Ongoing News
അധികാരം ശശികലയിലേക്ക്
ചെന്നൈ: ജയലളിതയുടെ അന്ത്യയാത്രയില്‍ നിഴല്‍ പോലെയുണ്ടായിരുന്ന തോഴി ശശികല നടരാജനാണ് തമിഴ് രാഷ്ട്രീയത്തില്‍ ഇനി ശ്രദ്ധാകേന്ദ്രമാകുക. വിവാദങ്ങളിലും വിജയങ്ങളിലും ജയക്കൊപ്പമുണ്ടായിരുന്ന ശശികല വാര്‍ത്തകളില്‍ എന്നും നിറഞ്ഞുനിന്നു. ജയലളിതയുടെ വിയോഗത്തോടെ എ ഐ എ ഡി എം കെയുടെ അടുത്ത അധികാരകേന്ദ്രം ആരാകുമെന്ന ചോദ്യമുയരുമ്പോഴും വിരലുകള്‍ ചൂണ്ടപ്പെടുന്നത് ശശികലയിലേക്ക് തന്നെ. പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ രണ്ട് തവണ അകറ്റിനിര്‍ത്തപ്പെട്ടുവെങ്കിലും ശശികലക്ക് അണ്ണാ ഡി എം കെയിലുള്ള സ്വാധീനം കുറച്ചുകാണാന്‍ കഴിയില്ല.
തമിഴകത്തിന്റെ സ്വന്തം “അമ്മ”യുടെ ഭൗതികദേഹം വഹിച്ചുള്ള യാത്രയിലും രാജാജി ഹാളിലെ പൊതുദര്‍ശന വേളകളിലുമെല്ലാം നിഴലുപോലെ ശശികലയുണ്ടായിരുന്നു. കറുത്ത സാരിയില്‍ കരഞ്ഞുകലങ്ങിയ കണ്ണുമായി ശശികല തൊട്ടരികില്‍ നിന്നു. എം ജി ആറിന്റെ മരണയാത്രയില്‍ വെളുത്ത സാരിയില്‍ 21 മണിക്കൂറോളം പിന്നാലെയുണ്ടായിരുന്ന അന്നത്തെ ജയലളിതയിലേക്ക് ഓര്‍മകള്‍ കൊണ്ടുപോകുന്നതായിരുന്നു ഈ ദൃശ്യം. ഈ കഥാഗതിയിലേക്ക് തന്നെയാകും ശശികലയും നടന്നുനീങ്ങുന്നതെന്ന് കണക്കുകൂട്ടുന്നതില്‍ നിരീക്ഷകരാരും അനൗചിത്യം കാണുന്നേയില്ല. തമിഴ്‌നാടിന്റെ രീതികളനുസരിച്ച് അമ്മയുടെ തോഴി “ചിന്നമ്മ”യാകുമ്പോള്‍, ഇനി പാര്‍ട്ടിയെ നയിക്കുക ശശികല തന്നെയാകണം.
ജയലളിതയുടെ രാഷ്ട്രീയ വഴിയില്‍ ശശികലയുടെ പേര് ഒഴിവാക്കാനാകുന്ന ഒന്നല്ല. അമ്മയിലും അതുവഴി എ ഐ എ ഡി എം കെയിലുമുള്ള അവരുടെ സ്വാധീനം അത്രയും വലുതാണ്. നിയമസഭാംഗങ്ങളിലും മന്ത്രിസഭയിലും ഉള്ളവരില്‍ ഏറെയും ശശികലയുടെ വരുതിയിലാണ്.
എണ്‍പതുകളില്‍ വീഡിയോഗ്രാഫര്‍ എന്ന വേഷത്തിലാണ് ശശികലയുടെ സാന്നിധ്യം ജയലളിതയെ പിന്തുടര്‍ന്ന് തുടങ്ങിയത്. ഭര്‍ത്താവ് നടരാജന് അടിയന്തരവാസ്ഥക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടപ്പോള്‍ ശശികലക്ക് അണിയേണ്ടിവന്ന വേഷമായിരുന്നു അത്. അന്നത്തെ ജില്ലാ കലക്ടര്‍ വി എസ് ചന്ദ്രലേഖയുടെ പി ആര്‍ ഓഫീസറായാണ് നടരാജന്‍ പ്രവര്‍ത്തിച്ചിരുന്നത്. ജയലളിത പങ്കെടുക്കുന്ന ചടങ്ങുകള്‍ വീഡിയോയിലാക്കാന്‍ അനുവാദം കിട്ടിയാല്‍ ഉപകാരമാകുമെന്ന് ചന്ദ്രലേഖയിലൂടെയാണ് നടരാജന്‍ സമീപിച്ചത്. അതിന് ജയലളിതയുടെ അനുമതിയും ലഭിച്ചു. ജയയെ നിരീക്ഷിക്കാന്‍ എം ജി ആര്‍ നിയോഗിച്ച ചാരയാണ് ശശികലയെന്ന് അടക്കം പറച്ചിലുകള്‍ ഉണ്ടായിരുന്നു. പക്ഷേ, ശശികലയും ജയലളിതയും തമ്മിലുള്ള അടുപ്പം അവിടെ ആരംഭിച്ചു.
1989ല്‍ ശശികല പോയസ് ഗാര്‍ഡനിലെത്തി. ശശികലയുടെ അടുപ്പക്കാരെല്ലാം പോയസിലെ പരിചാരകവൃന്ദമായി. 1991ല്‍ മുഖ്യമന്ത്രിയായതോടെ ജയലളിതയുടെ പൂര്‍ണാമായ നിയന്ത്രണം ശശികലയിലായി. അവരുടെ അനുവാദമില്ലാതെ മുഖ്യമന്ത്രിയെ കാണാന്‍ പോലും കഴിയാത്ത അവസ്ഥ. ശശികലയുടെ മരുമകനും ജയയുടെ ദത്തുപുത്രനുമായ സുധാകരന്റെ ആറ് കോടിയുടെ ആഡംബര വിവാഹമാണ് ജയലളിതയെ ആദ്യം വെട്ടിലാക്കിയത്. വിമര്‍ശുയര്‍ന്നപ്പോള്‍ ശശികലയെ ജയലളിത കൈയൊഴിഞ്ഞു. പക്ഷേ, ജയക്കൊപ്പം പോയസ് ഗാര്‍ഡനിലേക്ക് ശശികല വീണ്ടുമെത്തി.
2001- 2006ല്‍ ജയലളിത രണ്ടാമതും മുഖ്യമന്ത്രിയായപ്പോള്‍ ശശികലയും ബന്ധുക്കളും വീണ്ടും കരുത്താര്‍ജിച്ചു. “മന്നാര്‍ഗുഡി മാഫിയ” ഭരണം നടത്തുന്നു എന്ന പ്രയോഗം സുബ്രഹ്മണ്യന്‍ സ്വാമിയില്‍ നിന്നുണ്ടായത് അപ്പോഴാണ്. 2011ല്‍ മൂന്നാമതും അധികാരത്തിലെത്തിയപ്പോള്‍ ശശികലയെയും പരിവാരങ്ങളെയും ആറ് മാസത്തിനുള്ളില്‍ പോയസ് ഗാര്‍ഡനില്‍ നിന്ന് ജയലളിതക്ക് പുറത്താക്കേണ്ടിവന്നു. പിന്നീട് ഭര്‍ത്താവ് നടരാജനെ ഉപേക്ഷിച്ച് അവര്‍ വീണ്ടും ജയക്കരികിലെത്തി. ആ യാത്രയാണ് ഇന്നലെ വരെ ജയലളിതക്കൊപ്പം കണ്ടത്.
“എനിക്ക് വേണ്ടി ശശികല ഒരുപാട് സഹിച്ചിട്ടുണ്ട്. അമ്മക്ക് ശേഷം ആ സ്‌നേഹവും കരുതലും നല്‍കിയത് അവളായിരുന്നു. എന്റെ രോഷപ്രകടനങ്ങളും അതിന്റെ ഫലങ്ങളും അനുഭവിച്ചതും അവളാണ്”- ജയലളിത പറഞ്ഞിട്ടുണ്ട്. ജയ അരങ്ങൊഴിയുമ്പോള്‍ അതേ സ്വാധീനശക്തിയോടെ പോയസ് ഗാര്‍ഡനിലും എ ഐ എ ഡി എം കെയെന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അധികാര, ഭരണ വഴികളിലും ശശികലയുണ്ടാകും.