National
ജയലളിത വിടവാങ്ങി; കണ്ണീരണിഞ്ഞ് തമിഴകം
ചെന്നൈ: തമിഴകത്തിന്റെ അമ്മ ഇനി ഓര്‍മ. തമിഴ്‌നാട് മുഖ്യമന്ത്രി പുരൈട്ച്ചി തലൈവി, ജയലളിത വിടവാങ്ങി. അവര്‍ക്ക് 68 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അപ്പോളോ ആശുപത്രി മെഡിക്കൽ ബുള്ളറ്റിനിലൂടെയാണ് മരണവാർത്ത സ്ഥിരീകരിച്ചത്. തിങ്കളാഴ്ച്ച രാത്രി 11.30-ഓടെയാണ് ജയലളിത മരണത്തിന് കീഴടങ്ങിയതെന്ന് അപ്പോളോ ആസ്പത്രി രാത്രി 12.10 ന് പുറത്തു വിട്ട വാർത്താക്കുറിപ്പിൽ പറയുന്നു. മൂന്ന് മാസത്തോളമായി ഇവിടെ ചികിത്സയിൽ കഴിയുന്ന ജയലളിത സുഖം പ്രാപിച്ച് വരുന്നതിനിടെ ഞായറാഴ്ച വെെകീട്ടാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് സ്ഥിതി വഷളായതോടെ വെൻറിലേറ്ററിൽ പ്രവേശിപ്പിച്ച അവർ കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.
ഇന്ന് വെെകീട്ട് ജയലളിതയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരാവസ്ഥയിലാണെന്ന് വ്യക്തമാക്കി അപ്പോളോ ആശുപത്രി പത്രക്കുുറിപ്പ് ഇറക്കിയിരുന്നു. ഇതിന് പിന്നാലെ ജയലളിത അന്തരിച്ചതായി ചില തമിഴ് ചാനലുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഇൗ വാർത്ത നിഷേധിച്ച് ജയലളിതയുടെ ഉടമസ്ഥതയിലുള്ള ജയ ടിവിയും അപ്പോളോ ആശുപത്രി അധികൃതരും രംഗത്ത് വന്നു. വാർത്തയെ തുടർന്ന് എഎെഎഡിഎംകെ ആസ്ഥാനത്ത് പതാക പകുതി താഴ്ത്തിക്കെട്ടിയെങ്കിലും പിന്നീട് ഉയർത്തിക്കെട്ടി. നാടകീയ രംഗങ്ങളാണ് അപ്പോളോ ആശുപത്രിയിലും പരിസരത്തും വെെകീട്ട് അരങ്ങേറിയത്.
സൺ ടിവി, പുതിയ തലമുറെെ, തന്തി എന്നീ തമിഴ് ചാനലുകളാണ് ജയലളിത മരിച്ചതായി റിപ്പോട്ട് പുറത്തുവിട്ടത്. ഇതോടെ ആശുപത്രി പരിസരത്ത് തിങ്ങിക്കൂടിയ എഎെഎഡിഎംകെ പ്രവർത്തകർ നിയന്ത്രണം വിട്ടു. ബാരിക്കേഡുകൾ തകർത്ത് ആശുപത്രിക്കുള്ളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പോലീസിന് ലാത്തി വീശി നേരിടേണ്ടി വന്നു. ഇതിനിടെയാണ് പാർട്ടി ആസ്ഥാനത്ത് പതാക പകുതി താഴ്ത്തിക്കെട്ടിയത്.
ആശുപത്രി അധികൃതരുടെ വിശദീകരണത്തെ തുടർന്ന് തമിഴ് ചാനലുകൾ വാർത്ത പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നു. ജയലളിതയുടെ ആരോഗ്യ സ്ഥിതി വീണ്ടെടുക്കാൻ സജീവ ശ്രമം നടക്കുകയാണെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ആശുപത്രി അധികൃതർ വീണ്ടും വാർത്താകുറിപ്പ് ഇറക്കുകയും ചെയ്തു.
ഇന്നലെ രാത്രി ജയലളിതയുടെ നില വഷളായത് അറിഞ്ഞ ത് മുതൽ ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവർത്തകർ ആശുപത്രി പരിസരത്തേക്ക് ഒഴുകുകയായിരുന്നു. ഇന്നും ഇത് തുടർന്നു. ഒടുവിൽ കനത്ത സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കിയ ശേഷമാണ് വാർത്ത സ്ഥിരീകരിക്കാൻ അധികൃതർ തീരുമാനമെടുത്തത്.
പനി, നിര്‍ജലീകരണം തുടങ്ങിയ ലക്ഷണങ്ങളെ തുടര്‍ന്ന് സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബ്രിട്ടനില്‍ നിന്നുള്ള വിദഗ്ധ ഡോക്ടറായ റിച്ചാര്‍ഡ് ജോണ്‍ ബെയ്ല്‍ ജയലളിതയെ പരിശോധിച്ചിരുന്നു.