Sports
മാഴ്‌സെലീഞ്ഞ്യോ: സൂപ്പര്‍ ലീഗിലെ 'വേട്ടക്കാരന്‍'
കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മൂന്നാം സീസണ്‍ സെമി ഫൈനലിലേക്ക് കടക്കുമ്പോള്‍ ഗോള്‍ഡന്‍ ബൂട്ടിലേക്ക് നിറയൊഴിക്കുകയാണ് ഡല്‍ഹി ഡൈനാമോസിന്റെ മാഴ്‌സലോ ലിറ്റെ പെരെരയെന്ന ബ്രസീലിയന്‍ സ്‌ട്രൈക്കര്‍. ലീഗ് ഘട്ടത്തില്‍ പതിമൂന്ന് മത്സരങ്ങളില്‍നിന്ന് ഒമ്പത് ഗോളുകളാണ് മാഴ്‌സലീഞ്ഞ്യോ നേടിയത്. ഇതില്‍ രണ്ടെണ്ണം പെനാല്‍റ്റിയിലൂടെയായിരുന്നു. എഫ് സി ഗോവക്കെതിരായ മത്സത്തില്‍ ഒരു ഹാട്രിക്കും അദ്ദേഹത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു. അസാധാരണമായ ഡ്രിബ്ലിംഗ് പാടവും ഫിനിഷിംഗുമുള്ള മാഴ്‌സെലീഞ്ഞ്യോ തന്റെ ആദ്യ ഐ എസ് എല്‍ തന്നെ ഗോള്‍ഡന്‍ ബൂട്ട് ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ മലയാളി താരം സി കെ വിനീതടക്കം എട്ട് പേര്‍ അഞ്ച് ഗോളുകളുമായി പിന്നിലുണ്ടെങ്കിലും മാഴ്‌സെലീഞ്ഞ്യോ യെ മറികടക്കുക പ്രയാസകരമായിരിക്കും. പരമാവധി മൂന്ന് മത്സരങ്ങള്‍ മാത്രമേ ഇനി കളിക്കാന്‍ കഴിയൂ എന്നത് മാഴ്‌സെലീഞ്ഞ്യോയുടെ കാര്യങ്ങള്‍ എളുപ്പമാക്കുന്നു. ഗോളുകളുടെ എണ്ണത്തില്‍ മാഴ്‌സെലീഞ്ഞ്യോയാണ് മുന്നിലെങ്കിലും മൊത്തം കളിച്ച മത്സരങ്ങള്‍ നോക്കുമ്പോള്‍ വിനീതിന്റെ പ്രകടനത്തിന് തിളക്കം കൂടുന്നു.
ആറ് മത്സരങ്ങളില്‍നിന്നാണ് വിനീത് അഞ്ച് ഗോളുകള്‍ കണ്ടെത്തിയത്. മാഴ്‌സെലീഞ്ഞ്യോ 1071 മിനുട്ട് കളിച്ചപ്പോള്‍ 476 മിനുട്ട് മാത്രമാണ് വിനീത് കളിച്ചത്. ആദ്യ പത്ത് ഗോള്‍വേട്ടക്കാരില്‍ വിനീതിന് പുറമേ കീന്‍ ലൂയിസ് മാത്രമാണ് ഇന്ത്യന്‍ താരങ്ങളില്‍നിന്നുള്ളത്. ബാക്കി എട്ട് പേരും വിദേശികളാണ്. ഇതില്‍ ലൂയിസ് നാലും ബാക്കിയെല്ലാവരും അഞ്ച് ഗോളുമാണ് നേടിയത്. റിച്ചാര്‍ഡ് ഗാഡ്‌സെ (ഡല്‍ഹി), റാഫേല്‍ കൊയ്‌ലോ (എഫ് സി ഗോവ), ഡീഗോ ഫോര്‍ലാന്‍ (മുംബൈ), ഇയാന്‍ ഹ്യൂം (കൊല്‍ക്കത്ത), ആനിബാല്‍ റോഡ്രിഗസ് (പൂനെ), ഡൂഡു ഒമാഗ്‌ബെമി (ചെന്നൈ), എമിലിയോ അല്‍ഫാരോ (നോര്‍ത്ത് ഈസ്റ്റ്) എന്നിവരാണ് അഞ്ച്‌ഗോളുകള്‍ നേടിയവര്‍.
ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ ടീം മൂന്നാം സ്ഥാനത്തുള്ള ഡല്‍ഹി ഡൈനാമോസാണ്. 27 ഗോളുകള്‍ ഇതുവരെ അവര്‍ സ്‌കോര്‍ ചെയ്തുകഴിഞ്ഞു. ഇതില്‍ 18 ഗോളുകള്‍ മാഴ്‌സെലീഞ്ഞ്യോ, ഗാഡ്‌സെ, ലൂയിസ് ത്രയങ്ങളുടെ ബൂട്ടില്‍നിന്നാണ്. ഒന്നാം സ്ഥാനത്തുള്ള മുംബൈ 16 ഉം രണ്ടാം സ്ഥാനത്തുള്ള കേരള ബ്ലാസ്റ്റേഴ്‌സും 13 ഉം ഗോളുകളാണ് നേടിയത്. ലീഗ് ഘട്ടത്തില്‍ 56 മത്സരങ്ങളില്‍നിന്നായി 134 ഗോളുകളാണ് പിറന്നത്. 2014ല്‍ 121 ഗോളുകളായിരുന്നുവെങ്കില്‍ 2015ല്‍ 171 ഗോളുകള്‍ ലീഗ് ഘട്ടത്തില്‍ പിറന്നിരുന്നു. കഴിഞ്ഞ തവണ നാല് ഹാട്രിക്കുകളുണ്ടായിരുന്നെങ്കില്‍ ഇത്തവണ സെമി ഫൈനലിലേക്കെത്തുമ്പോള്‍ മൂന്ന് ഹാട്രിക്കുകളാണ് പിറന്നത്. മാഴ്‌സലീഞ്ഞ്യോ പുറമേ മുംബൈ സിറ്റിയുടെ മാര്‍ക്വു താരം ഡീഗോ ഫോര്‍ലാന്‍, ചെന്നൈ സിറ്റി എഫ് സിയുടെ ഡുഡു ഒമാംഗ്‌ബെമി എന്നിവരാണ് മറ്റ് ഹാട്രിക്കുടമകള്‍. ഈ സീസണിലെ ഗോള്‍വേട്ടക്കാരില്‍ ഇന്ത്യന്‍ താരങ്ങളുടെ സാന്നിധ്യം കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് കുറവാണെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. ഇതുവരെയായി 20 ഇന്ത്യന്‍ താരങ്ങളിലൂടെ 32 ഗോളുകള്‍ കണ്ടുവെങ്കില്‍ കഴിഞ്ഞ സീസണില്‍ 20 പേരില്‍നിന്ന് 45 ഗോളുകളുണ്ടായിരുന്നു. 2014ലാകട്ടെ 17 പേരില്‍നിന്ന് 23 ഗോളുകളും. 2015ല്‍ ഇന്ത്യന്‍ താരങ്ങളുടേതായി രണ്ട് ഹാട്രിക്കുമുണ്ടായിരുന്നു. മുംബൈ സിറ്റിക്കുവേണ്ടി സുനില്‍ ഛേത്രിയും എഫ് സി ഗോവക്കുവേണ്ടി ഹോയ്കിപും നേടിയത്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പമുള്ള ഹോയ്കിപ്പിന് ഇതുവരെ ഒരു തവണ മാത്രമേ കളത്തിലിറങ്ങാനായിട്ടുള്ളൂ.