Eranakulam
വിവാഹ മോചനത്തിന് പൊതുനിയമം വേണം: ഹൈക്കോടതി
കൊച്ചി: രാജ്യത്ത് വിവാഹ മോചനത്തിനുവേണ്ടി ഏകീകൃത നിയമ സംവിധാനം ഏര്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണെന്ന് ഹൈക്കോടതി. മുസ്‌ലിം സമുദായത്തിലെ മുത്വലാഖിലൂടെയുള്ള വിവാഹ മോചനം ഖുര്‍ആന്‍ അനുശാസിക്കുന്ന തരത്തിലല്ല ഇന്ത്യയില്‍ നടക്കുന്നതെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുശ്താഖ് വ്യക്തമാക്കി. ത്വലാഖിലൂടെയുള്ള വിവാഹമോചനം കാരണം സമൂഹത്തിലെ താഴെതട്ടിലുള്ള മുസ്‌ലിം സ്ത്രീകള്‍ വളരെയധികം ദുരിതം അനുഭവിക്കാന്‍ ഇടയാക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹങ്ങള്‍ക്ക് പൊതു നിയമം രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര നിയമ മന്ത്രാലയത്തിനും നിയമ കമ്മീഷനും വിധിപകര്‍പ്പ് അയച്ചുകൊടുക്കാനും ഹൈക്കോടതി നിര്‍ദേശം നല്‍കി.
മതത്തിന്റെ പേരില്‍ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്കു മുന്നില്‍ സര്‍ക്കാര്‍ നിഷ്‌ക്രിയമാകരുത്. മുത്വലാഖ് നിയന്ത്രിക്കാന്‍ നിയമ നിര്‍മാണം വേണമെന്നും ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് മതത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്ന് മതപരമായ ആചാരങ്ങളില്‍ നിയമ നിര്‍മാണം നടത്തുന്നത് മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമല്ലെന്നും കോടതി ഓര്‍മപ്പെടുത്തി.
ശരിഅത്ത് അനുശാസിക്കുന്ന തരത്തിലല്ല ഇന്ത്യയില്‍ ഒറ്റത്തവണ മുത്വലാഖ് ചൊല്ലിയുള്ള വിവാഹ മോചനമെന്നും അനുരഞ്ജനത്തിനുള്ള ശ്രമങ്ങള്‍ കൂടാതെയും ഖുര്‍ആന്‍ അനുശാസിക്കുന്ന മൂന്ന് മാസത്തെ കാലയളവ് കണക്കിലെടുക്കാതെയുമാണ് നിലവിലെ വിവാഹ മോചനമെന്ന് കോടതി പറഞ്ഞു.
ത്വലാഖിന്റെ കാര്യത്തില്‍ പവിത്രവും നീതിപൂര്‍വകവുമായ രീതിയാണ് ഖുര്‍ആന്‍ അനുശാസിക്കുന്നത്. ഒരു ചെറിയ വിഭാഗം മതപണ്ഡിതന്മാരുടെ എതിര്‍പ്പ് ഭയന്ന് നിയമനിര്‍മാണത്തില്‍ നിന്ന് ഭരണകൂടം വിട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും മുസ്‌ലിം വിവാഹമോചന കാര്യത്തില്‍ നിയമിര്‍മാണം കൊണ്ടുവരുന്നത് മത സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമായി വ്യാഖ്യാനിക്കാനാകില്ലെന്നും കോടതി പറഞ്ഞു. ഏകീകൃത സിവില്‍ കോഡിനെതിരായ എതിര്‍പ്പുകള്‍ യഥാര്‍ഥ വസ്തുതകള്‍ മനസ്സിലാക്കാതെയാണെന്നും കോടതി അഭിപ്രായപ്പെട്ടു.
ഓരോരുത്തരുടെയും മത വിശ്വാസമനുസരിച്ച് വിവാഹ ബന്ധത്തില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കിക്കൊണ്ട് വിവാഹ മോചനത്തിന് മാത്രമായി പ്രത്യേക നിയമ നിര്‍മാണം നടത്തുന്നതാണ് അഭികാമ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിവാഹബന്ധം ഒരു തരത്തിലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായാല്‍ വിവാഹ മോചനത്തിന് അവസരമൊരുക്കുന്നതാകണം ഈ സംവിധാനം.
ത്വലാഖിലൂടെയുള്ള വിവാഹമോചനത്തിന്റെ അടിസ്ഥാനത്തില്‍ പാസ്‌പോര്‍ട്ടില്‍ നിന്ന് ഭര്‍ത്താവിന്റെ പേര് നീക്കണമെന്ന ആവശ്യം നിരസിച്ച പാസ്‌പോര്‍ട്ട് അധികൃതരുടെ ഉത്തരവ് ചോദ്യം ചെയ്തുള്ള ഒരു കൂട്ടം മുസ്‌ലിം സ്ത്രീകളുടെ ഹരജിയാണ് കോടതി പരിഗണിച്ചത്. ആധികാരിക രേഖകളുടെയോ കോടതി വിധികളുടെയോ അഭാവത്തില്‍ പാസ്‌പോര്‍ട്ടില്‍ നിന്ന് മുന്‍ ഭര്‍ത്താവിന്റെ പേര് നീക്കം ചെയ്യാനാകില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ചോദ്യം ചെയ്തായിരുന്നു ഹരജികള്‍.