ ഏറ്റവുമധികം നെല്ലുത്പാദിപ്പിക്കുന്ന പാടശേഖരങ്ങളില്‍, ഭൂരിഭാഗവും മുമ്പെങ്ങുമില്ലാത്ത വിധം നവംബര്‍ മാസത്തില്‍ തന്നെ വരണ്ടുണങ്ങിയത് വേനല്‍ കടുക്കുമെന്നതിന് തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. മുട്ടോളം വെളളമുണ്ടാകാറുള്ള നവംബര്‍ മാസത്തില്‍ വടക്കന്‍ ജില്ലകളിലെ മിക്ക പാടങ്ങളുടെയും ഇപ്പോഴത്തെ അവസ്ഥയിതാണ്.
സൂര്യനില്‍ നിന്നുവരുന്ന ഉഷ്ണം അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, കാര്‍ബണ്‍ മോണോ ഓക്‌സൈഡ് തുടങ്ങിയവ വലിച്ചെടുക്കുകയും ഇവ അന്തരീക്ഷത്തിലെ പാളികളില്‍ ഒരു പ്രിസമായി ചേര്‍ന്നുകൊണ്ട് ഈ ചൂടിനെ ഇരട്ടിപ്പിക്കുകയും ഭൂമിയിലേക്ക് അവ തിരിച്ചുവിടുകയും ചെയ്യുന്ന പ്രതിഭാസം തുലാവര്‍ഷക്കാലത്ത് വളരെ കൂടുതലാണ്. മഴ കുറവാകുന്ന അവസരങ്ങളിലാണ് ഈ അത്യുഷ്ണം അനുഭവിക്കേണ്ടിവരുന്നതെന്നാണ് ഗവേഷകര്‍ പറയുന്നത്. ഈ ഉഷ്ണം തന്നെയാണ് വരള്‍ച്ചയുടെ ആഘാതം കൂട്ടാനിടയാകുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. രാത്രി താപനില ഇക്കാലത്ത് സാധാരണ 22-23 ഡിഗ്രി സെല്‍ഷ്യസ് ആണ് പതിവെങ്കിലും ഇപ്പോഴത് 24-25 ആയി ഉയര്‍ന്നിട്ടുണ്ട്. പകല്‍ സമയത്തെ ചൂടിലും സമാനമായ വര്‍ധന കാണാം. കണ്ണൂരില്‍ 30 ഡിഗ്രി സെല്‍ഷ്യസും പാലക്കാട്ട് 36 ഡിഗ്രി സെല്‍ഷ്യസ്സായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ചൂട്.