Connect with us

Sports

തിടമ്പേറ്റാന്‍ കൊമ്പന്മാര്‍

Published

|

Last Updated

കോഴിക്കോട്: ഡല്‍ഹി ഡൈനാമോസെന്ന “സിംഹ”ത്തിന്റെ കടുത്ത ആക്രമണത്തെ ചെറുത്തുതോല്‍പ്പിച്ച ബ്ലാസ്റ്റേഴ്‌സെന്ന കൊമ്പന്‍ ഇത്തവണ തിടമ്പേറ്റുമോ ?.. ടൂര്‍ണമെന്റില്‍ ആദ്യഗോള്‍ കണ്ടെത്താന്‍ നാലാം മത്സരം വരെ കാത്തിരിക്കേണ്ടി വന്ന ബ്ലാസ്റ്റേഴ്‌സ്, പിന്നീട് നടത്തിയ സ്വപ്‌നസമാന കുതിപ്പ് കിരീടനേട്ടത്തില്‍ അവസാനിക്കുമോ?. മൂന്ന് വര്‍ഷത്തെ സൂപ്പര്‍ ലീഗിന്റെ ചരിത്രത്തില്‍ രണ്ടാം തവണ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും കിരീടത്തിനായി നേര്‍ക്കുനേര്‍ വരുമ്പോള്‍ അതൊരു പ്രതികാരത്തിന്റെ കോപ്പുകൂട്ടല്‍ കൂടിയാണ്. ആദ്യ സീസണ്‍ ഫൈനലില്‍ തങ്ങളെ പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കിയ കൊല്‍ക്കത്തക്കെതിരെ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതികാരമാണ് കൊച്ചിയിലെ കാണികള്‍ ആഗ്രഹിക്കുന്നത്.
ആദ്യ സീസണ്‍ ഫൈനലില്‍ കൊല്‍ക്കത്തക്ക് വേണ്ടി 74 ാം മിനുട്ടില്‍ മുഹമ്മദ് റാഫിക്ക് പകരക്കാരനായിറങ്ങിയ റഫീഖ് 90ാം മിനുട്ടില്‍ നേടിയ ഗോളാണ് അന്ന് ബ്ലാസ്റ്റേഴ്‌സിന്റെ സ്വപ്‌നം തകര്‍ത്തത്. ആ രണ്ട് പേരും ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിലാണെന്നതും ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പമായിരുന്നു ഇയാന്‍ ഹ്യൂമും പിയേഴ്‌സണും കൊല്‍ക്കത്തക്ക് വേണ്ടി ബൂട്ടണിയുന്നു എന്നതുമടക്കമുള്ള യാദൃശ്ചികതകൊണ്ട് സമ്പന്നമാണ് ഇന്നത്തെ മത്സരം. കൊച്ചിയിലെ അരലക്ഷത്തിലേറെ വരുന്ന കാണികളുടെ നിര്‍ലോഭമായ പിന്തുണ ബ്ലാസ്റ്റേഴ്‌സിനെ കിരീടത്തിലേക്കെത്തിക്കുമെന്ന് തന്നെയാണ് ടീമിന്റെ വിശ്വാസം.
ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റുമായി തോല്‍വിയോടെ തുടങ്ങിയ ബ്ലാസ്റ്റേഴ്‌സ് നാലാം മത്സരത്തില്‍ മുംബൈ സിറ്റിക്കെതിരെ കൊച്ചിയില്‍ നടന്ന മത്സരത്തിലാണ് ആദ്യ ഗോള്‍ കണ്ടെത്തുന്നത്. സെമിയില്‍ കടന്ന നാല് ടീമുകളില്‍ അടിച്ചതിനേക്കാളേറെ ഗോളുകള്‍ വഴങ്ങിയ ടീമും ബ്ലാസ്റ്റേഴ്‌സ് തന്നെ. തുടര്‍ച്ചയായ അഞ്ച് ഹോം വിജയങ്ങള്‍ എന്ന റെക്കോര്‍ഡും ഫൈനലിലേക്കുള്ള കുതിപ്പില്‍ ബ്ലാസ്റ്റേഴ്‌സിനുണ്ട്. ലീഗ് റൗണ്ടിലെ 14 മത്സരങ്ങളില്‍ ആറ് വിജയങ്ങളില്‍ എഫ് സി ഗോവക്കെതിരെ മാത്രമാണ് എവേ മാച്ച് വിജയമുള്ളത്. ആറ് വിജയം, നാല് സമനില, നാല് തോല്‍വിയടക്കം 22 പോയിന്റുമായി രണ്ടാം സ്ഥാനക്കാരായാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമിയിലേക്കുള്ള കുതിപ്പ്.
അതേസമയം, ഐ എസ് എല്‍ ചരിത്രത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന അത്‌ലറ്റിക്കോ ആദ്യ സീസണില്‍ കിരീടം നേടിയപ്പോള്‍ രണ്ടാം സീസണില്‍ സെമി ഫൈനലിലെത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് അവസാന സ്ഥാനക്കാരായിട്ടാണ് ഫിനിഷ് ചെയ്തത്.
ലീഗ് റൗണ്ടിലെ 14 മത്സരങ്ങളില്‍നിന്ന് നാല് വിജയം, എട്ട് സമനില, രണ്ട് തോല്‍വിയടക്കം 20 പോയിന്റുമായി നാലാം സ്ഥാനക്കാരായാണ് കൊല്‍ക്കത്ത സെമിയിലെത്തിയത്.
ഐ എസ് എല്ലില്‍ ഇതുവരെ ഇരുടീമുകളും ഏഴ് തവണ പരസ്പരം ഏറ്റുമുട്ടിയപ്പോള്‍ ഒരു ജയം മാത്രമേ ബ്ലാസ്റ്റേഴ്‌സിന് നേടാന്‍ കഴിഞ്ഞിട്ടുള്ളൂ. ആദ്യ സീസണില്‍ കൊല്‍ക്കത്തയില്‍ 1-1ന് സമനില. കൊച്ചിയില്‍ 2-1ന് ബ്ലാസ്റ്റേഴ്‌സിന് വിജയം. ഫൈനലില്‍ ബ്ലാസ്റ്റേഴ്‌സിന് ഏക ഗോള്‍ തോല്‍വി. രണ്ടാം സീസണില്‍ കൊല്‍ക്കത്തയില്‍ മത്സരം 2-1ഉം കൊച്ചിയില്‍ 3-2ഉം അത്‌ലറ്റിക്കോക്കായിരുന്നു വിജയം.
ഇത്തവണ ലീഗ് റൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒക്‌ടോബര്‍ അഞ്ചിന് കൊച്ചിയില്‍ നടന്ന മത്സരത്തില്‍ 1-0ന് കൊല്‍ക്കത്ത ജയിച്ചു. നവംബര്‍ 29ന് കൊല്‍ക്കത്തയില്‍ നടന്ന മത്സരം 1-1ന് സമനിലയില്‍ പിരിഞ്ഞു.
കളിയേക്കാളേറെ കളത്തിന് പുറത്തെ “ആശാന്മാ”രുടെ തന്ത്രങ്ങള്‍ ഇന്നത്തെ ഫൈനല്‍ വിജയം ഉറപ്പിക്കുന്നതില്‍ നിര്‍ണായകമാകുമെന്നതില്‍ സംശയമില്ല. തന്ത്രങ്ങളുടെ ആശാന്മാരായ സ്റ്റീവ് കോപ്പലും ഹോസെ മൊളിനയും ഫൈനലിലേക്ക് ഒരുക്കിവെച്ചിരിക്കുന്ന തന്ത്രങ്ങളെന്തെന്ന് ഇന്നത്തെ സായാഹ്നം മറുപടി നല്‍കും.

Latest