Ongoing News
തമിഴ്നാടിന്റെ റാണി ഇനി സ്മൃതിപഥങ്ങളിൾ
ചെന്നൈ: തമിഴ് രാഷ്ട്രീയത്തിലെ ഒരു യുഗം അവസാനിച്ചിരിക്കുന്നു. ജയലളിതക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. തമിഴ്‌നാട് മുഖ്യമന്ത്രിയും എ ഐ എ ഡി എം കെ നേതാവുമായ ജയലളിതയുടെ മൃതദേഹം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. മറീന ബീച്ചിലെ എം ജി ആറിന്റെ സ്മൃതി മണ്ഡപത്തിന് സമീപമാണ് മൃതദേഹം സംസ്‌കരിച്ചത്. ജയലളിതയുടെ വിശ്വസ്തയായിരുന്ന ശശികല നടരാജനും അനന്തരവന്‍ ദീപകും മതപരമായ ചടങ്ങുകള്‍ നടത്തി. ചന്ദന തടികൊണ്ട് നിര്‍മിച്ച പേടകത്തിലാണ് തലൈവിയെ അടക്കം ചെയ്തത്.
ആശുപത്രിയില്‍ നിന്ന് വസതിയായ പോയസ്ഗാര്‍ഡനിലേക്ക് മാറ്റിയ മൃതദേഹം പിന്നീട് രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. അമ്മയെ അവസാനമായി ഒരുനോക്ക് കാണാന്‍ ആയിരങ്ങളാണ് രാജാജി ഹാളിലേക്കും മറീന ബീച്ചിലേക്കും ഒഴുകിയെത്തിയത്. മുഖ്യമന്ത്രി പനീര്‍ശെല്‍വം ഉള്‍പ്പെടെയുള്ള പാര്‍ട്ടി നേതാക്കളും ശശികലയും മുഴുവന്‍ സമയവും ഒപ്പമുണ്ടായിരുന്നു. പൂക്കള്‍ കൊണ്ട് അലങ്കരിച്ച സൈനിക ട്രക്കിലാണ് മൃതദേഹം സംസ്‌കാരം നടന്ന മറീന ബീച്ചിലേക്ക് കൊണ്ടുപോയത്. റോഡിന്റെ ഇരുവശങ്ങളിലും ജനങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കാത്തുനിന്നു. രാജാജി ഹാളില്‍ നിന്ന് മറീന ബീച്ചിലേക്കുള്ള മൂന്ന് കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഒരു മണിക്കൂറിലധികമെടുത്തു.
മൃതദേഹത്തില്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡു, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, തമിഴ്‌നാട് മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം, മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, അഖിലേഷ് യാദവ്, ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു, കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിക്കാനെത്തി. തമിഴ് ചലച്ചിത്ര താരം രജനികാന്ത് ഉള്‍പ്പെടെയുള്ള കലാ, സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്ത്യോപചാരം അര്‍പ്പിച്ചു.
കനത്ത സുരക്ഷാ സംവിധാനമാണ് പ്രദേശത്ത് ഒരുക്കിയിരുന്നത്. സുരക്ഷയുടെ ഭാഗമായി ഹെലിക്കോപ്റ്ററില്‍ നിരീക്ഷണം നടത്തി. ജയലളിതയുടെ വസതിയായ പോയസ് ഗാര്‍ഡനിലേക്കും ജനസഹസ്രങ്ങള്‍ ഒഴുകിയെത്തി. ഇവരെ നിയന്ത്രിക്കാനാകാതെ പോലീസ് വലഞ്ഞു.
പാര്‍ലിമെന്റിന്റെ ഇരുസഭകളും ജയലളിതക്ക് ആദരാഞ്ജലി അര്‍പ്പിച്ച് പിരിഞ്ഞു. രാജ്യത്തിന് മികച്ച നേതാവിനെയും ഭരണാധികാരിയെയും നഷ്ടമായെന്ന് രാജ്യസഭാ അധ്യക്ഷന്‍ ഹമീദ് അന്‍സാരി പറഞ്ഞു.
കടുത്ത പനിയും നിര്‍ജലീകരണവും കാരണം സെപ്തംബര്‍ 22നാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 75 ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം തിങ്കളാഴ്ച രാത്രി 11.30 ഓടെയാണ് ജയലളിത അന്തരിച്ചത്.
ആരോഗ്യനില മെച്ചപ്പെട്ടിരുന്നുവെങ്കിലും ഞായറാഴ്ച ഹൃദയ സ്തംഭനമുണ്ടായതിനെ തുടര്‍ന്ന് സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് ജയലളിത മരിച്ചതായി സണ്‍ ടി വി ഉള്‍പ്പെടെയുള്ള ചാനലുകള്‍ വാര്‍ത്ത പുറത്തുവിട്ടെങ്കിലും അപ്പോളോ ആപുപത്രി അധികൃതര്‍ നിഷേധിക്കുകയായിരുന്നു.
മരണ വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ മുഖ്യമന്ത്രിയായി ഒ പനീര്‍ശെല്‍വം സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയും ചെയ്തു.