National
കള്ളപ്പണക്കാർ പാവങ്ങളുടെ വീടിന് മുന്നിൽ ക്യൂ നിൽക്കുന്നു: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് ജനങ്ങള്‍ പണത്തിനായി ബാങ്കിന് മുന്നില്‍ ക്യൂ നില്‍ക്കേണ്ടി വന്നതിനെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ന്യായീകരിച്ചു. ഇപ്പോഴത്തെ ക്യൂ മറ്റു എല്ലാ ക്യൂകളും അവസാനിപ്പിക്കാന്‍ വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുറാദാബാദില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചസാര വാങ്ങാനും മണ്ണെണ്ണ വാങ്ങാനും ഗോതമ്പ് വാങ്ങാനുമെല്ലാം നമുക്ക് ക്യൂ നില്‍ക്കേണ്ടി വന്നിരുന്നു. ഈ രാജ്യത്തിന്റെ വിലപ്പെട്ട സമയം ക്യൂവില്‍ നിന്ന് നഷ്ടപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള എല്ലാ ക്യൂകളും അവസാനിപ്പിക്കാനുള്ള ക്യൂവാണ് ഇപ്പോള്‍ ബാങ്കുകള്‍ക്കും എടിഎം മെഷീനുകള്‍ക്കും മുന്നില്‍ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളാണ് തന്റെ ഹൈക്കമാന്‍ഡ്. അഴിമതിക്ക് എതിരെ പ്രവര്‍ത്തിക്കുന്നത് കുറ്റമാണോ? കള്ളപ്പണം ഇല്ലാതാക്കുന്നത് കുറ്റമാണോ? ചിലര്‍ തന്റെ പ്രവര്‍ത്തനങ്ങളെ തെറ്റെന്ന് വിളിക്കുന്നത് എന്തിനാണ്? – പ്രധാനമന്ത്രി ചോദിച്ചു.
ജന്‍ധന്‍ അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണക്കാര്‍ ഇപ്പോള്‍ പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പിന്നാലെ നടക്കുകയാണ്. ഇതിന് മുമ്പ് എപ്പോഴെങ്കിലും അവര്‍ പാവപ്പെട്ടവരോട് സംസാരിക്കാന്‍ തയ്യാറായിട്ടുണ്ടോ? പക്ഷേ ഇപ്പോള്‍ തങ്ങളുടെ കള്ളപ്പണം രണ്ട് ലക്ഷം രൂപയുടെ ചെറു നിക്ഷേപങ്ങളാക്കി മാറ്റാന്‍ പാവപ്പെട്ടവന്റെ വീട് കയറിയിറങ്ങുന്ന തിരക്കിലാണ് അവര്‍. ഇത്തരത്തില്‍ ആരെങ്കിലും നിങ്ങളുടെ അക്കൗണ്ടില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും തിരിച്ചു നല്‍കരുത്. അത് നിങ്ങളുടെ അക്കൗണ്ടില്‍ തന്നെ കിടക്കട്ടെ. എന്നിട്ട് അവര്‍ നിങ്ങളെ ഭീഷണിപ്പെടുത്തുകയാണെങ്കില്‍ നിങ്ങള്‍ എന്നോട് പറയണമെന്നും പ്രധാനമന്ത്രി പറഞ്ഞു.