National
വ്യോമസേനയിലെ മുസ്ലിം സൈനികര്‍ താടി വളര്‍ത്തരുതെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: വ്യോമസേനയിലെ മുസ്ലിം സൈനികര്‍ താടി വളര്‍ത്തരുതെന്ന് സുപ്രീംകോടതി. സായുധസേനകളുടെ അച്ചടക്കവും യൂണിഫോമിറ്റിയും മതവിശ്വാസങ്ങള്‍ക്ക് വേണ്ടി ഒഴിവാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ചീഫ് ജസ്റ്റിസ് ടിഎസ് താക്കൂര്‍ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.
രാജ്യത്തെ സംരക്ഷിക്കുന്നതിനായ മതേതര കാഴ്ചപ്പാടോടെ പ്രവര്‍ത്തിക്കേണ്ടവരാണ് സായുധ സേനകള്‍. അതിന്റെ നയങ്ങളോ നിയന്ത്രണങ്ങളോ വിശ്വാസത്തിന്റെ പേരിലുള്ള വേര്‍തിരിവുകള്‍ക്ക് കാരണമാവരുത്. സായുധ സേനകളുടെ ഫലപ്രദമായ പ്രവര്‍ത്തനത്തിന് അതിലെ അംഗങ്ങള്‍ മത, ജാതി, വര്‍ഗ, വര്‍ണ, വ്യത്യാസമില്ലാതെ ഒരേ വികാരത്തോടെ പ്രവര്‍ത്തിക്കണമെന്നും കോടതി വ്യക്തമാക്കി.
താടി വളര്‍ത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യോമസേനയിലെ രണ്ട് മുസ്ലിം സൈനികര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് കോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്.