Articles
എലിയെ കൊല്ലാനല്ലായിരുന്നു ഇല്ലം ചുട്ടത്
അനിവാര്യമായും നടക്കേണ്ട കാര്യങ്ങള്‍ക്ക് തീരേ പ്രായോഗികമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യുന്നതിനാണല്ലോ എലിയെക്കൊല്ലാന്‍ ഇല്ലം ചുടുക എന്ന പ്രയോഗം നമ്മളില്‍ നിന്നുണ്ടാവാറ്. ഏതാണ്ടിതു പോലെയായിപ്പോയി നരേന്ദ്ര മോദി വളരെ തിടുക്കപ്പെട്ട് നടപ്പാക്കിയ നോട്ടസാധുവാക്കല്‍ നടപടി. എന്നാല്‍ മോദി കൊണ്ടുവന്ന അസാധുവാക്കല്‍ പരിഷ്‌കാരം എലിയെ കൊല്ലല്‍ ലക്ഷ്യമാക്കിയല്ല; ഇല്ലം ചുട്ടുകരിക്കല്‍ തന്നെയായിരുന്നു ലക്ഷ്യം എന്ന് നാള്‍ക്കുനാള്‍ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്. കള്ളപ്പണം, കള്ളപ്പണം… എന്ന മന്ത്രമുരുവിട്ടുകൊണ്ടാണ് മോദിയും ബി ജെ പിയും തിരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് എല്ലാവര്‍ക്കും അറിയാം. വിദേശ ബേങ്കുകളില്‍ നിക്ഷേപിച്ച കള്ളപ്പണക്കാരുടെ പണം തിരിച്ചുപിടിച്ച് ഇന്ത്യയില്‍ എത്തിക്കുമെന്ന് മാത്രമല്ല ആ പണം പ്രജകളുടെ എക്കൗണ്ടുകളില്‍ പതിനഞ്ച് ലക്ഷം വീതമായി നിക്ഷേപിക്കുമെന്നു കൂടി പ്രജാപതിയില്‍ നിന്നും വിളംബരമുണ്ടായി.
ലോകത്ത് തന്നെ മറ്റൊരു ഭരണാധികാരിയും സ്വന്തം ജനതക്ക് ഇതിനു മുമ്പ് ഇത്രയും മോഹന സുന്ദരമായ വാഗ്ദാനം നല്‍കിയിട്ടുണ്ടാകില്ല. അതൊന്നും നടപ്പിലായില്ല എന്നു മാത്രമല്ല കള്ളപ്പണം കൊണ്ടും കൊള്ളലാഭം കൊണ്ടും നാള്‍ക്കുനാള്‍ തടിച്ചുകൊഴുക്കുന്ന ഇന്ത്യന്‍ കുത്തകകളുടെ ബ്രാന്‍ഡ് അംബാസിഡര്‍ തലത്തിലേക്ക് മോദി ചുവടു മാറുന്നതാണ് പിന്നീട് നാം കണ്ടത്. അതു മാത്രമല്ല അടിക്കടി തകരുന്ന സാമ്പത്തിക രംഗവും ദുസ്സഹമായ വിലക്കയറ്റവും എല്ലാം കൂടി ഇന്ത്യന്‍ ജനതയെ കൂടുതല്‍ പാപ്പരാക്കിക്കൊണ്ടിരിക്കുന്ന അവസ്ഥ സംജാതമാകുകയും ചെയ്ത്‌കൊണ്ടിരുന്നു. അതിനുമപ്പുറം തീവ്ര ഹിന്ദുത്വത്തിന്റെ വൈകാരികത ഊതിപ്പെരുപ്പിച്ച് മതസ്പര്‍ധ വളര്‍ത്തിയെടുക്കുന്നതില്‍ മോദിയും കൂട്ടരും വിജയിക്കുകയും ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബീഫ് നിരോധവും ജെ എന്‍ യു പോലുള്ള സര്‍വകലാശാലകളിലേക്ക് കടത്തിവിട്ട വെറുപ്പിന്റെ രാഷ്ട്രീയവുമൊക്കെ ജനത്തെ ഫാസിസത്തിന്റെ മാനസികാടിമത്വത്തിലേക്കു പരുവപ്പെടുത്തി എടുക്കലായിരുന്നു.
ഇതിലൊക്കെ ഏറെക്കുറെ വിജയിക്കുന്നു എന്ന തോന്നല്‍ മോദിക്കും കൂട്ടര്‍ക്കും ഉണ്ടായിത്തുടങ്ങിയ സമയത്ത് തന്നെയാണ് നോട്ടില്‍ കൈവെച്ചുകൊണ്ട് മോദിയും ഉപജാപക സംഘത്തിലെ പ്രധാനികളായ ചിലരും മാത്രം അറിഞ്ഞുകൊണ്ടുള്ള നോട്ടസാധുവാക്കല്‍ നാടകത്തിന് അരങ്ങൊരുങ്ങിയതെന്നു വേണം കരുതാന്‍. ബി ജെ പിയുടെ സാമ്പത്തിക സ്രോതസ്സായ ഇന്ത്യന്‍ കുത്തകകളെയെല്ലാം നേരത്തേ അറിയിച്ചുകൊണ്ട് നടത്തിയ പരിഷ്‌കരണമായിരുന്നു ഇതെന്നറിയാന്‍ അധിക ദിവസം വേണ്ടിവന്നില്ല. ആദ്യമൊക്കെ ക്യൂവില്‍ നില്‍ക്കുമ്പോഴും ഒരു മഹത്തായ ലക്ഷ്യത്തിനു വേണ്ടിയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതക്കു വേണ്ടിയും കുറച്ച് ബുദ്ധിമുട്ടുകള്‍ ഒക്കെ സഹിക്കാമെന്നു കരുതിയ ശുദ്ധാത്മാക്കള്‍ ഏറെയുണ്ടായിരുന്നു. നേരത്തേ പല തരം വര്‍ഗീയ കാര്‍ഡിറക്കിയും തീവ്ര ഹൈന്ദവതയുടെ വൈകാരിക തരംഗം ഇളക്കിവിട്ടും ഒപ്പം നിര്‍ത്തിയ ബി ജെ പിയുടെ വോട്ടുബാങ്ക് ബെല്‍റ്റില്‍ പെട്ട സാധാരണക്കാര്‍ വരെ ഈ പക്ഷത്തണിനിരക്കുന്നതാണ് കണ്ടത്. എന്നാല്‍, ക്യൂവിന്റെ നീളം നാള്‍ക്കുനാള്‍ വര്‍ധിക്കുകയും ക്ഷമയുടെ ദിവസങ്ങള്‍ ഇനിയും ഒരുപാടു പിന്നിടേണ്ടിവരുമെന്നു മോദിയും സംഘവും തന്നെ പറഞ്ഞുതുടങ്ങുകയും ചെയ്തതോടെ തങ്ങള്‍ വെട്ടിലായി എന്ന് പലര്‍ക്കും വീണ്ടുവിചാരമുണ്ടായി എന്നതാണ് സത്യം. അതിന് അടിവരയിടുന്ന തരത്തില്‍ ഇന്ത്യന്‍ കുത്തകകള്‍ ഒന്നടങ്കം ഈ നോട്ടുവേട്ടയെ അനുകൂലിക്കുക കൂടി ചെയ്തപ്പോള്‍ കള്ളപ്പണക്കാര്‍ എന്നത് നിത്യവും വരിനില്‍ക്കാന്‍ ബേങ്കുകളില്‍ എത്തുന്ന സാധാരണ ഇന്ത്യന്‍ പൗരന്മാര്‍ മാത്രമായി ചുരുങ്ങിയെന്ന വിചിത്രതയും സംഭവിച്ചു.
മുന്നൊരുക്കമില്ലാതെ ചെയ്ത വെറും ഒരബദ്ധമായി ഈ നോട്ടസാധുവാക്കലിനെ ചുരുക്കി കാണേണ്ടതില്ല. എല്ലാം വളരെ കൃത്യമായും പ്ലാന്‍ ചെയ്തുകൊണ്ടും തന്നെയായിരുന്നു ഇതിനു പിന്നില്‍ ച രടു വലിച്ചവര്‍ പ്രവര്‍ത്തിച്ചതെന്നു വേണം കരുതാന്‍. അതു കൊണ്ടാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ മാത്രം ബദലായി ആദ്യം വിപണിയില്‍ അടിച്ചിറക്കിയത്. ചെറുകിട കച്ചവടക്കാരില്‍ നിന്നു ചില്ലറ ലഭിക്കില്ലെന്ന് ഉറപ്പുണ്ടാകുമ്പോള്‍ നിത്യോപയോഗ സാധനങ്ങള്‍ വാങ്ങാന്‍ വന്‍കിട കുത്തകക്കാരുടെ മാളുകളെത്തന്നെ ആശ്രയിക്കാന്‍ പലരും നിര്‍ബന്ധിതമാകും. വന്‍കിട സിറ്റികളില്‍ അതു തന്നെയാണ് സംഭവിച്ചതും. പഴയ നോട്ടുകള്‍ മാറ്റിയെടുക്കുന്ന ഒരു സ്ഥലം പെട്രോള്‍ പമ്പുകളായിരുന്നു. അവിടെയും സ്ഥിതി മറിച്ചല്ല. അഞ്ഞൂറ് കൊടുത്താല്‍ ഒന്നുകില്‍ അഞ്ഞൂറിനു മുഴുവന്‍ അല്ലെങ്കില്‍ മുന്നൂറിനെങ്കിലും ഇന്ധനം അടിക്കണമെന്ന അവസ്ഥയായിരുന്നു. അങ്ങനെ അംബാനിയുടെയും റിലയന്‍സ് ഗ്രൂപ്പിന്റെയുമൊക്കെ ഉടമസ്ഥതയിലുള്ള പെട്രോള്‍ പമ്പുകളില്‍ കോടികളുടെ ബിസിനസ് വര്‍ധന ചുരുങ്ങിയ ദിവസത്തിനുള്ളില്‍ നടന്നു. തീര്‍ച്ചയായും ഇതില്‍ നിന്നുള്ള കമ്മീഷന്‍ അടുത്തു നടക്കാനുള്ള സംസ്ഥാന തിരഞ്ഞെടുപ്പുകളിള്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് ഫണ്ടുകളിലെക്കൊഴുകും.
അല്ലെങ്കിലും, ഈ നടപടി മൂലം ബി ജെ പിയെ പിന്തുണക്കുന്ന വന്‍കിട കുത്തകകളുടെ കൈയില്‍ മാത്രമേ ലോഭമായി ഒഴുക്കാന്‍ പണമുണ്ടാകുകയുള്ളൂ എന്ന അവസ്ഥ സംജാതമാക്കലും ഇവരുടെ രഹസ്യഅജന്‍ഡയാണ്. അതിനൊക്കെ അപ്പുറമുള്ള വലിയൊരജന്‍ഡയാണ്; പുറമേക്ക് കള്ളപ്പണ വേട്ടക്കാരന്‍ എന്ന ഇമേജുണ്ടാക്കലും ഒരു യഥാര്‍ഥ കള്ളപ്പണക്കാരനെപ്പോലും തൊടാതെ പൊതുജനത്തിന്റെ പണം ബേങ്കുകള്‍ വഴി അപ്പാടെ കൊള്ളയടിച്ച് ജനത്തെ തെരുവ്‌തെണ്ടികളാക്കി ക്യൂവില്‍ തളച്ചിടലും. ഇതില്‍ വിജയിക്കുന്നതോടെ ജനത്തിന്റെ പ്രതിഷേധത്തിന്റെ മുനയൊടിക്കലും മോദി ലക്ഷ്യമിടുന്നു. ഇതിലും വിജയിക്കുന്നതോടെ തന്റെ ഏകാധിപത്യം അരക്കിട്ടുറപ്പിക്കലും പാവം ജനത്തിന്റെ ചിലവില്‍ തന്നെ കാര്യങ്ങള്‍ നടക്കുകയും ചെയ്യുന്ന തന്ത്രമാണ് മോദി പയറ്റിക്കൊണ്ടിരിക്കുന്നത്.
അല്ലാതെ കള്ളപ്പണക്കാരെ പിടികൂടലോ ഇന്ത്യയിലെ പാവപ്പെട്ടവന്റെ ജീവിതം മെച്ചപ്പെടുത്താലോ ഒന്നും നരേന്ദ്ര മോദി ലക്ഷ്യം വെക്കുന്നില്ല. ഇതൊക്കെയാണെങ്കിലും ഇവിടുത്തെ പ്രതിപക്ഷത്തെ പലരും ഇത് തിരിച്ചറിയുന്നില്ല എന്ന ദുരന്തവും ഈ നടപടിക്ക് ആക്കംകൂട്ടുന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളുമടക്കം നടപടി മുന്നൊരുക്കം കൂടാതെ നടപ്പാക്കിയതിനെ മാത്രമാണ് എതിര്‍ക്കുന്നത്. കേരളത്തിലേക്കെത്തുമ്പോള്‍ സഹകരണ ബേങ്കുകളെ സംരക്ഷിക്കല്‍ മാത്രമായി ഇവരുടെ അജന്‍ഡയും ചുരുങ്ങുകയാണ്. മമതാ ബാനര്‍ജിയും കെജരിവാളും ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ച കടുത്ത പ്രധിഷേധത്തില്‍ അവരുടെ ഒപ്പം നിന്ന് വിജയിപ്പിക്കുന്നതിന് പകരം പ്രാദേശിക രാഷ്ട്രീയത്തിന്റെ പ്രസക്തി മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള വിയോജിപ്പുകള്‍ക്കാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടി കളും വിലകല്‍പ്പിച്ചത്. ഇതും മോദിക്ക് മറ്റൊരര്‍ഥത്തില്‍ തുണയായി.
മോദി എലിയെ പിടിക്കാന്‍ ഇല്ലം ചുടുകയല്ല; എലികളെയും ഇല്ലത്തേയും അപ്പാടെ ചുട്ടു ചാമ്പലാക്കല്‍ തന്നെയാണ് ലക്ഷ്യം വെച്ചത്. അതിന് സ്വന്തം പ്രജകളെ എളുപ്പത്തില്‍ കൈയിലെടുക്കാന്‍ പറ്റിയ കള്ളപ്പണ വേട്ട എന്ന ഒരു കപട മുദ്രാവാക്യം കൂട്ടുപിടിച്ചു എന്നു മാത്രം. ഇത് തെളിയിക്കപ്പെടാന്‍ വലിയ കാലതാമസമൊന്നും ഉണ്ടാകില്ല എന്നിടത്തേക്കാണ് ഇന്ത്യയുടെ വര്‍ത്തമാന കാലം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.