Gulf
മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇയിലെത്തുമ്പോള്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ യു എ ഇ സന്ദര്‍ശിക്കുന്നത് മലയാളീ വാണിജ്യ, വ്യവസായ പ്രമുഖരിലും ആവേശം ഉണര്‍ത്തുന്നു. കേരളത്തില്‍ വന്‍തോതില്‍ ഗള്‍ഫില്‍ നിന്നുള്ള നിക്ഷേപത്തിന് വാതില്‍ തുറന്നിടണമെന്ന നിര്‍ദേശം മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് മുന്നോട്ടുവെച്ച നേതാവാണ് പിണറായി വിജയന്‍. രണ്ടു വര്‍ഷം മുമ്പ് അബുദാബിയില്‍ കൈരളി ടെലിവിഷന്‍ സംഘടിപ്പിച്ച സെമിനാറിലായിരുന്നു അത്. അന്ന്, എം എ യൂസുഫലി, ഡോ. ബി ആര്‍ ഷെട്ടി, രവി പിള്ള തുടങ്ങിയവര്‍ വേദിയിലുണ്ടായിരുന്നു.
“”വിവിധ മേഖലകളില്‍ കേരളത്തിന് വിദേശനിക്ഷേപം ആവശ്യമുണ്ട്. ഗള്‍ഫില്‍ നിന്നാകുമ്പോള്‍ തുറന്ന മനസോടെ നിക്ഷേപം സ്വീകരിക്കാന്‍ കഴിയും. ദുഷ്ട ലക്ഷ്യങ്ങളൊന്നും ഇവിടെയുള്ള നിക്ഷേപകര്‍ക്ക് ഉണ്ടാകാന്‍ വഴിയില്ല. അതേസമയം, നിക്ഷേപകര്‍ ലാഭം പ്രതീക്ഷിച്ചുകൊണ്ടാണ് എത്തുന്നതെന്ന ബോധ്യം കേരളീയ സമൂഹത്തിന് വേണം. ആരായാലും നിക്ഷേപം നടത്തുക ലാഭം പ്രതീക്ഷിച്ചുകൊണ്ടുതന്നെയാണ്. അതിനെ സര്‍വാത്മനാ അംഗീകരിക്കേണ്ടത് അനിവാര്യമാണ്”” ഇങ്ങനെയാണ് പിണറായിവിജയന്‍ കാഴ്ചപ്പാട് അവതരിപ്പിച്ചത്.
ഗള്‍ഫില്‍ കുറേ കാലം താമസിച്ച് നാട്ടിലേക്ക് മടങ്ങുന്നവരില്‍ പലരും, ചെറിയ തോതിലെങ്കിലും വ്യാപാരമോ വ്യവസായമോ തുടങ്ങാന്‍ ആഗ്രഹിക്കുന്നു. അത്തരക്കാരുടെ ആഗ്രഹ സഫലീകരണത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടികള്‍ ഉണ്ടാകണം. വ്യാപാര സ്ഥാപനം തുടങ്ങാന്‍ അനുയോജ്യമായ കാലാവസ്ഥയാണ് കേരളത്തിലുള്ളത്. വന്‍തോതില്‍ തൊഴിലന്വേഷകരും സഞ്ചാരികളും എത്തുന്ന പ്രദേശമാണ്. എന്നാല്‍, നാട്ടില്‍ നിന്ന് കുറേ കാലം വിട്ടുനിന്നവര്‍ക്ക്, ചതിക്കുഴികളെ കുറിച്ച് വലിയ ധാരണയില്ല. നാട്ടിലെ പുതിയ സാഹചര്യം പരിചയമില്ലാത്തവരെ ചൂഷണം ചെയ്യുന്നവര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പരിരക്ഷ തീര്‍ത്താല്‍, ലൈസന്‍സിനും മറ്റും ഏകജാലക സംവിധാനം ഓരോ ജില്ലയിലും ഏര്‍പെടുത്തിയാല്‍ കുറേ പേര്‍ക്ക് ആത്മവിശ്വാസം കൈവരും.
ഗള്‍ഫിലെ ജീവിത കാലയളവില്‍ നേടുന്ന തൊഴില്‍ വൈദഗ്ധ്യം നാട്ടില്‍ ശിഷ്ട ജീവിതത്തില്‍ പ്രയോജനപ്പെടുത്താന്‍ ഓരോരുത്തരും ആഗ്രഹിക്കുന്നു. പക്ഷേ വൈദഗ്ധ്യം തെളിയിക്കാന്‍ സാഹചര്യം ലഭിക്കാറില്ല. ചെറുകിട വ്യവസായ സംരംഭങ്ങള്‍, വിശേഷിച്ച് കുടില്‍ വ്യവസായങ്ങള്‍ വ്യാപകമായി ആരംഭിക്കാന്‍ സംസ്ഥാന ഭരണകൂടം പശ്ചാത്തല സൗകര്യം ഏര്‍പെടുത്തണം. ഇക്കാര്യത്തില്‍ ചൈനയെ മാതൃകയാക്കണം. എന്തുകൊണ്ടാണ് മൊബൈല്‍ഫോണ്‍ കമ്പനികള്‍ നിര്‍മാണത്തിന് ചൈനയെ ആശ്രയിക്കുന്നതെന്ന് വിലയിരുത്തണം.
അടിസ്ഥാന സൗകര്യമേഖലയിലേക്ക് വന്‍കിട നിക്ഷേപകരെ ക്ഷണിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. എം എ യൂസുഫലി, രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍ തുടങ്ങിയവര്‍ വലിയ ലാഭേച്ഛയോടെയല്ല, കേരളത്തിലെത്തുന്നതെന്ന് ഭരണകൂടത്തിന് ബോധ്യമായതാണ്. നിക്ഷേപകരെ ശത്രുക്കളായി കാണുന്ന ചിലരുടെ സമീപനം മുളയിലേ നുള്ളിക്കളയണം. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇച്ഛാശക്തിയുള്ള ഭരണാധികാരിയാണ്. വാണിജ്യ വ്യവസായ മേഖലയുടെ പുരോഗതി കേരളത്തിന്റെ മുന്നേറ്റത്തിന് അനിവാര്യമാണെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ടുതന്നെ, ഗള്‍ഫ് സന്ദര്‍ശനത്തിനെത്തുമ്പോള്‍, വാണിജ്യ സമൂഹം പ്രതീക്ഷയോടെയാണ് അദ്ദേഹത്തെ സ്വാഗതം ചെയ്യുന്നത്.