Articles
റേഷന്‍: ഇനി ഒരു നിമിഷം വൈകരുത്
കേരളത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായി റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം പാടേ തകിടം മറിഞ്ഞിരിക്കുന്നു. സജീവമായിരുന്ന റേഷന്‍ കടകള്‍ ഇപ്പോള്‍ ശ്മശാനമൂകതയിലാണ്. പൊതുവിപണിയില്‍ അരിയുടെ വില വാണംപോലെ കുതിച്ചുയരുന്നു. കേരളം ഏറെ പോരാട്ടങ്ങള്‍ക്കു ശേഷം നേടിയെടുത്തതും അര നൂറ്റാണ്ടിലേറെയായി നിലവിലിരിക്കുന്നതുമായ സ്റ്റാറ്റ്യൂട്ടറി റേഷനിംഗ് സംവിധാനം എല്‍ ഡി എഫ് ഭരണത്തില്‍ ആറുമാസം കൊണ്ടുതന്നെ അട്ടിമറിക്കപ്പെട്ടതിനെ തുടര്‍ന്ന് സ്‌ഫോടനാത്മകമായ സ്ഥിതിവിശേഷം ഉരുണ്ടുകൂടുകയാണ്. ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പേരും പറഞ്ഞ് കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ പരസ്പരം പഴിചാരി ജനങ്ങളെ പട്ടിണിയിലാക്കിയിരിക്കുന്നു.
ഭക്ഷ്യഭദ്രതാ നിയമ പ്രകാരം മുന്‍ഗണനാ പട്ടികയിലുള്ള 1.54 കോടി ആളുകള്‍ക്ക് നാലു കിലോ അരിയും ഒരു കിലോ ഗോതമ്പും പ്രതിമാസം സൗജന്യമായി ലഭിക്കണം. എ പി എല്‍- എസ് എസ് (സബ്‌സിഡി) കാറ്റഗറിയിലുള്ള 1.24 കോടി പേര്‍ക്ക് സംസ്ഥാന ഗവണ്‍മെന്റിന്റെ തീരുമാനം അനുസരിച്ച് പ്രതിമാസം രണ്ട് രൂപക്ക് രണ്ടു കിലോ അരി കിട്ടും. അവര്‍ക്ക് ഗോതമ്പില്ല. എ പി എല്‍ കാറ്റഗറിയിലുള്ള (65 ലക്ഷം പേര്‍)~ഒരു കുടുംബത്തിന് പ്രതിമാസം 8.90 രൂപക്കു ഒരു കിലോ അരിയും 6.70 രൂപക്ക് ഒരു കിലോ ഗോതമ്പും ലഭിക്കും. ഒക്‌ടോബറില്‍ അളവ് കുറച്ചും സമയം തെറ്റിച്ചും റേഷന്‍ വിതരണം നടത്തി. ഡിസംബര്‍ 14-ാം തീയതിയായിട്ടും നവംബറിലെ 50 ശതമാനം റേഷന്‍ പോലും കൊടുത്തു തീര്‍ക്കുവാന്‍ സാധിച്ചിട്ടില്ല. അതിന്റെ വിതരണം ഡിസംബര്‍ അവസാനം വരെ നീട്ടിയിരിക്കുകയാണ്. ഡിസംബറിലെ റേഷന്‍ വിതരണത്തെക്കുറിച്ച് ഗവണ്‍മെന്റിന് ഒരെത്തും പിടിയുമില്ല. ക്രിസ്മസിന് സാധാരണഗതിയിലുള്ള സ്‌പെഷല്‍ അരിയും മുടങ്ങാന്‍ പോകുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് റേഷന്‍ വിതരണം ഇതുപോലെ താളംതെറ്റുന്നത്.
ഒരു മന്ത്രിസഭയുടെ പിടിപ്പുകേടും കഴിവുകേടും തെളിയുകയാണ് ഇവിടെ. കേരളത്തിന് ഒരു വര്‍ഷം കേന്ദ്രത്തില്‍ നിന്നു ലഭിക്കുന്ന ഭക്ഷ്യധാന്യ വിഹിതം 16 ലക്ഷത്തിലേറെ മെട്രിക് ടണ്‍ ആണ്. അതു തന്നെ റേഷന്‍ വിതരണത്തിന് തികയുന്നില്ല. ഒരു മാസം റേഷന്‍ വിതരണം നിലക്കുമ്പോള്‍ ഒരു ലക്ഷത്തിലേറെ ടണ്‍ ഭക്ഷ്യധാന്യമെങ്കിലും ജനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് വാങ്ങേണ്ടി വരുന്നു. ഇതിന്റെ ലാഭം സ്വകാര്യ ലോബിക്കാണ്. സൗജന്യമായി റേഷന്‍ കടകളില്‍ നിന്ന് കിട്ടിയിരുന്ന ഭക്ഷ്യധാന്യങ്ങള്‍ അതിന്റെ എത്രയോ ഇരട്ടി വിലക്കാണ് പൊതുവിപണിയില്‍ നിന്ന് വാങ്ങുന്നത്. രണ്ടു മാസമായിട്ടും ഇതുപോലൊരു നീറുന്ന പ്രശ്‌നത്തില്‍ ഇടപെടാതിരിക്കാന്‍ സര്‍ക്കാരിന് എങ്ങനെ സാധിച്ചു?
റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഉണ്ടെങ്കില്‍ അറിയാം ഭരണത്തിന്റെ മികവ്. ഇക്കാര്യത്തില്‍ രണ്ടു മന്ത്രിസഭകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച് ഒരു താരതമ്യ പഠനത്തിനു ആരെങ്കിലും മുന്നോട്ടുവന്നാല്‍ അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു. ജനങ്ങളെ പട്ടിണിയില്‍ നിന്നു സംരക്ഷിക്കുന്ന റേഷന്‍ സംവിധാനം കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്നതിന് യു ഡി എഫ് ഭരണകാലത്ത് മനുഷ്യസാധ്യമായതെല്ലാം ചെയ്തു. അഞ്ചു വര്‍ഷം ഒരിക്കല്‍ പോലും റേഷന്‍ മുടങ്ങിയിട്ടില്ല. യു ഡി എഫ് അധികാരമേറ്റു 100 ദിവസത്തിനുള്ളില്‍ ബി പി എല്ലുകാര്‍ക്കു ഒരു രൂപാ അരി. എ പി എല്ലു.കാര്‍ക്കു രണ്ടു രൂപക്ക് അരി. അഞ്ചാം വര്‍ഷം ബി പി എല്ലുകാര്‍ക്കു സൗജന്യമായി റേഷന്‍ അരി. എന്നാല്‍ എല്‍ ഡി എഫ് ഭരണമാകട്ടെ ആറുമാസം കൊണ്ട് തന്നെ, റേഷന്‍ സംവിധാനം ആകെ തകര്‍ത്തു.
നരേന്ദ്രമോദി സര്‍ക്കാറിന്റെ കേന്ദ്രഭക്ഷ്യ ഭദ്രതാ നിയമമെന്ന ട്രോജന്‍ കുതിരയെ കേരളത്തിലേക്ക് കടത്തിവിട്ടാണ് സംസ്ഥാനത്തെ റേഷന്‍ സംവിധാനത്തെ താറുമാറാക്കുന്നതിന് തുടക്കംകുറിച്ചത്. ഈ നിയമം യു ഡി എഫ് ഭരിക്കുമ്പോഴും ഉണ്ടായിരുന്നു. നിയമം ഉടന്‍ പ്രാബല്യത്തിലാക്കണമെന്ന് അന്നും കേന്ദ്രം നിഷ്‌ക്കര്‍ഷിച്ചിരുന്നു. എന്നിട്ടും അന്ന് റേഷന്‍ വിതരണം ഒരു ദിവസം പോലും മുടങ്ങിയില്ല. കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന്‍ ഇപ്പോള്‍ അവകാശപ്പെടുന്നത്, കേരളത്തിന് കേന്ദ്ര വിഹിതം മുടക്കമില്ലാതെ നല്‍കുന്നുണ്ടെന്നാണ്. അതേ സമയം, സംസ്ഥാന ഭക്ഷ്യമന്ത്രി പറയുന്നത് ഒക്‌ടോബര്‍ മുതല്‍ കേന്ദ്രവിഹിതം നിലച്ചിരിക്കുന്നുവെന്നും.
എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു? 2013 ജൂലൈ അഞ്ചിനാണ് ഭക്ഷ്യഭദ്രതാ നിയമം രാജ്യത്ത് നിലവില്‍ വന്നത്. ഈ നിയമത്തിലെ പല പ്രധാന വ്യവസ്ഥകളും കേരളത്തിന് ദോഷകരമാണെന്ന് യു ഡി എഫ് അന്നു ചൂണ്ടിക്കാട്ടി. ആ വാദങ്ങള്‍ കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിനും ബോധ്യപ്പെട്ടിരുന്നതാണ്. എന്നിരുന്നാലും നിയമം പ്രാബല്യത്തില്‍ കൊണ്ടുവരാനുള്ള നടപടികള്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു. പുതിയ നിയമം പ്രാബല്യത്തില്‍ വരുമ്പോള്‍ പഴയ രീതിയില്‍ എ പി എല്‍, ബി പി എല്‍ പട്ടികകള്‍ ഇല്ലാതാകും. പകരം, മുന്‍ഗണനാ വിഭാഗവും മുന്‍ഗണനായേതര വിഭാഗവും എന്ന തരംതിരിവേ ഉണ്ടാകുകയുള്ളൂ. ഈ പട്ടിക തയ്യാറാക്കിയപ്പോഴേക്കും പൊതുതെരഞ്ഞെടുപ്പു വിജ്ഞാപനം വന്നു. തുടര്‍ന്ന് പട്ടികയുടെ മേലുള്ള തുടര്‍ നടപടികള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. ഈ സാഹചര്യത്തിലും റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ തുടര്‍ന്നും കേന്ദ്രത്തില്‍ നിന്ന് ലഭിച്ചുകൊണ്ടിരുന്നു.
എന്നാല്‍, പട്ടിക തയ്യാറാക്കുന്നതിലെ കാലതാമസത്തിന് ഉത്തരവാദി യു ഡി എഫ് ഭരണമാണെന്നാണ് സംസ്ഥാന ഭക്ഷ്യമന്ത്രി ഒക്‌ടോബര്‍ 26ന് നിയമസഭയില്‍ ആരോപിച്ചത്. റേഷന്‍ കടകളില്‍ ഭക്ഷ്യധാന്യങ്ങള്‍ ഇല്ലാത്തതു മൂലം ജനങ്ങള്‍ പൊറുതിമുട്ടുന്നതിന്റെ ദയനീയ ചിത്രം പ്രതിപക്ഷം അടിയന്തിര പ്രമേയത്തിലൂടെ അന്ന് നിയമസഭയില്‍ ഉന്നയിക്കുന്നതുവരെ ഇത്തരമൊരു ആക്ഷേപം ആരും ഉന്നയിച്ചിട്ടില്ല. കേന്ദ്ര ഭക്ഷ്യഭദ്രതാ നിയമം ചോദേ്യാത്തരമായും ശ്രദ്ധക്ഷണിക്കല്‍ പ്രമേയമായും മറ്റും പലവട്ടം സഭയില്‍ ഉന്നയിക്കപ്പെട്ടപ്പോഴും ഭക്ഷ്യമന്ത്രിയോ മറ്റൊരെങ്കിലുമോ ഇത്തരം ഒരാരോപണം ഉന്നയിച്ചിരുന്നില്ല.
ഭക്ഷ്യമന്ത്രി പറഞ്ഞതാണ് വസ്തുതയെങ്കില്‍ എന്തുകൊണ്ട് യു ഡി എഫ് ഭരണത്തില്‍ ഒരുദിവസംപോലും റേഷന്‍ കടയില്‍ ഭക്ഷ്യധാന്യം മുടങ്ങിയില്ല? കേന്ദ്രവിഹിതം ലഭിക്കുന്നതില്‍ ഒരുതവണ പോലും വീഴ്ച വന്നില്ല? മാന്ത്രികവടി കാണിച്ചായിരുന്നില്ലല്ലോ യു ഡി എഫ് റേഷന്‍ കടകള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്! എല്‍ ഡി എഫ് അധികാരമേറ്റശേഷം ജൂലൈ, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ സുഗമമായി കേരളത്തില്‍ റേഷന്‍ വിതരണം നടത്തിയതിന് ഇടതു സര്‍ക്കാര്‍ നന്ദി പറയേണ്ടത് കഴിഞ്ഞ യു ഡി എഫ് മന്ത്രിസഭയോടാണ്. അന്നു സംസ്ഥാന സര്‍ക്കാര്‍ നടത്തിയ സമ്മര്‍ദത്തിന്റെ ഫലമായാണ് കേരളത്തിലെ ഗോഡൗണുകളില്‍ തുടര്‍ന്നും ഭക്ഷ്യധാന്യം എത്തിയത്.
പുതുതായി അധികാരമേറ്റവര്‍ ഇത് തിരിച്ചറിഞ്ഞിരുന്നില്ല. തുടര്‍ന്നും ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കൊള്ളുമെന്ന പ്രതീക്ഷയില്‍ അവര്‍ വെറുതേയിരുന്നു. അവിടെയാണ് അവര്‍ക്ക് പാളിയത്. ജൂണിലോ ജൂലൈയിലോ സര്‍ക്കാര്‍ ഇടപെട്ടിരുന്നെങ്കില്‍ ജൂലൈ മുതല്‍ മൂന്നു മാസത്തേക്കുള്ള കേന്ദ്ര വിഹിതമെങ്കിലും ലഭിക്കുമായിരുന്നു. സാധാരണ മൂന്നു മാസമോ ആറു മാസമോ വച്ചാണ് അലോട്ട്‌മെന്റ് വരുന്നത്. അതിനു വേണ്ടി കഠിനശ്രമങ്ങള്‍ നടത്തിയില്ല. യു ഡി എഫ് ഭരണകാലത്ത് രണ്ടുമാസം കൂടുമ്പോള്‍ ഉന്നത ഉദേ്യാഗസ്ഥരും മൂന്നുമാസം കൂടുമ്പോള്‍ ഭക്ഷ്യമന്ത്രിയും അതിനു പുറമെ മുഖ്യമന്ത്രിയെന്ന നിലയില്‍ ഞാനും നിരന്തരം ഇടപെട്ടിരുന്നു. അതായിരുന്നു ഞങ്ങളുടെ മാന്ത്രികവടി. എല്‍ ഡി എഫ് അധികാരമേറ്റ ശേഷം ഭക്ഷ്യധാന്യ വിഹിതം ഉറപ്പുവരുത്താന്‍ കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ടത് വളരെ വൈകിയാണ്. റേഷന്‍ വിതരണം അവതാളത്തിലാകും മുന്‍പ് ഒരിക്കലെങ്കിലും കേരളം കേന്ദ്രവുമായി ബന്ധപ്പെട്ടോ? റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍ കാലിയായ വിവരം ഇടതു സര്‍ക്കാര്‍ ശ്രദ്ധിച്ചതേയില്ല.
റേഷന്‍ വിഹിതം മോദി സര്‍ക്കാര്‍ വെട്ടിക്കുറച്ചത് അറിഞ്ഞുകൊണ്ടു തന്നെയാണോ കഴിഞ്ഞ ഒക്‌ടോബര്‍ ഏഴിന് കോഴിക്കോട് സ്വീകരണ യോഗത്തില്‍, കേരളത്തോട് എല്ലാ കാര്യങ്ങളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്രമന്ത്രിമാരും സ്വീകരിക്കുന്നത് നല്ല സമീപനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ മുക്തകണ്ഠം പ്രശംസിച്ചത്? കേരളത്തെ പട്ടിണിക്കിടുന്ന ഒരു പ്രധാനമന്ത്രിയെ പ്രശംസിക്കാന്‍ മുഖ്യമന്ത്രിക്കു സാധിച്ചത് അത്ഭുതകരം തന്നെ. കേരളത്തിന് ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യം വെട്ടിച്ചുരുക്കാന്‍ കേന്ദ്രമന്ത്രിസഭ തീരുമാനം എടുത്തതില്‍ പ്രതിഷേധിച്ച് നിയമസഭ ഒക്‌ടോബര്‍ മൂന്നിന് പ്രമേയം പാസ്സാക്കിയതിന്റെ നാലാം ദിവസമാണ്, മോദിയേയും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളേയും മുഖ്യമന്ത്രി പ്രശംസിച്ചത്!
കയറ്റിറക്ക് തൊഴിലാളികളുടെ കൂലി പ്രശ്‌നവും ഗോഡൗണുകളുടെ അപര്യാപ്തതയുമാണ് റേഷന്‍ വിതരണം നിര്‍ത്തിവക്കാന്‍ ഏറ്റവും ഒടുവില്‍ മുടന്തന്‍ ന്യായമായി പറയുന്നത്. ഇതൊന്നും പരിഹരിക്കാന്‍ ബുദ്ധിമുട്ടുള്ള പ്രശ്‌നങ്ങളേയല്ല. സര്‍ക്കാര്‍ നോക്കുകുത്തിയായി നില്‍ക്കാതെ ഇച്ഛാശക്തിയോടെ ഇടപെട്ടാല്‍ മതി. മന്ത്രിമാര്‍ ഉദേ്യാഗസ്ഥരെ വിശ്വാസത്തിലെടുക്കണം. കൂട്ടായ പരിശ്രമത്തിലൂടെ അവകാശം നേടിയെടുക്കണം. പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ അതിന് ഉണ്ടാകും.
ഭക്ഷ്യഭദ്രതാനിയമ പ്രകാരം കേരളത്തിനു പ്രതിവര്‍ഷം ലഭിക്കേണ്ട 14 ലക്ഷം ടണ്‍ അരിയും 2.25 ലക്ഷം ടണ്‍ അഡീഷണല്‍ അലോട്ടുമെന്റും നമുക്ക് ലഭിച്ചേ മതിയാകൂ. എങ്കില്‍ മാത്രമേ റേഷനിംഗ് സമ്പ്രദായം മുടക്കം കൂടാതെ മുമ്പോട്ടു കൊണ്ടുപോകാന്‍ കഴിയൂ. റേഷന്‍ മുടങ്ങാതെ കൊടുത്താല്‍ പൊതുവിപണിയിലെ അരിവില പൂര്‍ണമായും നിയന്ത്രണവിധേയമായിരിക്കും. സ്വകാര്യ കച്ചവടക്കാര്‍ക്കു ജനങ്ങളെ ചൂഷണം ചെയ്യാനുള്ള അവസരം ഒഴിവാകും. ആവശ്യമായ ഗോഡൗണുകള്‍ വാടകക്കു എടുക്കുകയും സ്ഥിരമായി ഗോഡൗണുകള്‍ നിര്‍മ്മിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുകയും വേണം. കയറ്റിറക്ക് തൊഴിലാളികളുടെ തൊഴില്‍ പ്രശ്‌നം പരിഹരിച്ച് റേഷന്‍ വിതരണം സുഗമമാക്കണം. റേഷന്‍ കാര്‍ഡ് സംബന്ധിച്ച 15 ലക്ഷത്തിലധികം പരാതികള്‍ക്ക് ഒരു മാസത്തിനകം പരിഹാരം കണ്ടെത്തണം.
അന്നത്തിന്റെ കാര്യത്തില്‍ സര്‍ക്കാര്‍ കാര്യം മുറപോലെയെന്ന സമീപനം സ്വീകരിക്കരുത്. ഏറ്റവും മുന്തിയ പരിഗണന നല്‍കി എന്തു സാഹചര്യത്തിലും അതു പരിഹരിക്കാന്‍ ഇച്ഛാശക്തി കാട്ടണം. അരിയും നോട്ടും തരാത്ത ഗവണ്‍മെന്റുകള്‍ക്ക് എതിരെ പ്രതിഷേധം സംസ്ഥാനത്തും രാജ്യത്തും ഉയരുമ്പോള്‍ കാഴ്ചക്കാരായി നില്‍ക്കാതെ ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് ഉയരുവാന്‍ സംസ്ഥാന- കേന്ദ്ര ഗവണ്‍മെന്റുകള്‍ക്കു സാധിക്കണം. അതിന് ഒരു നിമിഷം പോലും വൈകാന്‍ പാടില്ല.